ബിക്കാനീറില്‍ ഭൂമി വാങ്ങാന്‍ ലഭിച്ച പണത്തിന്റെ ഉറവിടം കൃത്യമായി ഓര്‍മ്മയില്ല; വഴിവിട്ട രീതിയില്‍ ഇടപാട് നടത്തിയിട്ടില്ലെന്ന് റോബര്‍ട് വാദ്ര

Tuesday 14 January 2020 2:40 pm IST

ന്യൂദല്‍ഹി :  ബിക്കാനീര്‍ ഭൂമി ഇടപാടിനുള്ള പണം ലഭിച്ചതിന്റെ ഉറവിടം എന്തായിരുന്നെന്ന് വ്യക്തമായി ഓര്‍മയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. ബിക്കാനീര്‍ ഭൂമി ഇടപാടില്‍ റോബര്‍ട് വാദ്രയുടെ പണത്തിന്റെ ഉടവിടത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ ചോദ്യം ചെയ്യലിലാണ് റോബര്‍ട് വാദ്ര ഇത്തരത്തില്‍ പ്രതികരിച്ചത്. 

ബിക്കാനീറില്‍ ഗജ്‌നീര്‍,ഗോയല്‍റി എന്നീ രണ്ട് ഗ്രാമമാണ് റോബര്‍ട് വാദ്ര വാങ്ങിയത്. എന്നാല്‍ ഗൂഗിള്‍ മാപ്പ് വഴിയാണ് താന്‍ സ്ഥലം വാങ്ങിയത്. അത് വാങ്ങുന്നതിനുള്ള പണം ലഭിച്ചത് സംബന്ധിച്ച് എവിടെ നിന്നാണെന്ന് കൃത്യമായി അറിയില്ലെന്നുമാണ് റോബര്‍ട് വാദ്ര മറുപടി നല്‍കിയത്. 

വിഷയത്തില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. 2017ല്‍ രാജസ്ഥാന്‍ സര്‍ക്കാരാണ് കേസ് സിബിഐ അന്വേഷണത്തിന് വിടുന്നത്. സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് വാദ്ര. ഇതിനുവേണ്ടിയാണ് ബിക്കാനീര്‍ ഭൂമിയിടപാട് നടത്തിയത്. കമ്പനിക്കായി തുച്ഛമായ തുക നല്‍കി രണ്ട് ഗ്രാമം തന്നെ ഇവര്‍ സ്വന്തമാക്കുകയായിരുന്നു. 

ഗജ്‌നീര്‍, ഗോയല്‍റി എന്നീ ഗ്രാമങ്ങള്‍ 2010ല്‍ വെറും 72 ലക്ഷം രൂപ മാത്രം നല്‍കിയാണ് സ്‌കൈലൈറ്റ് ഗ്രൂപ്പ് വാങ്ങിയത്. എന്നാല്‍ 2012ല്‍ ഇത് 5.15 കോടിക്കാണ് മറിച്ചു നല്‍കിയത്. ഇത്തരത്തില്‍ ലഭിച്ച പണം ഉപയോഗിച്ച് ദല്‍ഹി സുഖ് വിഹാറില്‍ വാദ്രയുടെ കമ്പനി വീടും വാങ്ങി. 

അതേസമയം ബിക്കാനീറില്‍ ഭൂമി വാങ്ങിയത് സംബന്ധിച്ചുള്ള പണം ചിലപ്പോള്‍ കമ്പനിയുടെ വരുമാനം ഉപയോഗിച്ച് ആയിരിക്കാം. കൃത്യമായി അറിയില്ലെന്നു തന്നെയാണ് വാദ്രയുടെ മൊഴി. എന്നാല്‍ വഴിവിട്ട രീതിയില്‍ ഒരു ഇടപാടും ഇതില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം സ്‌കൈലൈറ്റില്‍ ഓഹരി നിക്ഷേപമുള്ള റോബര്‍ട് വാദ്രയുടെ അമ്മ മൗറീന്‍ വാദ്രയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. സ്‌കൈലൈറ്റ് ഗ്രൂപ്പില്‍ ഒരു ശതമാനം ഓഹരി മാത്രമാണ് മൗറീന് ഉള്ളത് ബാക്കി 99 ശതമാനവും റോബര്‍ട് വാദ്രയ്ക്കാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.