വിവാദ ഭൂമി ഇടപാട്: റോബര്‍ട് വാദ്രയുടെ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കും; 15 ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനമെന്ന് ഹരിയാന സര്‍ക്കാര്‍

Friday 20 September 2019 2:23 pm IST

ചണ്ഡീഗഢ് : റോബര്‍ട് വാദ്രയുടെ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുന്നു. റോബര്‍ട് വാദ്രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിസാര തുകയ്ക്ക് വാങ്ങിയ ഭൂമി വന്‍ തുകയില്‍ ഡിഎല്‍എഫിനു കൈമാറിയത് വിവാദം ആയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കമ്പനിയുടെ റിയല്‍എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ലൈസന്‍സാണ് റദ്ദാക്കുന്നത്. കേസില്‍ റോബര്‍ട് വാദ്രയ്ക്ക് തിരിച്ചടിയാകുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം. 

ഹരിയാന കോളനി വികസനത്തിനുള്ള സര്‍ക്കാരിന്റെ ലൈസന്‍സ് നേടിയ ശേഷം 7.5 കോടിക്ക് 3.5 ഏക്കര്‍ ഭൂമി വാങ്ങുകയും അത് പിന്നീട് 58 കോടിക്ക് ഡിഎല്‍എഫിന് മറിച്ചു നല്‍കുകയും ചെയ്തതാണ് കേസ്. നിയമ വിരുദ്ധമായി ഭൂമി വിലയില്‍ നിന്നും കുറച്ചാണ് വാദ്രയുടെ കമ്പനി ഇടപാട്് നടത്തിയതെന്നാണ് ആരോപണം. 15 ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഭൂമി ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവാദങ്ങളാണ് വാദ്രയുടെ ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് ഹരിയാന ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ്  ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കെ.എം. പാണ്ടുരങ് അറിയിച്ചു. 

വാദ്രയുടെ ഹരിയാനയിലെ ഭൂമി ഇടപാടുകള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. 1975 ഹരിയാന ഡവലപ്‌മെന്റ് ആന്‍ഡ് റഗുലേഷന്‍ അര്‍ബന്‍ ഏരിയസ് ആക്ട് പ്രകാരമാണ് നടപടികള്‍ സ്വീകരിച്ചു വരുന്നത്. ഇതുസംബന്ധിച്ചുള്ള ഇരു വിഭാഗങ്ങളുടേയും വാഗ്വാദങ്ങള്‍ പരിശോധിച്ചു വരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.