വിജയം സമ്മാനിച്ചത് രോഹിത്-രാഹുല്‍ സഖ്യം

Monday 8 July 2019 4:47 am IST

ലീഡ്‌സ്: ലോകകപ്പിലെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ആധികാരിക വിജയം സമ്മാനിച്ചത് ഓപ്പണിങ് ജോഡികളായ രോഹിത് ശര്‍മ- കെ.എല്‍. രാഹുല്‍ സഖ്യം. 265 റണ്‍സ്് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചു.

ആദ്യ വിക്കറ്റില്‍ ഇവര്‍ അടിച്ചുകൂട്ടിയ 189 റണ്‍സ് ഇന്ത്യയുടെ വിജയം അനായാസമാക്കി. രണ്ട് പേരും സെഞ്ചുറി കുറിച്ചു. രോഹിത് ശര്‍മ 94 പന്തില്‍ പതിനാല് ഫോറും രണ്ട് സിക്‌സറും അടക്കം 103 റണ്‍സ് എടുത്തു. ഈ ലോകകപ്പില്‍ ശര്‍മയുടെ അഞ്ചാം സെഞ്ചുറിയാണിത്. ഇത്് റെക്കോഡാണ്.

കെ.എല്‍. രാഹുല്‍ 118 പന്തില്‍ പതിനൊന്ന് ഫോറും ഒരു സിക്‌സറും അടക്കം 111 റണ്‍സ് കുറിച്ചു. ലോകകപ്പില്‍ രാഹുലിന്റെ ആദ്യ സെഞ്ചുറിയാണിത്.

ആദ്യ വിക്കറ്റില്‍ രാഹുലും രോഹിതും നേടിയ 189 റണ്‍സ് ലോകകപ്പില്‍ ഒന്നാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ രാഹുലും രോഹിതും കുറിച്ച 180 റണ്‍സിന്റെ റെക്കോഡാണ് തകര്‍ന്നത്.

രോഹിതാണ് ആദ്യം പുറത്തായത്. രജിതയ്ക്ക് വിക്കറ്റ് സമ്മാനിച്ചു. രാഹുല്‍ മലിംഗയ്ക്ക് കീഴടങ്ങി.നാലാമനായി ക്രീസിലെത്തിയ പന്ത് വന്നത് പോലെ തിരിച്ചുപോയി. നാല് പന്തില്‍ നാല് റണ്‍സാണ് നേട്ടം. ഉഡാനയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (34) ഹാര്‍ദിക് പാണ്ഡ്യയും (7) പുറത്താകാതെ നിന്ന് ടീമിന് ഏഴു വിക്കറ്റ് വിജയം സമ്മാനിച്ചു. സ്‌കോര്‍: ശ്രീലങ്ക 50 ഓവറില്‍ ഏഴു വിക്കറ്റിന് 264, ഇന്ത്യ 43.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 265.ഈ വിജയത്തോടെ ഇന്ത്യ ഒമ്പത് മത്സരങ്ങളില്‍ പതിനഞ്ചു പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.