അവിസ്മരണീയമാക്കുന്ന അനുഭവങ്ങള്‍

Thursday 10 October 2019 3:13 am IST
വിജയദശമി ആഘോഷത്തോടനുബന്ധിച്ച് ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നാഗ്പൂരില്‍ ചെയ്ത പ്രഭാഷണം

വര്‍ഷത്തിന് വളരെ സവിശേഷതയുണ്ട്. ഗുരുനാനാക്കിന്റെ 550-ാം ജന്മവാര്‍ഷികവും മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവും ഈ വര്‍ഷമാണ് ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദത്തോപാന്ത് ഠേംഗ്ഡിജിയുടെ 100-ാം ജന്മവാര്‍ഷികാചരണം നവംബര്‍ 10 മുതല്‍ ആരംഭിക്കുകയാണ്. 

മെയ് മാസത്തിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. വൈവിധ്യങ്ങള്‍ നിറഞ്ഞ വിശാലമായ രാജ്യം വളരെ മികച്ചരീതിയില്‍ സമയബന്ധിതമായും ചിട്ടയോടുംകൂടി തെരഞ്ഞെടുപ്പ് നടത്തി എന്നതായിരുന്നു അതിനു പ്രധാനകാരണം. 2014 ലെ തെരഞ്ഞെടുപ്പ്ഫലം നിലവിലുണ്ടായിരുന്ന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തായിരുന്നു. എന്നാല്‍ ജനം തങ്ങളുടെ മുന്നോട്ടുള്ള പ്രയാണം ഏത് ദിശയിലേക്കായിരിക്കണം എന്നത് നിശ്ചയിച്ചു കഴിഞ്ഞുവെന്നാണ് 2019 ലെ തെരഞ്ഞെടുപ്പ് ഫലം കാണിച്ചത്. അതും ലോകശ്രദ്ധയാകര്‍ഷിച്ചു. ജനങ്ങള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. ജനാധിപത്യം എന്നത് പുറത്തുനിന്ന് ഇറക്കുമതി ചെയ്ത അപരിചിതമായ ഒന്നല്ല, മറിച്ച് അത് നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിലൂടെ, അനുഭവങ്ങളിലൂടെ, സ്വാതന്ത്ര്യാനന്തരകാലഘട്ടത്തില്‍ നേടിയ പ്രബുദ്ധതയിലൂടെ ദേശീയ മനസ്സില്‍ രൂപംകൊണ്ട ഒന്നാണെന്ന് അതുതെളിയിച്ചു. ജനാധിപത്യത്തെ മുറുകെപിടിച്ച് മുന്നോട്ട് പോകാന്‍ ജനത ദൃഢനിശ്ചയം എടുക്കുകയും ചെയ്തു. ഇത് എല്ലാവരുടെയും ശ്രദ്ധ കവര്‍ന്നിട്ടുണ്ടാകും. ജനത ഒരു പുതിയ സര്‍ക്കാരിനെ തെരെഞ്ഞെടുത്തിരിക്കുന്നു. അതും കഴിഞ്ഞതവണ നല്‍കിയതിനേക്കാള്‍ കൂടുതല്‍ അംഗബലത്തോടെ. അതിനര്‍ത്ഥം കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അവര്‍ തൃപ്തരാണെന്നും ഭാവിയെക്കുറിച്ച് അവര്‍ക്ക് ശുഭപ്രതീക്ഷകള്‍ ഉണ്ടെന്നുമാണ്.

ജനത തങ്ങളില്‍ അര്‍പ്പിച്ച വിശ്വസം കാത്തുസൂക്ഷിക്കാനും   രാഷ്ട്രതാല്പര്യങ്ങളെ സംരക്ഷിക്കാനുമുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് 370-ാം വകുപ്പ് റദ്ദ്‌ചെയ്ത നടപടിയിലൂടെ പുതിയ ഭരണ നേതൃത്വം തെളിയിച്ചിരിക്കുന്നു. 370-ാം വകുപ്പ് റദ്ദാക്കുക എന്നത് ഭരണകക്ഷിയുടെ അജണ്ടയില്‍ തുടക്കം മുതലേയുള്ള കാര്യമാണ്. ഇത്തവണ ഇരുസഭകളിലും വളരെ സമര്‍ത്ഥമായി മറ്റ് പാര്‍ട്ടികളുടെ പിന്തുണനേടിയും പൊതുജനാഭിപ്രായം ഇതിനനുകൂലമായി സ്വരൂപിച്ചും കേന്ദ്രസര്‍ക്കാര്‍ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഭരണകക്ഷി അംഗങ്ങളും, പൊതുജനവികാരത്തെ മാനിച്ച് മറ്റ് പാര്‍ട്ടികളിലെ അംഗങ്ങളും ഇക്കാര്യത്തില്‍ പ്രശംസ അര്‍ഹിക്കുന്നുണ്ട്. 370-ാം വകുപ്പിന്റെ മറവില്‍ കശ്മിരില്‍ ഉണ്ടായ അനീതികള്‍ക്ക് അന്ത്യം കുറിക്കുകയും ഇതിന്റെ പേരില്‍ നിഷേധിക്കപ്പെട്ട നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ്‌വരുത്തുകയും ചെയ്യുമ്പോഴാണ് ഈ റദ്ദാക്കല്‍ നടപടി ഫലവത്തായി മാറുക.

അന്യായമായി പുറത്താക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുകയും സുരക്ഷിതരും നിര്‍ഭയരും ദേശസ്‌നേഹികളുമായ ഹിന്ദുക്കളായി അവരെ തുടര്‍ന്ന് ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതോടെയാണ് അത് ഉണ്ടാവുക. കശ്മീര്‍ നിവാസികള്‍ക്ക് ഇതുവരെ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം. തെറ്റായ പ്രചാരണങ്ങള്‍ താഴ്‌വരയിലെ സഹോദരങ്ങളുടെ മനസ്സില്‍ പകര്‍ന്നിട്ടുണ്ട്. 370-ാം വകുപ്പ് അസാധുവാക്കിയാല്‍ അവരുടെ സ്വത്തിനും ഭീഷണിയുണ്ട് എന്ന പ്രചാരണം നടത്തുന്നു. ഈ ഭയം ഇല്ലാതാക്കിയാല്‍ സാഹോദര്യത്തോടെ രാജ്യത്തിന്റെ വികസനത്തിനായി അവരുടെ കടമകള്‍ നിര്‍വഹിച്ചുകൊണ്ട് ഭാരതത്തിലെ മറ്റു ജനവിഭാഗങ്ങളുമായി യോജിച്ചു ജീവിക്കാന്‍ അവര്‍ക്ക് കഴിയും. 

സപ്തംബര്‍ മാസത്തില്‍ ഭാരതത്തിന്റെ ശാസ്ത്രലോകം ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി. ഇതുവരെ പര്യവേഷണം ചെയ്യപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്റെ 'വിക്രം' ഇറങ്ങി. പ്രതീക്ഷിച്ചതുപോലെ ആദ്യ ദൗത്യം വിജയിച്ചില്ലെങ്കിലും ആദ്യ ശ്രമത്തില്‍തന്നെ വളരെയധികം നേട്ടം കൈവരിക്കാന്‍ സാധിച്ചുവെന്നത് അഭിമാനാര്‍ഹമാണ്. ഭാരതീയ ശാസ്ത്രജ്ഞന്‍മാരുടെ ധീരമായ ഈ ദൗത്യം രാജ്യത്തിന്റെ ബൗദ്ധിക ശക്തിയേയും ശാസ്ത്ര അഭ്യുന്നതിയേയും കഠിനപ്രയത്‌നത്തിലൂടെ ദൗത്യം പൂര്‍ത്തീകരിക്കാനുള്ള പ്രതിബദ്ധതയേയും വര്‍ദ്ധിപ്പിച്ചു. ജനതയുടെ പക്വതയോടെയുള്ള ബുദ്ധിപരമായ പ്രവര്‍ത്തനവും രാജ്യത്ത് ഉയര്‍ന്നുവന്ന അഭിമാനബോധവും സര്‍ക്കാരിന്റെ ഉറച്ച പ്രതിബദ്ധതയും ശാസ്ത്ര-വൈജ്ഞാനിക പ്രതിഭകളുടെ അനുഭവവും കഴിഞ്ഞവര്‍ഷത്തെ എക്കാലത്തേക്കും അവിസ്മരണീയമാക്കുന്ന സന്തോഷകരമായ അനുഭവങ്ങളായിരുന്നു.

                                                                                                                                      (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.