ആര്.എസ്.എസ് ഐ.ടി മിലന് ഗുരുപൂജ ഉത്സവം 18ന്; ജേക്കബ് തോമസ് ഐപിഎസ് അധ്യക്ഷത വഹിക്കും
കൊച്ചി: ആര്.എസ്.എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഐ.ടി മിലന് ശ്രീ ഗുരുപൂജ ഗുരുദക്ഷിണ ഉത്സവത്തില്‍ സംസ്ഥാന മുന്‍ വിജിലന്‍സ് മേധാവിയും ഡിജിപിയുമായ ജേക്കബ് തോമസ് ഐപിഎസ് അധ്യക്ഷത വഹിക്കും. 18ന് വൈകിട്ട് ഏഴിന് കാക്കനാട് മവേലിപുരം എം.ആര്.എ ഹാളിലാണ് പരിപാടി. ചടങ്ങില്‍ പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന് തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും.
ആര്‍എസ്എസ്സുമായി തനിക്ക് 23 വര്‍ഷത്തെ അടുപ്പമുണ്ടെന്നും ജേക്കബ് തോമസ് നേരത്തെ പറഞ്ഞിരുന്നു. ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല, സന്നദ്ധ സംഘടനയാണ്. 1996ല്‍ ഡല്‍ഹിയിലെ ഒരു സ്കൂളില്‍ നിന്നാണ് ആര്‍എസ്എസുമായുള്ള ബന്ധം തുടങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒ ആണ് ആര്‍എസ്എസ്. ആ പേര് കേള്‍ക്കുമ്പോഴേ ചിലര്‍ക്ക് തൊട്ടുകൂടായ്മയാണ്. അത് പരിഹരിക്കാനായി പ്രവര്‍ത്തിക്കുമെന്നും അദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്.എസ്.എസുകാരുടെ സംഘടനയാണ് ആര്.എസ്.എസ് ഐ.ടി മിലന്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് ഐ.ടി മിലന് ശാഖകളുള്ളത്.