ആര്‍എസ്എസ് മൂന്നാംവര്‍ഷ ശിക്ഷ വര്‍ഗ് നാഗപ്പൂരില്‍ തുടങ്ങി

Monday 14 May 2018 5:52 pm IST
വര്‍ഗില്‍ രാജ്യത്തെമ്പാടുംനിന്നുള്ള 708 പേരുണ്ട്. ജൂണ്‍ ഏഴിന് വര്‍ഗ് സമാപിക്കും.

നാഗപ്പൂര്‍: മൂന്നാംവര്‍ഷ സംഘ ശിക്ഷാ വര്‍ഗ് ഒരു സ്വയംസേവകന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാന നാഴികക്കല്ലാണെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ പറഞ്ഞു. അത് പക്ഷേ, സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് പോലെയല്ല. കാരണം നമ്മള്‍ പഠനത്തിന്റെ തുടര്‍ച്ചയിലാണ്, ആ യാത്ര ഒരിക്കലും അവസാനിക്കുന്നില്ല, നാഗപ്പൂരില്‍ ആര്‍എസ്എസ് പരിശീലനത്തിന്റെ അവസാന പടിയായ മൂന്നാം വര്‍ഷ സംഘ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രേഷിംബാഗിലെ ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതി മന്ദിര പരിസരത്തെ പ്രതിവര്‍ഷ വര്‍ഗില്‍ രാജ്യത്തെമ്പാടുംനിന്നുള്ള 708 പേരുണ്ട്.

ഈ വര്‍ഗില്‍ പങ്കാളിയാവുക ഓരോ സ്വയംസേവകന്റെയും സ്വപ്‌നമാണ്. ഈ വര്‍ഗിന് പ്രതേ്യക പ്രാധാന്യമുണ്ട്. കാരണം, പ്രഥമ സര്‍സംഘചാലക് ഡോ. ഹെഡ്‌ഗേവാറും രണ്ടാം സര്‍സംഘചാലക് ഗുരുജിയും ആയിരക്കണക്കിന് സ്വയംസേവകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പവിത്രമാക്കിയതാണ് ഇവിടം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളല്‍നിന്നുള്ള പ്രതിനിധികള്‍ ഒന്നിച്ച് ജീവിക്കുന്ന ഈ വര്‍ഗില്‍ നമുക്ക് യഥാര്‍ഥ ദേശീയ കാഴ്ചപ്പാട് ലഭ്യമാകും, സഹ സര്‍കാര്യവാഹ് പറഞ്ഞു.

രാജ്യത്ത് വിവിധലക്ഷ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുണ്‌ടെന്ന് വര്‍ഗിന്റെ ചുമതലവഹിക്കുന്ന സഹകാര്യവാഹ് മുകുന്ദ് പറഞ്ഞു. ചില സംഘടനകള്‍ പണം ലാക്കാക്കിയും ചിലവ പ്രസിദ്ധിക്കും പ്രവര്‍ത്തിക്കുന്നു. ആര്‍എസ്എസ് ചിട്ടവട്ടമുള്ള സംഘടനയാണ്. അടിത്തറ പ്രവര്‍ത്തകരാണ്. വ്യക്തിനിര്‍മിതിയാണ് പ്രവൃത്തി. അതിന് അവസാനമില്ല, അതിര്‍ത്തിയില്ല. തുടര്‍ പ്രവര്‍ത്തനമാണത്, അദ്ദേഹം പറഞ്ഞു.

ഇരുപത്തഞ്ചു ദിവസം സംഘടനയുടെ വിവിധ കാര്യങ്ങളില്‍ പരിശീലനമുണ്ട്. അതിനുപരി അനൗപചാരിക അനുഭവങ്ങള്‍ ഈ ദിവസങ്ങളിലുണ്ടാവുന്നത് വര്‍ഗിന് പുതിയ മാനം നല്‍കും. ഇത് ജീവിതത്തിലെ പറഞ്ഞറിയിക്കാനാവാത്ത സമ്പാദ്യമായിരിക്കും. സംഘശിക്ഷാ വര്‍ഗ് സമുദ്രംപോലെയാണ്. നമ്മുടെ പാത്രത്തിന്റെ ശേഷിപോലിരിക്കും എത്രത്തോളം അതില്‍നിന്ന് സ്വന്തമാക്കാമെന്നത്, അദ്ദേഹം തുടര്‍ന്നു.

സഹ സര്‍കാര്യവാഹ് വി. ഭാഗയ്യാ സ്വാഗതം പറഞ്ഞു. ജൂണ്‍ ഏഴിന് വര്‍ഗ് സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.