എല്ലാവര്‍ക്കും മനസിലാവുന്ന തരത്തില്‍ സംസ്‌കൃതം പഠിപ്പിക്കണം; സംസ്‌കൃതം അറിയാതെ ഭാരതത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ പ്രയാസമെന്ന് സര്‍ സംഘചാലക് മോഹന്‍ ഭഗവത്

Monday 22 July 2019 5:51 pm IST

നാഗ്പൂര്‍: ഭാരതത്തിലെ വനവാസി ഭാഷകളുള്‍പ്പടെ എല്ലാ ഭാഷകളിലും കുറഞ്ഞത് 30 ശതമാനം സംസ്‌കൃത പദങ്ങളടങ്ങിരിക്കുന്നു എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഭാരതത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് പഠിക്കുന്നതിന് പ്രധാനഘടകം സംസ്‌കൃതഭാഷയാണ്. അത് പഠിക്കാനുള്ള അവസരം ലഭിക്കാത്തതുകൊണ്ട് ഡോ. ബി.ആര്‍.അംബേദ്കര്‍ പോലും ദു:ഖിച്ചിരുന്നുവെന്ന് ഒരു പുസ്തക പ്രകാശന വേദിയില്‍ മോഹന്‍ ഭഗവത് പറഞ്ഞു.

' മൂന്നു നാലു മാസത്തിനുള്ളില്‍ പഠിക്കാന്‍ കഴിയാത്ത ഒരു ഭാഷയും നമ്മുടെ രാജ്യത്തില്ല. നമുക്ക് അറിയാത്ത ഭാഷയില്‍ ഒരു വ്യക്തി  നമ്മളോടു സംസാരിക്കുമ്പോള്‍ കുറഞ്ഞത് അതിന്റെ 'വികാരം' എങ്കിലും മനസിലാകാന്‍ കാരണം സംസ്‌കൃതമാണ് '. സംസ്‌കൃതം ഒരു സമ്പര്‍ക്ക ഭാഷയാണെന്ന് ഭഗവത് ചൂണ്ടിക്കാട്ടി. ' സംസ്‌കൃതം അറിവിന്റെ ഭാഷയാണ്. പുരാതന ജ്യോതിശാസ്ത്രം, കൃഷി, ആയുര്‍വേദം എന്നിവയെക്കുറിച്ചുള്ള എല്ലാ അറിവുകളും സംസ്‌കൃതത്തില്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ. ആധുനിക കാലത്തിനു മുമ്പുള്ള ഭാരതത്തിന്റെ ചരിത്രം പോലും സംസ്‌കൃതത്തില്‍ മാത്രമേ ലഭിക്കു '.

'എനിക്ക് സംസ്‌കൃതം പഠിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്, കാരണം എന്റെ രാജ്യത്തിന്റെയും ഇവിടുത്തെ ആളുകളെയും നമ്മുടെ പാരമ്പര്യങ്ങളെയും പാശ്ചാത്യ കൃതികളേയും പറ്റി വിവര്‍ത്തനം ചെയ്ത പതിപ്പുകളില്‍ നിന്നാണ് ഞാന്‍ മനസ്സിലാക്കിയത്, അവ ശരിയാണോ അല്ലയോ എന്ന് ഉറപ്പില്ല, അതിനാല്‍ സംസ്‌കൃതം അറിയാതെ ഭാരതത്തെ പൂര്‍ണമായി മനസിലാക്കാന്‍ പ്രയാസമാണെന്ന് ഡോ. ബാബാസാഹേബ് അംബേദ്കര്‍ പോലും പറഞ്ഞിരുന്നു '- മോഹന്‍ ഭഗവത് കൂട്ടിചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.