'അയോധ്യ വിധി അനുകൂലമാകുമെന്ന് പ്രതീക്ഷ; ദേശീയ പൗരത്വരജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കണം'; ഏകീകൃതസിവില്‍കോഡ് രാജ്യത്തിന് ഏറ്റവും പ്രധാനമെന്ന് ആര്‍എസ്എസ്

Sunday 20 October 2019 8:45 pm IST

ഭൂവനേശ്വര്‍: അയോധ്യാ കേസില്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി. ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാനുള്ള എല്ലാ പ്രതിബന്ധങ്ങളും നീങ്ങേണ്ടതുണ്ടെന്നും ഭൂവനേശ്വറില്‍ നടന്ന അഖില ഭാരതീയ കാര്യകാരി മണ്ഡലിന്റെ സമാപനദിനം വാര്‍ത്താസമ്മേളനത്തില്‍ സര്‍കാര്യവാഹ് പറഞ്ഞു. 

കോടതിക്ക് പുറത്ത് പ്രശ്‌നപരിഹാരത്തിന് നടന്ന ശ്രമങ്ങളെ പിന്തുണച്ച സര്‍കാര്യവാഹ്, ഒത്തുതീര്‍പ്പ് സാധ്യമായാല്‍ ഭാരതത്തിന്റെ അഭിമാനം ലോകത്തിന് മുന്നില്‍ ഉയരുമെന്നും പറഞ്ഞു. സമാധാന ശ്രമങ്ങളെ എക്കാലവും ആര്‍എസ്എസ് സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, അത് യാഥാര്‍ഥ്യമായില്ല. കേസാവട്ടെ ദീര്‍ഘകാലമായി കോടതിയില്‍ കെട്ടിക്കിടക്കുന്നു. ഇപ്പോള്‍ കോടതി നടപടികളെല്ലാം പൂര്‍ത്തിയായി. എല്ലാവരും കോടതി വിധി കാത്തിരിക്കുന്നു, സര്‍കാര്യവാഹ് പറഞ്ഞു. 

ദേശീയ പൗരത്വരജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് സര്‍കാര്യവാഹ് ആവശ്യപ്പെട്ടു. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയെന്നത് ഏതൊരു സര്‍ക്കാരിന്റെയും കടമയാണ്. അതിനാവശ്യമായ നയതീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ കൈക്കൊള്ളണം. നിലവില്‍ അസമില്‍ മാത്രം നടപ്പാക്കിയ പൗരത്വ രജിസ്റ്റര്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും കൊണ്ടുവരണമെന്നാണ് സംഘ നിലപാടെന്നും സര്‍കാര്യവാഹ് വിശദീകരിച്ചു. 

ഏകീകൃത സിവില്‍കോഡ് നടപ്പാക്കുകയെന്നത് ഏറെ പഴക്കം ചെന്ന ആവശ്യങ്ങളിലൊന്നാണ്. ഭരണഘടനാ നിര്‍മാണ സമയത്ത് തന്നെ നടപ്പാക്കേണ്ട കാര്യമായിരുന്നു. എല്ലാവര്‍ക്കും പ്രയോജനകരമായ ഏകസിവില്‍കോഡ് നടപ്പാക്കുകയെന്നത് ഏതൊരു രാജ്യത്തിനും അതിന്റെ പൗരന്മാര്‍ക്കും ഏറെ പ്രധാനമാണ്. കശ്മീരി പണ്ഡിറ്റുകള്‍ കശ്മീര്‍ വിടേണ്ടിവന്ന സാഹചര്യം സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലമുണ്ടായതാണ്. കശ്മീരിലെ സുരക്ഷാ അന്തരീക്ഷം മെച്ചപ്പെടുന്നതോടെ കശ്മീരി ഹിന്ദുക്കള്‍ക്ക് അവരുടെ വീടുകളിലേക്ക് തിരികെ പോകാനാകും, സര്‍കാര്യവാഹ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.