റബ്‌കോ: അഴിമതിയുടെ കേരള മോഡല്‍

Wednesday 12 February 2020 5:00 am IST
യോഗ്യതയുള്ള നിരവധി സഹകരണ സംഘങ്ങള്‍ പുറത്തു നില്‍ക്കുമ്പോഴാണ് നിയമപരമായുള്ള തെരഞ്ഞെടുപ്പും നടപടിക്രമങ്ങളും പാലിക്കാതെ റബ്‌കോയുടെ ബാദ്ധ്യത സര്‍ക്കാര്‍ സ്വയം ഏറ്റെടുത്തത്. പാര്‍ട്ടി പരിപാടിക്ക് വേണ്ടിയും സിപിഎം നേതാക്കന്മാരുടെ ആഡംബര ജീവിതത്തിനും ധൂര്‍ത്തിനുമായി പണം നഷ്ടപ്പെടുത്തിയ സഹകരണസംഘമാണ് റബ്‌കോ

കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് 2018 ഏപ്രില്‍ 25ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേരള സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ 247.69 കോടി രൂപ നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കില്‍  141.31 കോടി രൂപ നഷ്ടമുള്ള 14 ജില്ലാ ബാങ്കുകളെ ലയിപ്പിക്കാന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കി. എലിക്ക് മലയെ പ്രസവിക്കാന്‍ പറ്റുകയില്ല എന്ന തിരിച്ചറിവില്ലാതെയാണ് കാര്യങ്ങള്‍ നടക്കുന്നത്. സംസ്ഥാന ഭരണത്തിന്  പ്രൊജക്റ്റുകള്‍ ഉണ്ടാക്കുന്നതിനും പരിശോധിക്കുന്നതിനും ഇപ്പോള്‍ ഉള്ളത്രയും  ഉപദേശികള്‍ പോരാ എന്നത് വ്യക്തമാക്കുന്നതായിരുന്നു റിസര്‍വ് ബാങ്കിന്റെ  കത്ത്.

കത്ത് ലഭിച്ച ഉടന്‍ സംസ്ഥാന സഹകരണ ബാങ്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ രംഗത്ത് ഇറങ്ങി. 2018 മെയ് 15ന് ആലോചനായോഗം ചേര്‍ന്നു. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും, സഹകരണമന്ത്രിയും സെക്രട്ടറിയും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത മീറ്റിങ്ങിന്റെ തീരുമാന പ്രകാരം

സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള അപെക്‌സ് സൊസൈറ്റികളുടെ കടബാധ്യത ഏറ്റെടുത്ത്, സംസ്ഥാന സഹകരണ ബാങ്കിന്റെ എന്‍പിഎ (നിഷ്‌ക്രിയ ആസ്തി) കുറയ്ക്കുവാന്‍ തീരുമാനിച്ചു. മുഴുവന്‍ മുതലും പലിശയുടെ 80 ശതമാനവും എഴുതിത്തള്ളും എന്ന വ്യവസ്ഥയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടത്തി എന്‍പിഎ മറികടക്കാം എന്നതായിരുന്നു തീരുമാനം. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ രൂപീകരിക്കപ്പെട്ട അപെക്‌സ് സൊസൈറ്റികളുടെ എന്‍പിഎ വരുന്ന ബാധ്യത സര്‍ക്കാര്‍ അടച്ചു തീര്‍ക്കാമെന്ന്  തീരുമാനിച്ചുറപ്പിച്ചു. തുടര്‍ന്നാണ് റബ്‌കോ ചിത്രത്തിലെത്തുന്നത്. 

സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍  പ്രാഥമിക സഹകരണ സംഘങ്ങളുടെ ഉപരി സംഘങ്ങളായി  പ്രവര്‍ത്തിക്കുന്നതും പൂര്‍ണ്ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാനേജിങ് ഡയറക്ടറോ ജനറല്‍ മാനേജര്‍ ആയിരിക്കുന്നതുമായ ഉപരിസംഘമാണ്  അപെക്‌സ് സൊസൈറ്റികള്‍.

 ഒരു സാദാ സഹകരണ കമ്പനിയായ റബ്‌കോയെ മാനദണ്ഡങ്ങള്‍ പാലിക്കാതെ പിന്‍വാതിലിലൂടെ തിരുകി കയറ്റുകയായിരുന്നു. എന്‍പിഎ ആണെങ്കിലും ധാരാളം സ്ഥലവും കെട്ടിടങ്ങളും യന്ത്രങ്ങളും ഉള്ളതും നിലവില്‍ പ്രവര്‍ത്തനക്ഷമവുമായ  പരിയാരം മെഡിക്കല്‍  കോളേജിന്റെ കടബാധ്യതയാണ് സര്‍ക്കാര്‍ വീട്ടേണ്ടതെന്ന അഭിപ്രായം ഉയര്‍ന്നു വന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. 

റബ്‌കോയ്ക്ക് വേണ്ടി ചരടുവലിച്ചവര്‍

സിപിഎം നിയന്ത്രണത്തിലുള്ള ഒരു സഹകരണ കമ്പനി മാത്രമാണ് റബ്‌കോ. തുടര്‍ന്ന് റബ്‌കോയെ മാര്‍ക്കറ്റ് ഫെഡ്, റബര്‍ മാര്‍ക്ക് എന്നതിനൊപ്പം അപെക്‌സ് സംഘമായി പരിഗണിക്കാന്‍ തുടങ്ങി. സംസ്ഥാന സഹകരണ ബാങ്കിന്റെ കുടിശ്ശിക ലിസ്റ്റില്‍ പെട്ടതും അപ്രൈസല്‍ റിപ്പോര്‍ട്ട്, കറന്റ് വാല്യുവേഷന്‍ റിപ്പോര്‍ട്ട്, സാങ്കേതിക പരിശോധന റിപ്പോര്‍ട്ട് തുടങ്ങിയ നടപടികള്‍ പൂര്‍ത്തീകരിച്ചതും. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ നഷ്ടത്തിലായ അനേകം സഹകരണ സംഘങ്ങള്‍ ഇന്ന് സംസ്ഥാനത്തുണ്ട്. ഇവയില്‍ പലതിനും നല്ല ആസ്തിയും ജംഗമ വസ്തുക്കളുമുണ്ട്. ഇവ സര്‍ക്കാരിലേക്ക് പണയപ്പെടുത്താന്‍ പറ്റുന്നവരും ആണ്.

 ഇതിനായി നിരവധി അപേക്ഷകളാണ് സംസ്ഥാന സഹകരണ ബാങ്കില്‍ കെട്ടിക്കിടക്കുന്നത്. ഇത്തരത്തില്‍ യോഗ്യതയുള്ള നിരവധി സഹകരണ സംഘങ്ങള്‍ പുറത്തു നില്‍ക്കുമ്പോഴാണ് നിയമപരമായുള്ള തെരഞ്ഞെടുപ്പും നടപടിക്രമങ്ങളും പാ്യുലിക്കാതെ റബ്‌കോയുടെ ബാദ്ധ്യത സര്‍ക്കാര്‍ സ്വയം ഏറ്റെടുത്തത്. പാര്‍ട്ടി പരിപാടിക്ക് വേണ്ടിയും സിപിഎം നേതാക്കന്മാരുടെ ആഡംബര ജീവിതത്തിനും ധൂര്‍ത്തിനുമായി പണം നഷ്ടപ്പെടുത്തിയ സഹകരണ സംഘമാണ് റബ്‌കോ. കെടുകാര്യസ്ഥതയും അഴിമതിയും കാരണം മൂലക്കല്ല് നഷ്ടപ്പെട്ട് പൊളിഞ്ഞ് പാപ്പരായിരിക്കുന്ന റബ്‌കോ എന്ന സഹകരണ സംഘത്തിന്റെ  സ്വത്തുക്കളും കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്ക്, തൃക്കളത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, മഞ്ചേശ്വരം സര്‍വീസ് സഹകരണ ബാങ്ക്, വാഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തുടങ്ങി മറ്റ് നിരവധിയായ സ്വകാര്യ സ്ഥാപനങ്ങളും ഇതിനകം തന്നെ കോടതി വഴി കണ്ടുകെട്ടിയിട്ടുള്ളതാണ്. പ്രസ്തുത സംഘത്തിന്റെ അവസ്ഥ മനസിലാക്കിയ ധനകാര്യ വകുപ്പ് റബ്‌കോയ്ക്ക് പണം നല്‍കുന്നത് നഖശിഖാന്തം എതിര്‍ത്തു. സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്ക് മാത്രം പണം കിട്ടുന്ന ഏര്‍പ്പാടാണ് എന്ന  തോമസ് ഐസക് ഗ്രൂപ്പുകാരുടെ കര്‍ശന നിലപാട് ഇതിന് കാരണമായി. സംഘത്തിന് പണം നല്‍കുന്നത് ധാര്‍മിക ദുരന്തമായിരിക്കുമെന്ന്  ധനകാര്യ വകുപ്പ് ഫയലില്‍ എഴുതി.

ഇത്തരം സാധ്യതകള്‍ ഉപയോഗിച്ച് റബ്‌കോ വീണ്ടും പണം വാങ്ങുമെന്നും അതിനാല്‍ പണം നല്‍കാന്‍ സാധിക്കില്ലെന്നും 2018 ജൂണ്‍ ഒന്നിന് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ എഴുതി. ധനകാര്യമന്ത്രി തോമസ് ഐസക് അതില്‍ ഒപ്പും വച്ചു. റബ്‌കോയുടെ കടം എഴുതിത്തള്ളുക എന്ന മുഖ്യമന്ത്രിയുടെ ആഗ്രഹത്തിന് വേണ്ടി സംസ്ഥാന സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്നത് പോലെയാണ് കേരളത്തില്‍ ചട്ടങ്ങള്‍ നടപ്പിലാക്കിയത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത നടപടി ക്രമങ്ങളാണ് പിന്നീടങ്ങോട്ട് കടകംപള്ളി സുരേന്ദ്രന്റെ ഓഫീസ് നടത്തിയത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി അപേക്ഷകര്‍ കേരള സംസ്ഥാന സഹകരണ ബാങ്ക് മുമ്പാകെ വന്നിരുന്നുവെങ്കിലും 19/9 2018ന് ഗവണ്‍മെന്റ് സെക്രട്ടറി റബ്‌കോയ്ക്ക് കത്തെഴുതി. സപ്തംബര്‍ 29ന് തിരുവനന്തപുരത്ത് എത്തണമെന്നും റബ്‌കോയുടെ കടബാധ്യതകള്‍  സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോവുകയാണെന്നും  നിര്‍ബന്ധമായും കൃത്യസമയത്ത് തന്നെ എത്തണം എന്നുമായിരുന്നു കത്തില്‍. 

ധനമന്ത്രി ഇടഞ്ഞു, പിന്നെ ഇണങ്ങിധൂര്‍ത്തിന്റെ ആലസ്യത്തില്‍ ഉറങ്ങിക്കിടന്നിരുന്ന റബ്‌കോയെ സഹകരണ വകുപ്പ് വിളിച്ചുണര്‍ത്തി പണം പാസാക്കിയിട്ടുണ്ടെന്ന് അറിയിച്ചു. മാത്രമല്ല,  കുറച്ചു കാലത്തിനുള്ളില്‍ ഒരു ബിസിനസ് പ്ലാന്‍  തയ്യാറാക്കി സര്‍ക്കാരിന് തരണം എന്നും സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നും വാഗ്ദാനം നല്‍കി. റബ്‌കോയുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തത് യഥാര്‍ത്ഥത്തില്‍ നാനൂറ്‌കോടിയില്‍ പരം രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ 401.67 കോടി (2018 മാര്‍ച്ച് 31ന്) കേരളം ഇതുവരെ കേട്ട പാമോയില്‍ അഴിമതി, ഇടമലയാര്‍ അഴിമതി പാലാരിവട്ടം അഴിമതി, ലാവ്‌ലിന്‍ അഴിമതി തുടങ്ങിയവയെക്കാള്‍ എല്ലാം വ്യാപ്തിയുള്ളതാണ് റബ്‌കോ കുംഭകോണം. പണം നല്‍കുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയ ധനമന്ത്രി തോമസ് ഐസക്കിനോട് തീരുമാനം നിരന്തരമായി പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സഹകരണവകുപ്പ് കത്തയച്ചു. തുടര്‍ന്ന് കേരള സംസ്ഥാന സഹകരണ ബാങ്കിന് എന്‍പിഎ നിരക്ക് താഴ്ത്തുവാന്‍ ആവശ്യമായ മൂലധന പിന്തുണ  നല്‍കാന്‍ ധനവകുപ്പ് നിര്‍ദ്ദേശംവച്ചു. പണം റബ്കോയ്ക്ക് നല്‍കാന്‍  സാധിക്കില്ല. തുല്യമായ തുക മൂലധനമായി സംസ്ഥാന സഹകരണ ബാങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപിക്കാമെന്ന വ്യവസ്ഥയിലേക്ക് വിട്ടുവീഴ്ച ചെയ്തു.

പക്ഷേ തോമസ് ഐസക്കിന്റെ പുതിയ  ഓഫര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. സഹകരണ മന്ത്രി കടകംപള്ളിയും നിര്‍ദാക്ഷണ്യം തള്ളി. മൂലധന തീരുമാനം പുനപ്പരിശോധിക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍ തോമസ് ഐസക്കിനോട് വീണ്ടും ആവശ്യപ്പെട്ടു. 238.35 കോടി രൂപ റബ്‌കോയുടെ കുടിശ്ശിക വീട്ടുവാനായി തന്നെ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫയല്‍ ധനവകുപ്പിന് സമര്‍പ്പിച്ചു. ഇതിനകം തന്നെ പ്രതിപക്ഷ നേതാവിന്റെ പിന്തുണ മുഖ്യമന്ത്രി നേരിട്ട് ഉറപ്പിച്ചു എന്നാണ് കരുതേണ്ടത്. ധനകാര്യ മന്ത്രിയും സഹകരണ മന്ത്രിയും മുഖ്യമന്ത്രിയും മൂന്നു ഭാഗത്തായിരുന്നുകൊണ്ട് സംസ്ഥാനത്തിന്റെ ഖജനാവ് കൊള്ളയടിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെ കൂടെ ഗൗനിക്കുക എന്നത് കേരള സംസ്ഥാനത്തിലെ ഇരു മുന്നണി സംവിധാനത്തില്‍ ഒരു സ്ഥിരം നടപടിയാണ്. പാലാരിവട്ടം പാലത്തിലെ പ്രോസിക്യൂഷന്‍ അനുമതി വിഷയത്തിലും കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി  സര്‍ക്കാര്‍ നല്‍കാതിരുന്നതും അതിനുള്ള തെളിവാണ്.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ  കേരള ബാങ്ക് എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ലെന്ന് തിരിച്ചറിഞ്ഞ തോമസ് ഐസക് യാഥാര്‍ത്ഥ്യം മനസ്സിലാക്കി. കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പേര് മാറ്റുക എന്നല്ലാതെ പുതുതായി ഒന്നും സംഭവിക്കുന്നില്ല എന്നും പ്രവാസി നിക്ഷേപം അടക്കമുള്ള കാര്യങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്ന ചില ജില്ലാ ബാങ്കുകളുടെ ഉള്ള അവകാശം കൂടി നഷ്ടപ്പെടുകയാണെന്നും അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ടാണ് നാഴികയ്ക്ക് നാല്‍പ്പത് വട്ടം കേരളബാങ്ക് എന്നത് മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതിയാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്.

അവസാനം തോമസ് ഐസക് സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശം അംഗീകരിച്ചു. തന്റെ ധാര്‍മികവും ചട്ടപരവുമായ വാദങ്ങള്‍ ഒരു സങ്കോചവുമില്ലാതെ വിഴുങ്ങി. പക്ഷേ, ഒരു ഉപാധി വച്ചു. സര്‍ക്കാരിലേക്ക് സഹകരണ സംഘത്തിന്റെ വസ്തുവകകള്‍ പണയം നല്‍കിയാല്‍ പണം നല്‍കാമെന്ന വ്യവസ്ഥ തയ്യാറാക്കി. മുഴുവന്‍ വസ്തുക്കളും ജംഗമ വസ്തുക്കളും കോടതി അറ്റാച്ച് ചെയ്ത റബ്‌കോയ്ക്ക് പണയം വയ്ക്കാന്‍ ആകില്ല എന്നായിരുന്നു ധനമന്ത്രി കണ്ട സ്വപ്‌നം. എന്നാല്‍ അഴിമതിയുടെ തലതൊട്ടപ്പന്മാര്‍ 31/12/2018 ന് Go. (R-t)No 728/2018/Co-op എന്ന പണം നല്‍കാന്‍ ഉള്ള ആദ്യ ഉത്തരവ് വര്‍ഷത്തിന്റെ അവസാന ദിനത്തില്‍ ഇറക്കി. ആദ്യം പണം. പിന്നീട് ഈട് എഗ്രിമെന്റ് ഇതായിരുന്നു വിചിത്രമായ വ്യവസ്ഥ. ഇതിനെ നമുക്ക് വേണമെങ്കില്‍ അഴിമതിയുടെ കേരള മോഡല്‍ എന്ന് വിളിക്കാം. ഈ മോഡല്‍ നടപ്പിലാക്കിയപ്പോള്‍ പൊതുജനത്തിന് ആകെ നഷ്ടം നാനൂറ് കോടിയിലേറെ രൂപ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.