ശബരിമല വീണ്ടും സംഘര്‍ഷഭൂമിയാകുമെന്ന് ഉറപ്പിച്ച് പിണറായി സര്‍ക്കാര്‍; മണ്ഡലകാലത്തിന് ഒന്നരമാസം മുന്‍പേ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിനെ നിയമിച്ചു

Wednesday 9 October 2019 1:45 pm IST

തിരുവനന്തപുരം: യുവതി പ്രവേശനവിധിയും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ സമീപനങ്ങളിലും പ്രതിഷേധിച്ച് കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയും പമ്പയും നിലയ്ക്കലുമെല്ലാം സംഘര്‍ഷഭൂമിയായിരുന്നു. ഇക്കൊല്ലവും ഇതെല്ലാം പ്രതീക്ഷിച്ച് വീണ്ടും പിണറായി സര്‍ക്കാര്‍ നീക്കം തുടങ്ങി. യുവതി പ്രവേശന വിഷയത്തില്‍ സിപിഎം നയം തെറ്റായിരുന്നെന്ന് പാര്‍ട്ടി വ്യക്തമാക്കിയെങ്കിലും മുന്‍ നിലപാടില്‍ നിന്നു മുഖ്യമന്ത്രി പിണറായി പിന്നാക്കം പോയിരുന്നില്ല. ഇതിന്റെ ഭാഗമെന്നോണം മണ്ഡലകാലത്തിന് ഒന്നരമാസം മുന്‍പേ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുള്ള സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിനെ നിയമിച്ചു. മാനന്തവാടി സബ് കലക്റ്ററായിരുന്നു എന്‍.എസ്.കെ. ഉമേഷിനാണ് ചുമതല. നവംബര്‍ 17നാണ് മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിക്കുക. 

കഴിഞ്ഞ വര്‍ഷം ദേവികുളം സബ്കലക്റ്ററായിരുന്നു പ്രേംകുമാറിനായിരുന്നു അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ചുതലയയെങ്കിലും ഒടുവില്‍ സുരക്ഷ അടക്കം എല്ലാം കൈകാര്യം ചെയ്തതു പിണറായി സര്‍ക്കാര്‍ നിര്‍ദേശിച്ച പോലീസ് ഉദ്യോഗസ്ഥരെ ആയിരുന്നു. വിശ്വാസി പ്രക്ഷോഭത്തിന്റെ പേരില്‍ നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്യുകയും പിന്നീട് കള്ളക്കേസില്‍ കുടുക്കുകയും ചെയ്തിരുന്നു. 

തമിഴ്‌നാട് സ്വദേശിയായ ഉമേഷ് 2017 ഒക്ടോബര്‍ 17നാണ് മാനന്തവാടി സബ് കളക്ടറായി ചുമതലയേറ്റത്. രണ്ട് പ്രളയകാലങ്ങളിലും ദുരന്തമേഖലയില്‍ അദ്ദേഹം നടത്തിയ സ്തുത്യര്‍ഹ സേവനം ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. മാനന്തവാടിയില്‍ നിന്നും സ്ഥലം മാറ്റിയെങ്കിലും അദ്ദേഹത്തിന്റെ പുതിയ ചുമതല ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. മുസ്സൂറി ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലെ രണ്ട് വര്‍ഷ പരിശീലനത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ നിയമനമായിരുന്നു മാനന്തവാടിയിലേത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്ന ഇദ്ദേഹം മധുര സ്വദേശിയാണ്. എന്‍.എസ്.കെ.ഉമേഷും കോഴിക്കോട് സബ്കളക്ടര്‍ വി.വിഘ്‌നേശ്വരിയുമാണ് ഈ വര്‍ഷം വിവാഹിതരായിരുന്നു. ഫെബ്രുവരി അഞ്ചിന് തമിഴ്‌നാട് മധുര ചിന്നചൊക്കിക്കുളത്തു വച്ചായിരുന്നു വിവാഹം. വിഘ്‌നേശ്വരിയും മധുര സ്വദേശിനിയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.