ശബരിമല വിമാനത്താവള പദ്ധതി 'ഒളിച്ചുകടത്തി' പിണറായി സര്‍ക്കാര്‍; ലൂയിസ് ബര്‍ഗര്‍ കമ്പനി സര്‍ക്കാരിന് രഹസ്യമായി റിപ്പോര്‍ട്ട് നല്‍കി; പുറത്തുവരുന്നത് യോഹന്നാന്‍ സര്‍ക്കാര്‍ കൂട്ട്‌കെട്ട്

Friday 19 July 2019 7:22 pm IST

തിരുവനന്തപുരം: ശബരിമല ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കാനുള്ള വിമാനത്താവള പദ്ധതി വീണ്ടും പൊടിതട്ടിയെടുത്ത് പിണറായി സര്‍ക്കാര്‍. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമാണെന്ന് കണ്ടെത്തിയെന്നാണ് സര്‍ക്കാരിന്റെ വാദം.  വിമാനത്താവളത്തിന് ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനത്തിനായും പരിസ്ഥിതി ആഘാത പഠനത്തിനായും നിയോഗിച്ചിരുന്ന ലൂയിസ് ബര്‍ഗര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സര്‍ക്കാരിന് വേണ്ടി രഹസ്യമായി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ശബരിമലയുടെ പവിത്രത തകര്‍ക്കാനായി കണ്ണൂര്‍ വിമാനത്താവള മാതൃകയില്‍ ചെറുവള്ളി എസ്റ്റേറ്റിലെ 570 ഏക്കര്‍ ഭൂമി ഉപയോഗയോഗ്യമാക്കിയാണ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കുന്നതിന് പിണറായി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സ്വയം പ്രഖ്യാപിത ബിഷപ്പ് കെ.പി യോഹന്നാന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമാണെന്ന് സംബന്ധിച്ച് ഇക്കണോമിക്‌സ് ഫീസിബിലിറ്റി റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ടെന്നാണ് റാന്നി എംഎല്‍എയായ രാജു എബ്രാഹം പറയുന്നത്. ഡിജിസിഎ, കേന്ദ്ര വ്യോമയാന മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവരുടെ ക്ലിയറന്‍സ് ,വനം-പരിസ്ഥിതി വകുപ്പ് അനുമതി, കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അപ്രൂവല്‍, മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവയില്‍നിന്നൊന്നും ഇതുവരെ വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചിട്ടില്ല.

 കെ.പി യോഹന്നാന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവള പദ്ധതിക്ക് വിട്ടുനല്‍കില്ലെന്ന് അറിയിച്ചതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്. എന്നാല്‍, സിപിഎം നേതൃത്വവും യോഹന്നാനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഈ മലക്കംമറിച്ചിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.  വിമാനത്താവള പദ്ധതിക്കായി എരുമേലിക്ക് സമീപമുള്ള എസ്റ്റേറ്റ് നല്‍കാമെന്ന് ഒരു വര്‍ഷം മുന്‍പ് സഭ പ്രഖ്യാപനം നടത്തിയിരുന്നു. ശബരിമലയെ തകര്‍ക്കുന്ന പദ്ധതിയാകുമിതെന്ന് വിശ്വാസികള്‍ ഒന്നടങ്കം വ്യക്തമാക്കിയിരുന്നു.  ശബരിമലയുമായി ബന്ധപ്പെട്ട് വിവാദത്തിന് താത്പര്യമില്ലെന്നും അഭിപ്രായസമന്വയമില്ലെങ്കില്‍ ഭൂമി നല്‍കില്ലെന്നുമാണ് ബിലീവേഴ്‌സ് ചര്‍ച്ച് പറഞ്ഞിരുന്നത്.  എന്നാല്‍, വിമാനത്താവള പദ്ധതിയില്‍ പങ്കാളിത്തം ഉറപ്പാക്കി പദ്ധതി നടപ്പിലാക്കാനാണ് ബിലീവേഴ്‌സ് ചര്‍ച്ച് ശ്രമിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.