ഭക്തമനസ്സുകളില്‍ മായാത്ത മുറിപ്പാടുകള്‍, അഞ്ചോളം അയ്യപ്പഭക്തര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, രണ്ടായിരത്തോളം പേരെ ജയിലിലടച്ചു

Thursday 14 November 2019 10:55 am IST

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവിധി സൃഷ്ടിച്ച ആഘാതങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുനഃപരിശോധനാ ഹര്‍ജികൾ സുപ്രീംകോടതി ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ട് ഇന്ന് വിധി പ്രസ്താവിച്ചത്. വിശ്വാസിസമൂഹത്തിന്റെ ഉള്ളുലച്ച ഇടതുസര്‍ക്കാരിന്റെ സമീപനം ശബരിമലയില്‍ മാത്രമല്ല തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ മൊത്തം സാമ്പത്തിക അടിത്തറയെത്തന്നെ ബാധിച്ചതായാണ് സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. തീര്‍ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തവിധം ദേവസ്വംബോര്‍ഡിന്റെ സാമ്പത്തികനില തകരാറിലാണ്.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ കടുംപിടുത്തത്തിനെതിരെ സ്ത്രീകളടക്കം പതിനായിരക്കണക്കിന് ഭക്തര്‍ നാമജപവുമായി പ്രതിഷേധം ഉയര്‍ത്തി. ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ ജയിലിലായി, ആയിരക്കണക്കിന് കുടുംബങ്ങള്‍ മാസങ്ങളോളം പോലീസിന്റെ നിരന്തരപീഡനമേറ്റു നരകിച്ചു. ഇന്നും കണ്ടാലറിയാവുന്നവര്‍ എന്ന പേരില്‍ പോലീസ് എപ്പോള്‍ കേസില്‍പ്പെടുത്തുമെന്ന അവസ്ഥയിലാണ് പതിനായിരങ്ങള്‍.

ജീവന്‍ വെടിഞ്ഞവര്‍

ഒരു തീര്‍ഥാടനകാലം മുഴുവന്‍ നീണ്ടുനിന്ന ആചാരസംരക്ഷണയജ്ഞത്തിനിടെ അഞ്ചോളം അയ്യപ്പഭക്തര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പന്തളത്ത് ആചാരസംരക്ഷണത്തിനായി നാമം ജപിച്ചു നീങ്ങിയ ഭക്തനെ സിപിഎം ഓഫിസിനുമുകളില്‍ നിന്ന് കല്ലെറിഞ്ഞ് കൊന്നു. കരുനാഗപ്പള്ളിയില്‍ മകനെ പോലീസ് പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് അച്ഛന്‍ ആത്മഹത്യചെയ്തു, ഇതിനുപുറമേ തിരുവനന്തപുരത്തും കോഴിക്കോടുമൊക്കെ സര്‍ക്കാര്‍ നടപടിയില്‍ മനംനൊന്ത് ആത്മാഹൂതി ചെയ്തവര്‍ വേറെ.

എത്രയോ കേസുകള്‍, ജോലി നഷ്ടപ്പെട്ടവര്‍

ശബരിമല ആചാരസംരക്ഷണത്തിനായി രംഗത്തിറങ്ങിയതിന്റെ പേരില്‍ രണ്ടായിരത്തിപ്പന്ത്രണ്ടിലേറെ കേസുകളാണ് ഇതുവരെ പോലീസ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി രജിസ്റ്റര്‍ ചെയ്തത്. ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു അടക്കം രണ്ടായിരത്തിലേറെപ്പേരെ ജയിലിലടച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അടക്കം അറുപത്തിഏഴായിരത്തിതൊണ്ണൂറ്റിനാല് പേരെ കേസില്‍ പ്രതികളാക്കി. ഓരോ കേസിലും കണ്ടാലറിയാവുന്നവര്‍ എന്നപേരില്‍ നൂറും ഇരുനൂറും ചില കേസുകളില്‍ അതിലേറെയും പേരെ ഇനിയും പ്രതികളാക്കാനുള്ള തന്ത്രവും പോ

ലീസ് ഒരുക്കിയിട്ടുണ്ട്. അറസ്റ്റുചെയ്തവരെ ജ്യാമ്യത്തിലിറക്കാനായി കോടികളാണ് കെട്ടിവയ്‌ക്കേണ്ടിവന്നത്. നാമം ജപിച്ചതിന്റെ പേരില്‍ പത്തിലേറെ ഭക്തര്‍ക്ക് ജോലി നഷ്ടപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.