ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ ഉറച്ച് സിപിഎം; സ്ത്രീ സമത്വമാണ് വേണമെന്നതില്‍ ഉറച്ചു നില്‍ക്കുന്നെന്ന് പ്രകാശ് കാരാട്ട്

Thursday 14 November 2019 11:49 am IST

ന്യൂദല്‍ഹി: ശബരിമലയിലെ യുവതിപ്രവേശന വിധിയും അനുബന്ധകാര്യങ്ങളും വിശാല ബെഞ്ചിന് വിട്ടു സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഉത്തരവിട്ടിട്ടും യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ ഉറച്ച് സിപിഎം കേന്ദ്ര നേതൃത്വം. സ്ത്രീസമത്വമാണ് പാര്‍ട്ടിയുടെ നിലപാടെന്നു ശബരിമലയില്‍ യുവതി പ്രവേശനവിധി വിശാല ബെഞ്ചിന് വിട്ടെങ്കിലും മുന്‍വിധിക്ക് സ്റ്റേ ഇല്ലെന്നും സിപിഎം പിബി മെമ്പര്‍ പ്രകാശ് കാരാട്ട് പ്രതികരിച്ചു. 

ശബരിമല യുവതി പ്രവേശന ഉത്തരവ് പുനപരിശോധിക്കാന്‍ സുപ്രീം കോടതി ഇന്നു രാവിലെയാണ് ഉത്തരവിട്ടത്. യുവതി പ്രവേശന ഉത്തരവിനെതിരേസമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളിലാണ് അതി നിര്‍ണായക വിധി. ശബരിമല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നും കോടതി. മതത്തിന് പ്രാധാന്യമുണ്ടെന്നും മതവിശ്വാസം പരിഗണിക്കണമെന്നും വിധി. 

 ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് വിധി. 2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഇതിനെതിരേ സമര്‍പ്പിച്ച 56 പുനപരിശോധന ഹര്‍ജികളിലാണ് ഇന്നു വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു പുറമേ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗബെഞ്ചാണ് വിധിപറഞ്ഞത്. ബെഞ്ച് ഫെബ്രുവരി ആറിന് മൂന്നരമണിക്കൂറോളം വാദം കേട്ടശേഷമാണ് വിധിപറയാന്‍ മാറ്റിയത്. സ്ത്രീപ്രവേശവിധി പറഞ്ഞ ബെഞ്ചിലെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പകരമെത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.