ശബരിമലയില്‍ ജനങ്ങള്‍ അറിയേണ്ടാത്ത എന്ത് വിവരമാണ് പോലീസുകാര്‍ ആര്‍എസ്എസിന് ചോര്‍ത്തിയത്; അതിന് 'ആര്‍എസ്എസുകാര്‍ ഇന്ത്യക്കാരല്ലേ'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ജേക്കബ് തോമസ്

Thursday 18 July 2019 11:18 pm IST
ശബരിമലയില്‍ പോലീസുകാര്‍, ആര്‍എസ്എസുകാര്‍ക്ക് വിവരം ചോര്‍ത്തിക്കൊടുത്തു എന്നായിരുന്നു മുഖ്യമന്ത്രി പോലീസ് യോഗത്തില്‍ സംസാരിച്ചത്.

കൊച്ചി: ശബരിമല വിഷയത്തില്‍ ജനങ്ങള്‍ അറിയേണ്ടാത്ത എന്ത് വിവരമാണ് പോലീസ് ആര്‍എസ്എസിന് ചോര്‍ത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ വിജിലന്‍സ് മേധാവിയും ഡിജിപിയുമായ ജേക്കബ് തോമസ്. 

കാക്കനാട് മവേലിപുരം എം.ആര്‍.എ ഹാളില്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നടന്ന ഐ.ടി മിലന്‍ ഗുരൂപൂജ, ഗുരു ദക്ഷിണ മഹോല്‍സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിമര്‍ശിച്ചത്. 

ശബരിമലയില്‍ പോലീസുകാര്‍, ആര്‍എസ്എസുകാര്‍ക്ക് വിവരം ചോര്‍ത്തിക്കൊടുത്തു എന്നായിരുന്നു മുഖ്യമന്ത്രി പോലീസ് യോഗത്തില്‍ സംസാരിച്ചത്. എന്നാല്‍ ആര്‍എസ്എസുകാര്‍ ഇന്ത്യാക്കാരല്ലേ എന്ന് പ്രസംഗത്തിനിടെ ജേക്കബ് തോമസ് ചോദിച്ചു. ആര്‍എസ്എസുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ആര്‍എസ്എസ്സുമായി തനിക്ക് 23 വര്‍ഷത്തെ അടുപ്പമുണ്ടെന്നും ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല, സന്നദ്ധ സംഘടനയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 1996ല്‍ ദല്‍ഹിയിലെ ഒരു സ്‌കൂളില്‍ നിന്നാണ് ആര്‍എസ്എസുമായുള്ള ബന്ധം തുടങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒ ആണ് ആര്‍എസ്എസ്. ആ പേര് കേള്‍ക്കുമ്പോഴേ ചിലര്‍ക്ക് തൊട്ടുകൂടായ്മയാണ്. അത് പരിഹരിക്കാനായി പ്രവര്‍ത്തിക്കുമെന്നും അദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 

ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസുകാരുടെ സംഘടനയാണ് ആര്‍.എസ്.എസ് ഐ.ടി മിലന്‍.  കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് ഐ.ടി മിലന്‍ ശാഖകളുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.