നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് മണ്ഡലകാലം പിടിവള്ളി; അയ്യപ്പന്‍മാരെ കൊള്ളയടിക്കാന്‍ കച്ചകെട്ടി ഇത്തവണയും 'ആനവണ്ടി' സര്‍വ്വീസുകള്‍

Tuesday 12 November 2019 11:40 am IST
കോര്‍പറേഷന്റെ ശരാശരി കിലോമീറ്റര്‍ വരുമാനം 41 രൂപയാണെന്നിരിക്കേ, നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസില്‍ ഇതു 110 രൂപയാണ്. അതായത് മൂന്നിരട്ടിയോളം. യാതൊരു അടിസ്ഥാനസൗകര്യവുമൊരുക്കാതെ, തീര്‍ഥാടകരെ കുത്തിനിറച്ചാണു നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ആനവണ്ടി ഓടുന്നത്.

തിരുവനന്തപുരം: സര്‍വ്വീസിലിരിക്കുന്നവര്‍ക്കും പെന്‍ഷന്‍കാര്‍ക്കു പോലും വേതനം നല്‍കാനാകാതെ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസി മണ്ഡലകാലം പിടിവള്ളിയാക്കി വരുമാനനഷ്ടം നികത്താനൊരുങ്ങുന്നു. ഇതിനായി ശബരിമല അയ്യപ്പന്‍മാരില്‍ നിന്ന് അമിതനിരക്കായി വന്‍തുക ഈടാക്കാനാണ് കെഎസ്ആര്‍ടിയുടെ നീക്കം. 

കോര്‍പറേഷന്റെ ശരാശരി കിലോമീറ്റര്‍ വരുമാനം 41 രൂപയാണെന്നിരിക്കേ, നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസില്‍ ഇതു 110 രൂപയാണ്. അതായത്  മൂന്നിരട്ടിയോളം. യാതൊരു അടിസ്ഥാനസൗകര്യവുമൊരുക്കാതെ, തീര്‍ഥാടകരെ കുത്തിനിറച്ചാണു നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ആനവണ്ടി ഓടുന്നത്.

അധികയാത്രാക്കൂലി ഈടാക്കാതെതന്നെ നിലയ്ക്കല്‍-പമ്പ സര്‍വീസ് വന്‍ലാഭമാണെന്നിരിക്കേയാണു തീവെട്ടിക്കൊള്ളയ്ക്കുള്ള നീക്കം. ഈ റൂട്ടിലെ  ചെയിന്‍ സര്‍വീസ് മിക്ക ദിവസവും സാധാരണ സര്‍വീസുകളെക്കാള്‍ മൂന്നിരട്ടി വരുമാനം നേടി. 

2004-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിര്‍ത്തലാക്കിയ 30% അധിക ഉത്സവക്കൂലി കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഈ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. ശബരിമല യുവതീപ്രവേശന വിവാദങ്ങളുടെ മറവിലായിരുന്നു ഇത്. 

കഴിഞ്ഞ മൂന്നുവര്‍ഷമായി നിലയ്ക്കല്‍-പമ്പ പാതയില്‍ ഓടുന്നത് അധികവും കെയുആര്‍ടിസ. നോണ്‍ എസി, ലോ ഫ്ളോര്‍ ബസുകളാണ്. കെയുആര്‍ടിസി നിരക്കുകള്‍ നിശ്ചയിക്കുന്നതു പ്രത്യേക വിജ്ഞാപനത്തിലൂടെയാണ്. ഇതനുസരിച്ച്, 2018 ഫെബ്രുവരിയില്‍ ഗതാഗതവകുപ്പു പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ശബരിമല സര്‍വീസുകളില്‍ 30%  അധികയാത്രാക്കൂലിയോ 25% മലയോര (ഗാട്ട്) അധികനിരക്കോ ഈടാക്കാനാവില്ല.

കെഎസ്ആര്‍ടിസിയുടെ കണക്കില്‍ 21 കിലോമീറ്ററും മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്കില്‍ 19.5 കിലോമീറ്ററുമാണു നിലയ്ക്കല്‍-പമ്പ പാതയെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇവിടെ  22 രൂപയേ കെയുആര്‍ടിസി നോണ്‍ എസി, ലോ ഫ്ളോര്‍ ബസുകള്‍ക്ക്‌ ഈടാക്കാനാവൂ. എന്നാല്‍,  കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഈടാക്കിയതു 40 രൂപയാണ്. ശബരിമല സര്‍വീസുകളിലെ അമിതനിരക്കിനെതിരേ 1994 മുതല്‍ പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്റെ സ്ഥാപകന്‍ ജെയിംസ് വടക്കന്‍ പത്തിലധികം കേസുകള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

2017-ലെ തീര്‍ഥാടനകാലത്തു കെഎസ്ആര്‍ടിസിയുടെ വരുമാനം 13.5 കോടി രൂപയായിരുന്നെങ്കില്‍, കഴിഞ്ഞവര്‍ഷം അധികനിരക്കിലൂടെ ലഭിച്ചത് 50 കോടിയാണ്. യുവതീപ്രവേശന വിവാദത്തെത്തുടര്‍ന്ന് തീര്‍ഥാടകര്‍ കുറവായിരുന്നിട്ടും ലഭിച്ച ലാഭമാണിത്. 60 പേരെ കയറ്റാവുന്ന ബസില്‍ 40 പേരെ മാത്രം കയറ്റൂവെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, 120-150 തീര്‍ഥാടകരെ കുത്തിനിറച്ചായിരുന്നു സര്‍വീസ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.