മണ്ഡലകാലത്തിന് തുടക്കം; ശബരിമലനട മറ്റെന്നാള്‍ തുറക്കും; പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ കടത്തിവിടും

Thursday 14 November 2019 10:27 pm IST

 

 

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് തുടക്കംകുറിച്ച് ശബരിമല നട മറ്റെന്നാള്‍ തുറക്കും. പ്രധാന ഇടത്താവളമായ നിലക്കലും പമ്പയിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇത്തവണയും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം കടത്തിവിടാനാണ് അധികൃതരുടെ തീരുമാനം. 

തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലക്കല്‍ ബേസ് ക്യാമ്പില്‍ പാര്‍ക്ക് ചെയ്യണം. ഇതിനായി കൂടുതല്‍ പാര്‍ക്കിങ് സൗകര്യം തയ്യാറാക്കിയിട്ടുണ്ട്. പാര്‍ക്കിംഗിനായി 300 ഏക്കര്‍ സ്ഥലമാണ് ലഭ്യമാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 17 പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലായി ഒരേസമയം 9000 വാഹനങ്ങള്‍ക്കാണ് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നത്. ഇത്തവണ ഇതിനുപുറമേ 20,000 മുതല്‍ 30,000 വരെ ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിലയ്ക്കല്‍ ഗോശാലയ്ക്ക് സമീപം പുതിയതായി പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് എത്തുന്നതിനു പ്രത്യേകം പാതയും ഒരുക്കുന്നുണ്ട്. ഈ പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടെ ഒരേസമയം ചെറുതും വലുതുമായ 12,000 മുതല്‍ 15,000 വാഹനങ്ങള്‍ നിലയ്ക്കലിലെ വിവിധ സ്ഥലങ്ങളില്‍ 

പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. നിലക്കല്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാകും അനുവദിക്കുക. നിലക്കലില്‍ തീര്‍ത്ഥാടകര്‍ക്കായി 970 ശൗചാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി നിലക്കലില്‍ 130 വാട്ടര്‍ കിയോസ്‌ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് വിരിവെക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും ഉള്‍പ്പെടെ ചെറുതും വലുതുമായ ഒരു കോടിയോളം വാഹനങ്ങള്‍ തീര്‍ത്ഥാടന കാലയളവില്‍ നിലയ്ക്കല്‍ ഭാഗത്തത്തേക്ക് എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 

തീര്‍ത്ഥാടകരുടെ യാത്ര സുരക്ഷിതമാക്കുന്നതിന് 400 കിലോമീറ്റര്‍ വ്യാപ്തിയില്‍ സേഫ് സോണ്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനും അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കുന്നതിനും തകരാറുണ്ടാകുന്ന വാഹനങ്ങള്‍ മാറ്റി ഗതാഗത തടസം ഒഴിവാക്കി അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള സൗകര്യവും സേഫ് സോണ്‍ പദ്ധതിയിലൂടെ ലഭ്യമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.