സ്വാമി ശരണം; വിശ്വാസം കാത്ത് സുപ്രീം കോടതി; ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച വിധി പുനപരിശോധിക്കും, കേസ് ഏഴംഗ ബെഞ്ചിന്

Thursday 14 November 2019 1:42 pm IST

ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശന ഉത്തരവ് പുനപരിശോധിക്കാന്‍ സുപ്രീം കോടതി. യുവതി പ്രവേശന ഉത്തരവിനെതിരേസമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളിലാണ് അതി നിര്‍ണായക വിധി. ശബരിമല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നും കോടതി. മതത്തിന് പ്രാധാന്യമുണ്ടെന്നും മതവിശ്വാസം പരിഗണിക്കണമെന്നും വിധി. 

 ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് വിധി. 2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഇതിനെതിരേ സമര്‍പ്പിച്ച 56 പുനപരിശോധന ഹര്‍ജികളിലാണ് ഇന്നു വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു പുറമേ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗബെഞ്ചാണ് വിധിപറഞ്ഞത്. ബെഞ്ച് ഫെബ്രുവരി ആറിന് മൂന്നരമണിക്കൂറോളം വാദം കേട്ടശേഷമാണ് വിധിപറയാന്‍ മാറ്റിയത്. സ്ത്രീപ്രവേശവിധി പറഞ്ഞ ബെഞ്ചിലെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പകരമെത്തിയത്.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ പ്രഥമദൃഷ്ട്യാ കഴമ്പ് ഉണ്ടെന്ന് കണ്ട് ഭരണഘടന ബെഞ്ച് വിധി പുനഃപരിശോധിക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധനാ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച് കേരള സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയയ്ക്കാനും വിശദമായ വാദം തുറന്ന കോടതിയില്‍ കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചത്. സാധാരണ പുനഃപരിശോധനാ ഹര്‍ജികള്‍ മുമ്പ് വിധിച്ച ജഡ്ജിമാര്‍ സര്‍ക്കുലേഷന്‍ വഴി പരിഗണിക്കുന്ന ഏര്‍പ്പാടാണ് കോടതിയില്‍ നിലവിലുള്ളത്. ഇതില്‍ നിന്ന് വിഭിന്നമായി വാദം കേട്ട ബെഞ്ച് തന്നെ സമ്മേളിക്കുകയും 45 മിനിട്ട് പുനഃപരിശോധന ഹര്‍ജിയുടെ നിലനില്‍പ്പിന്റെ കാര്യം ഗഹനമായി ചര്‍ച്ചചെയ്തശേഷം വിധി പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

നേരത്തേ, അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കം നാല് പുരുഷ ജഡ്ജിമാരും സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ അനൂകൂലിച്ച് സ്ത്രീ പ്രവേശനം വേണ്ട എന്ന് വിധിയെഴുതിയത് ശ്രദ്ധേയമായി. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയുന്ന കേരളാ ഹിന്ദു പൊതു ആരാധനാ സ്ഥല പ്രവേശന ചട്ടത്തിലെ മൂന്നു ബി വകുപ്പ് കോടതി റദ്ദാക്കിയിരുന്നു. വിശ്വാസത്തില്‍ തുല്യതയാണ് ആവശ്യമെന്നും ശാരീരികവും ജൈവികവുമായ പ്രത്യേകതകള്‍ വിവേചനത്തിന് കാരണമാകരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാന്‍വില്‍ക്കറും എഴുതിയ വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

 ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധിച്ചത്.  എന്നാല്‍, കേസിലെ ഹര്‍ജിക്കാരായ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ഉന്നയിച്ച പ്രശ്‌നം എല്ലാ മതങ്ങളെയും ബാധിക്കുന്നതാണെന്ന് ബെഞ്ചിലെ ഏക വനിതാ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചൂണ്ടിക്കാട്ടിയിരുന്നു. മതവികാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതികള്‍ ഇടപെടാതിരിക്കുന്നതാകും ഉചിതമെന്നും അവര്‍ വിധിയെഴുതി. ശബരിമലയില്‍ ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ചരിത്രപരവും വിശ്വാസപരവും ആചാരങ്ങളുടെ ഭാഗവുമായി കണക്കാക്കണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17ന്റെ അകത്തു നിന്നുകൊണ്ടുള്ള ചെറിയ നിയന്ത്രണങ്ങള്‍ മാത്രമാണ് ശബരിമലയിലുള്ളത്. മറ്റെല്ലാ അയ്യപ്പ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തെയും ഇന്ദു മല്‍ഹോത്ര വിധിയില്‍ അംഗീകരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.