മൂന്നു ജഡ്ജിമാരുടെ ഈ വിധിയായിരിക്കും ഇനി ശബരിമലയില്‍ നടപ്പാക്കുക; വിശ്വാസത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും വിജയമെന്ന് എന്‍എസ്എസ്
കോട്ടയം: ശബരിമല യുവതി പ്രവേശന വിധിയിലെ പുനഃപരിശോധന ഹര്‍ജി ഭരണ ഘടനാബെഞ്ചിന്റെ ഏഴംഗ ബെഞ്ചിനു വിട്ടു കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെ എന്‍എസ്എസ് സ്വാഗതം ചെയ്തു. മൂന്നു ജഡ്ജിമാരുടെ ഈ വിധിയായിരിക്കും ഇനിയും ശബരിമലയില്‍ നടപ്പാക്കുന്നത്. വിശ്വാസത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും വിജയമായിട്ടാണ് വിധിയെ കാണുന്നതെന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല യുവതി പ്രവേശന ഉത്തരവ് പുനപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. യുവതി പ്രവേശന ഉത്തരവിനെതിരേസമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളിലാണ് അതി നിര്‍ണായക വിധി ഉണ്ടായത്. ശബരിമല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നും കോടതി വ്യക്തമാക്കി. മതത്തിന് പ്രാധാന്യമുണ്ടെന്നും മതവിശ്വാസം പരിഗണിക്കണമെന്നുമായിരുന്നു വിധി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് വിധി. 2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഇതിനെതിരേ സമര്‍പ്പിച്ച 56 പുനപരിശോധന ഹര്‍ജികളിലാണ് ഇന്നു വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു പുറമേ ജസ്റ്റിസുമാരായ ആര്.എഫ്. നരിമാന്, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗബെഞ്ചാണ് വിധിപറഞ്ഞത്. ബെഞ്ച് ഫെബ്രുവരി ആറിന് മൂന്നരമണിക്കൂറോളം വാദം കേട്ടശേഷമാണ് വിധിപറയാന്‍ മാറ്റിയത്. സ്ത്രീപ്രവേശവിധി പറഞ്ഞ ബെഞ്ചിലെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പകരമെത്തിയത്.