സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു, മുസ്ലീം ജനവിഭാഗങ്ങളെ കൂടി ബന്ധപ്പെടുത്തുന്ന രീതിയിൽ ശബരിമല വിഷയം ചർച്ച ചെയ്യപ്പെടുമെന്ന് പന്തളം കൊട്ടാരം

Thursday 14 November 2019 11:21 am IST

പന്തളം: ശബരിമല വിധി ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പന്തളം കൊട്ടാരം. വിധിയിൽ സന്തോഷവും ആഹ്ലാദവും അഭിമാനമുണ്ടെന്ന് പന്തളം കൊട്ടാരം നിർവ്വാഹകസമിതി അംഗം ശശികുമാര വർമ്മ വ്യക്തമാക്കി.  ലോകം മുഴുവനുള്ള അയ്യപ്പ ഭക്തന്മാരുടെ വികാരം അതേരീതിയിൽ ഉൾക്കൊണ്ടുകൊണ്ട് കേസ് മാറ്റുവാൻ അഞ്ചംഗ ബഞ്ച് തീരുമാനിച്ചിരിക്കുന്നു. 

അയ്യപ്പ ഭക്തജനങ്ങൾക്കെല്ലാം ഇത് ആശ്വാസകരവും സന്തോഷകരവുമാണെന്നും ശശികുമാര വർമ്മ അറിയിച്ചു. ഇന്ത്യയിലെ മുസ്ലീം ജനവിഭാഗങ്ങളെ കൂടി ബന്ധപ്പെടുത്തുന്ന രീതിയിൽ ശബരിമല വിഷയം ചർച്ച ചെയ്യപ്പെടുമെന്നും ശശികുമാര വർമ്മ പറഞ്ഞു.  അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ ഇനി വിശാല ബഞ്ച് പരിഗണിക്കുക. ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവും സമാനമായ എല്ലാ ഹര്‍ജികളും വിശാല ബഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.

അഞ്ചംഗ ബെഞ്ചില്‍ മൂന്നംഗങ്ങള്‍ മാത്രമാണ് ഹര്‍ജി ഏഴംഗ ബെഞ്ചിന് വിടാന്‍ അനുകൂല തീരുമാനമെടുത്തത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ നിലപാട് ആണ് ഹര്‍ജികളില്‍ നിര്‍ണ്ണായകമായത്. എന്നാല്‍ ജസ്റ്റിസ് റോഹിംഗന്‍ നരിമാനും, ഡി.വൈ ചന്ദ്രചൂഡും പുനപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിടുന്നതിനെ എതിര്‍ക്കുകയും ചെയ്തു.

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി വിധി പറഞ്ഞത് 2018 സെപ്തംബര്‍ 28 നായിരുന്നു. ഇതിന് ശേഷം വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 56 പുനപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. വിധിയില്‍ പുനപരിശോധന ആവശ്യമുണ്ടോ എന്ന കാര്യത്തിലാണ് സുപ്രീംകോടതിയില്‍ നിന്ന് തീര്‍പ്പ് പ്രതീക്ഷിക്കുന്നത്. ഹര്‍ജികളില്‍ ഫെബ്രുവരി ആറിന് കോടതി വാദം കേട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.