ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികളിലെ അന്തിമവിധി ഈ ആഴ്ച; അയോധ്യ വിധിയിലെ പരാമര്‍ശങ്ങള്‍ ശബരിമല കേസില്‍ നിര്‍ണായകമാകും

Tuesday 12 November 2019 11:34 am IST

ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളിലെ വിധി ഈ ആഴ്ച സുപ്രീംകോടതി പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മറ്റൊരു ഭരണഘടന ബെഞ്ചാണ് അന്തിമവിധി പ്രഖ്യാപിക്കുക.  വിധി പറയുന്നതിനായി അസമിലായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയും ഡല്‍ഹിയില്‍ മടങ്ങി എത്തിയിട്ടുണ്ട്. ഗുരു നാനാക്ക് ജയന്തിയുടെ അവധിക്ക് ശേഷം ഇനി കോടതി തുറക്കുന്നത് ബുധനാഴ്ചയാണ്. ഇതിന് ശേഷമായിരിക്കും അന്തിമവിധി ഉണ്ടാകുക.  

അതേസമയം,  അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന സുപ്രീം കോടതി വിധി ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിര്‍ണായകമാകുമെന്ന് നിയമവൃത്തങ്ങള്‍ പറയുന്നത്. വിശ്വാസത്തെ പിന്തുണച്ചുള്ള വിധിയിലെ പരാമര്‍ശങ്ങളാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന മതേതര സ്ഥാപനമാണ് കോടതിയെങ്കിലും വിശ്വാസത്തെ  ചോദ്യം ചെയ്യുന്നതില്‍ നിന്നും വ്യാഖ്യാനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് അയോധ്യ വിധിന്യായത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടുന്നു.  ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദം തകര്‍ക്കുന്നത് അപകടകരമാണ്, വിധി വിശദീകരിക്കുന്നു. 

2018 സപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഇതിന്റെ പുനഃപരിശോധനാ ഹര്‍ജിയില്‍ ഏതാനും ദിവസത്തിനുള്ളില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. അയോധ്യ കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലുണ്ടാായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിലും അംഗങ്ങളാണ്.  അയോധ്യയിലെ വിശ്വാസ അനുകൂല നിലപാട് ശബരിമലയില്‍ പ്രതിഫലിക്കുമോയെന്ന ആകാംക്ഷയിലാണ് നിയമ ലോകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.