ഭരണഘടന അഞ്ചംഗ ബെഞ്ചില്‍ മൂന്നു പേര്‍ വിശ്വാസത്തിനൊപ്പം; റിവ്യൂ ഹര്‍ജികള്‍ തള്ളണമെന്ന് ഉറച്ച് രണ്ടു ന്യായാധിപന്‍മാര്‍

Thursday 14 November 2019 10:57 am IST

ന്യൂദല്‍ഹി: ശബരിമലയിലെ യുവതി പ്രവേശന വിധിക്കെതിരേ നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ പരിഗണിച്ച അഞ്ചു ജഡ്ജിമാരില്‍ മൂന്നു പേര്‍ വിശ്വാസവും മതാചാരങ്ങളും പരിഗണിക്കണമെന്ന് നിലപാട് സ്വീകരിച്ചപ്പോള്‍ റിവ്യൂ ഹര്‍ജികള്‍ തള്ളണമെന്ന് രണ്ടു ജഡ്ജിമാര്‍ ഉറച്ചു നിന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു പുറമേ ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് വിഷയം അതി പ്രധാനമാണെന്നും വിശാല ബെഞ്ച് കേസ് പരിഗണിക്കണമെന്നും ഉത്തരവിട്ടത്. എന്നാല്‍, കഴിഞ്ഞ തവണ വിധി പറഞ്ഞ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍ എന്നിവര്‍ ഭരണഘടനയാണ് വലുതെന്നും റിവ്യൂ ഹര്‍ജികള്‍ തള്ളണമെന്നും നിലപാട് എടുത്തു. പള്ളികളിലെ മുസ്ലിം സ്ത്രീപ്രവേശനവുമായി താരതമ്യം ചെയ്താണ് വിശാല ബെഞ്ചിന് വിടണമെന്ന് മൂന്നു ജഡ്ജിമാര്‍ നിലപാട് എടുത്തത്. 

 

2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഇതിനെതിരേ സമര്‍പ്പിച്ച 56 പുനപരിശോധന ഹര്‍ജികളിലാണ് ഇന്നു വിധി പറഞ്ഞത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ പ്രഥമദൃഷ്ട്യാ കഴമ്പ് ഉണ്ടെന്ന് കണ്ട് ഭരണഘടന ബെഞ്ച് വിധി പുനഃപരിശോധിക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധനാ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച് കേരള സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയയ്ക്കാനും വിശദമായ വാദം തുറന്ന കോടതിയില്‍ കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.