ശബരിമല ദര്‍ശനം ഇന്നുകൂടി; ശാന്തമായ തീര്‍ത്ഥാടന കാലത്തിന് സമാപനം; ഹരിവരാസനം പാടി ക്ഷേത്രനട നാളെ അടയ്ക്കും

Monday 20 January 2020 10:44 am IST

പത്തനംതിട്ട: ഒരു തീര്‍ത്ഥാടന കാലത്തിന് കൂടി സമാപനം കുറിച്ച് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ രാവിലെ ആറിന് അടയ്ക്കും. അയ്യപ്പഭക്തര്‍ക്ക് ഇന്ന് രാത്രി 10 വരെ മാത്രമേ ദര്‍ശനത്തിന് അവസരമുള്ളൂ. നാളെ പുലര്‍ച്ചെ മൂന്നിന് നട തുറക്കും. തുടര്‍ന്ന് ജലാഭിഷേകവും പാലഭിഷേകവും ഇളനീര്‍ അഭിഷേകവും നടക്കും. ഗണപതി ഹോമത്തിന് ശേഷം പന്തളം രാജപ്രതിനിധി മാത്രമായി ദര്‍ശനം നടത്തും. രാജപ്രതിനിധി ഉത്രം നാള്‍ പ്രദീപ് കുമാര്‍ വര്‍മ്മ അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. 

തുടര്‍ന്ന് താക്കോലുമായി മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ആചാരപ്രകാരം രാജ പ്രതിനിധിക്ക് താക്കോലും ക്ഷേത്ര നടവരവിന്റെ പ്രതീകമായി പണക്കിഴിയും കൈമാറും. അത് ഏറ്റുവാങ്ങിയ ശേഷം രാജപ്രതിനിധി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ക്ഷേത്ര ചെലവുകള്‍ക്കായി പണക്കിഴി മേല്‍ശാന്തിയെ ഏല്‍പ്പിക്കും.

അതോടെ ഈ തീര്‍ത്ഥാടനക്കാലത്തെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് തിരുവാഭരണങ്ങളുമായി വാഹക സംഘം പന്തളത്തേക്ക് മടങ്ങും. 22ന് പെരുനാട് കക്കാട്ടുകോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തും. 24ന് രാവിലെ തിരുവാഭരണങ്ങള്‍ പന്തളത്ത് തിരികെ എത്തിക്കും. ശബരിമല ക്ഷേത്രനട കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 13ന് തുറക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.