'ദൈവവചനത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല; സമരം ചെയ്തത് ലൈംഗിക പീഡനം നടത്തിയ ബിഷപ്പിനെതിരെ മാത്രം'; സഭയില്‍ നിന്ന് പുറത്താക്കിയ സിസ്റ്റര്‍ ലൂസി വത്തിക്കാന് കത്തെഴുതി

Sunday 18 August 2019 3:55 pm IST

 

തിരുവനന്തപുരം: ഫ്രാങ്കോമുളയ്ക്കലിന്റെ ലൈംഗിക പീഡനത്തിനെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പം നിന്നതിന്  മഠത്തില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ സിസ്റ്റര്‍ ലൂസി വത്തിക്കാന് വിശദീകരണ കത്തെഴുതി. എഫ്സിസി സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്നും എഫ്സിസി തനിക്കെതിരെ അസത്യ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും കത്തില്‍ സിസ്റ്റര്‍ ലൂസി പറയുന്നു.

ദൈവവചനത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല,ലൈംഗിക ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ സമരം ചെയ്തതുകൊണ്ടാണ് താന്‍ ഇരയാക്കപ്പെടുന്നത്. പുറത്താക്കല്‍ നടപടി റദ്ദാക്കി മുഴുവന്‍ സമയവും സഭയില്‍ പ്രവര്‍ത്തിക്കാന്‍ തന്നെ അനുവദിക്കണം- സിസ്റ്റര്‍ ലൂസി കത്തില്‍ പറയുന്നു.

മകളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകന്‍ ലൂസിയുടെ അമ്മയ്ക്ക് സഭ കത്തയയ്ക്കുകയും വേഗം സഭ വിട്ടുപോകാന്‍ സിസ്റ്റര്‍ ലൂസിക്ക് അന്ത്യശാസനവും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിസ്റ്റര്‍ ലൂസി വത്തിക്കാന് കത്തയച്ചിരിക്കുന്നത്. സഭയ്ക്കെതിരെയുള്ള നിയമ നടപടിയും സിസ്റ്റര്‍ ലൂസി ആരംഭിച്ചിട്ടുണ്ട്.

പീഡനക്കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് നേരത്തെ പുറത്താക്കിയത്. കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന ന്യായീകരണമാണ് സഭയുടേത് .കൂടാതെ താക്കീതുകള്‍ അവഗണിച്ചെന്നും കാണിച്ചാണ് മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.