സാജന്റെ ആത്മഹത്യ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം; അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നു

Monday 15 July 2019 8:51 pm IST

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പോലീസ് യാഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് ലഭിക്കാത്തതിലും നഗരസഭാ ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ പെരുമാറ്റത്തിലും മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് തന്നെയും മക്കളേയും ചോദ്യം ചെയ്തിരുന്നു. 

എന്നാല്‍, തങ്ങള്‍ നല്‍കാത്ത മൊഴി വാര്‍ത്തയുടെ രൂപത്തില്‍ പല മാധ്യമങ്ങളിലൂടെയും പുറത്തു വരികയാണ്. തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന   വാര്‍ത്തകള്‍ മാനസികമായി തളര്‍ത്തി. പറയാത്ത മൊഴികള്‍ പ്രചരിപ്പിച്ച് ഇല്ലാത്ത അസ്വാരസ്യങ്ങള്‍ തന്റെ കുടുംബത്തില്‍ ഉണ്ടായിരുന്നുവെന്ന് പ്രചരിപ്പിക്കുകയുമാണ്, പരാതിയില്‍ തുടരുന്നു. 

കുടുംബ പ്രശ്‌നങ്ങളുടെ പേരിലാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്ന് സിപിഎം മുഖപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ  നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. അപവാദ പ്രചാരണങ്ങള്‍ നടക്കുകയാണെന്നും ഇത് തുടര്‍ന്നാല്‍ താനും കുട്ടികളും ആത്മഹത്യ ചെയ്യുമെന്നും സാജന്റെ ഭാര്യ ബീന കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.