നമിച്ചു സഖാക്കളെ, നമിച്ചു

Tuesday 20 August 2019 10:47 pm IST

 

തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ് നിരവധി പ്രതിഭകളെ സൃഷ്ടിച്ച കലാലയമാണ്. എല്ലാ മേഖലയിലും കഴിവ് തെളിയിച്ചവരാണ് അവരെല്ലാം. അതെല്ലാം അന്തക്കാലം. ദശാബ്ദങ്ങളായി യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും നിറവും ശീലവും പ്രതിഭകളുടെ പരമ്പരയുടെ പിന്‍മുറക്കാരാകാന്‍ അയോഗ്യരാണെന്ന് പലകുറി തെളിയിച്ചിട്ടുണ്ട്. അക്രമികളുടെയും അക്രമങ്ങളുടെയും വിളനിലമാണത് എന്ന് തെളിഞ്ഞിട്ടുണ്ട്. പാഠപുസ്തകങ്ങളും പേനയും പിടിക്കേണ്ട കൈകളില്‍ കത്തിയും കല്ലും കുറുവടിയുമായാണ് ചിലര്‍ എത്തുന്നത്. അവരെ പേടിച്ചാര്‍ക്കും മിണ്ടാന്‍ കഴിയില്ല. മിണ്ടിയാല്‍ ഒരേകൊടി പിടിക്കുന്നവനായാല്‍പ്പോലും തല്ലുവാങ്ങും. ശബ്ദം ഏറിയാല്‍ നെഞ്ചില്‍ കഠാരയിറക്കും. അഖിലിന്റെ അനുഭവം അതാണല്ലൊ. 

എസ്എഫ്‌ഐക്കാരനായ അഖിലിനെ കുത്തിക്കൊല്ലാന്‍ നോക്കിയവരും എസ്എഫ്‌ഐക്കാര്‍തന്നെ. കുട്ടിസഖാക്കളെ ന്യായീകരിക്കാന്‍ മൂത്ത സഖാക്കള്‍നന്നേ പ്രയത്‌നിച്ചു. കേസൊതുക്കാനും പ്രതികളെ ഒളിപ്പിക്കാനും ഏറെ ശ്രമിച്ചെങ്കിലും പൊതുസമൂഹവും മാധ്യമങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ പോലീസിന് നില്‍ക്കക്കള്ളിയില്ലാതായി. തുടര്‍ന്നുള്ള അന്വേഷണത്തിന് ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ ചെന്നപ്പോഴാണ് മറ്റൊരു ഭീകര കുറ്റകൃത്യത്തിന്റെ തുമ്പ് കിട്ടിയത്. ഭരണഘടനാസ്ഥാപനമായ പബ്ലിക് സര്‍വീസ് കമ്മീഷന്റെ പരീക്ഷയുടെ ചോദ്യപ്പേപ്പറും ഉത്തരക്കടലാസും പ്രതിയുടെ വീട്ടില്‍നിന്നു കിട്ടി. അത് വലിയൊരു മഞ്ഞുമലയുടെ തുമ്പുമാത്രമാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇടതുമുന്നണി ഭരിക്കുമ്പോള്‍ കേരളാപോലീസ് ഈ കേസ് അന്വേഷിക്കുന്നത് കുറ്റം തെളിയാനല്ല കുട്ടിസഖാക്കളെ രക്ഷപ്പെടുത്താനാണെന്ന് വ്യക്തം. കുത്തുകേസിലെ പതിനൊന്ന് പ്രതികളെ ഇനിയും പിടികൂടാനായില്ല. അതുകൊണ്ടാണ് അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം ഉയരുന്നത്.

അക്രമം കൈമുതലാക്കിയവര്‍ അട്ടിമറിയിലും കെങ്കേമന്‍ എന്നാണ് വ്യക്തമായത്. പിഎസ്‌സി പരീക്ഷയില്‍ അട്ടിമറിയിലൂടെ ഒന്നാംറാങ്കും രണ്ടാംറാങ്കും 28-ാം റാങ്കുമെല്ലാം നേടിയവര്‍ക്ക് ചോദ്യപേപ്പറിലെ ഒരു ചോദ്യത്തിനും ഉത്തരമില്ലെന്ന് ബോധ്യമായി. കാലങ്ങളായി റാങ്ക് നേടിയ എത്രയോ എസ്എഫ്‌ഐക്കാര്‍ വിവിധ വകുപ്പുകളില്‍ സ്ഥാനം പിടിച്ചതിന്റെ സൂചനയാണ് പുറത്തുവന്നത്. അച്ഛനെ കിട്ടിയില്ലെങ്കില്‍ മകനെ പിടിക്കുന്ന, മകനെ കിട്ടാന്‍ അച്ഛനെ സ്റ്റേഷനില്‍ എഴുന്നള്ളിക്കുന്ന പോലീസ് എന്തുകൊണ്ടോ ഈ കേസില്‍ ആ മാതൃക മറന്നിരിക്കുന്നു.

പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ ആര്‍. ശിവരഞ്ജിത്തും 28ാം റാങ്കുകാരന്‍ എ.എന്‍. നസീമും കോപ്പിയടിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസില്‍ പ്രതികളായ ഇരുവരെയും ജയിലിലെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. പഠിച്ചാണ് ജയിച്ചതെന്ന നിലപാടില്‍ ആദ്യം ഉറച്ചുനിന്ന ഇരുവരും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. എന്നാല്‍, എസ്എംഎസ് നോക്കിയാണ് ഉത്തരം എഴുതിയതെന്ന് പൂര്‍ണമായി സമ്മതിക്കാന്‍ ഇരുവരും തയാറായില്ല.

പരീക്ഷ എഴുതിയ ഒന്നേകാല്‍ മണിക്കൂറിനിടെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്‌സിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ ഈ സന്ദേശങ്ങള്‍ കൈപ്പറ്റിയത് എങ്ങനെയാണെന്ന് കണ്ടെത്തുകയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. പഠിച്ചു പരീക്ഷയെഴുതിയെന്ന നിലപാടില്‍ ആദ്യം ഉറച്ചുനിന്ന ഇരുവരും ഒടുവില്‍ തെളിവുകള്‍ മുഴുവന്‍ മുന്നില്‍ നിരന്നതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ജയിലില്‍ പരീക്ഷാചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒന്നാം റാങ്കുകാരന് കിട്ടിയത് പൂജ്യം മാര്‍ക്ക്. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ നസീമും കുഴങ്ങി.

ചോദ്യക്കടലാസ് ചോര്‍ന്നത് യൂണിവേഴ്‌സിറ്റി കോളജില്‍നിന്നാണെന്ന് സൂചിപ്പിക്കുന്ന രേഖകള്‍ പിഎസ്‌സി വിജിലന്‍സ് നേരത്തെ പോലീസിന് കൈമാറിയിരുന്നു. പോലീസുകാരന്‍ ഉള്‍പ്പെടെ 5 പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരും ഇവര്‍ക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങള്‍ ഫോണിലൂടെ നല്‍കിയ പേരൂര്‍ക്കട എസ്എപി ക്യാംപിലെ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍. ഗോകുലും സഫീറും ഒളിവിലാണെന്നാണ് പോലീസ് വിശദീകരണം. രണ്ടുപേരും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തന രഹിതമാണ്. അച്ഛനെ കിട്ടിയില്ലെങ്കില്‍ മകനെ പിടിക്കുന്ന, മകനെ കിട്ടാന്‍ അച്ഛനെ സ്റ്റേഷനില്‍ എഴുന്നള്ളിക്കുന്ന പോലീസ് എന്തുകൊണ്ടോ ഈ കേസില്‍ ആ മാതൃക മറന്നിരിക്കുന്നു.

അമ്പതിലധികംപേര്‍ ഉള്‍പ്പെട്ട വലിയ തട്ടിപ്പായി കണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. പരീക്ഷ പേപ്പര്‍ ചോരാന്‍ രണ്ടുകാരണങ്ങളാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടത്. ഒന്ന്, പരീക്ഷാ ഹാളില്‍നിന്ന് ചോദ്യപേപ്പര്‍ ജനാലവഴി പുറത്തേക്കിട്ടു. ഇതിനായി സഹപാഠികളുടെ സഹായം തേടിയിട്ടുണ്ടാകാം. ഇതിനുശേഷം ഗൈഡിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ ഫോണിലേക്ക് അയച്ചു. രണ്ട്, യൂണിവേഴ്‌സിറ്റി കോളജിലോ മറ്റു പരീക്ഷാ സെന്ററിലോ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ചോദ്യപേപ്പര്‍ പുറത്തെത്തിച്ചു. സഹപാഠികള്‍ ഗൈഡ് നോക്കി ഉത്തരങ്ങള്‍ അയച്ചു.

നമിച്ചു സഖാക്കളെ നമിച്ചു. ഇത് നിങ്ങള്‍ക്ക് മാത്രം അറിയുന്ന നിങ്ങള്‍ മാത്രം ചെയ്യുന്ന ജോലിയാണ്. ഏത് ഭരണമായാലും നിങ്ങള്‍ അത് തുടരും. ഒരു കത്തിക്കുത്ത് കേസ് തുണയായി. അതില്ലായിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ല. ശിവരഞ്ജിത്തും നസീമും പോലീസായേനെ. നിങ്ങള്‍ ആഗ്രഹിച്ച ഉത്തരങ്ങള്‍ കിട്ടാനും പരീക്ഷാ സെന്ററുകള്‍ ലഭിച്ചതിനും ഉപയോഗിച്ച മാര്‍ഗങ്ങള്‍ ദുരൂഹം. കഷ്ടപ്പെട്ട് പഠിച്ച എസ്എഫ്‌ഐക്കാരോട് പോകാന്‍ പറ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.