സഖാക്കളേ, മാന്യരാകാം കുഞ്ഞാലിക്കുട്ടിയോളമെങ്കിലും

Monday 11 November 2019 3:07 am IST

ഒരു മണ്ഡലകാലത്തോളം നീണ്ട തുടര്‍ച്ചയായ വാദങ്ങള്‍ക്കൊടുവില്‍ അയോധ്യ കേസില്‍ അന്തിമവിധിപ്രഖ്യാപനം വന്നു. രാജ്യം പക്വതയോടെ അതിനെ സ്വീകരിച്ചു. ഹിന്ദു-മുസ്ലീം സംഘടനകള്‍, അയോധ്യ കേസിന്റെ ഭാഗമായിരുന്ന പ്രസ്ഥാനങ്ങള്‍, ആചാര്യന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവര്‍ രാജ്യത്തിന്റെ പൊതുവായ ആഹ്വാനം ഉള്‍ക്കൊണ്ട് വിധിയെ സ്വീകരിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതും വിധി ആരുടെയും ജയപരാജയങ്ങളെ നിശ്ചയിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി. രാംഭക്തിയായാലും റഹിംഭക്തിയായാലും രാഷ്ട്രഭക്തിയാകണം ആധാരമെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. സംയമനവും സമവായവുമായിരുന്നു ആ ദിവസത്തിന്റെയാകെ സ്വഭാവം. 

ആര്‍ക്കും നിയന്ത്രിക്കാനാകില്ലെന്ന് കരുതിയ സോഷ്യല്‍മീഡിയ പോലും സമാദരണീയമായ അച്ചടക്കം പാലിച്ചു. എന്നിട്ടും ആകെ പൊറുതിമുട്ടിപ്പോയത് അയോധ്യവിധിയിലൂടെ ഒരു കലാപം സ്വപ്‌നം കണ്ട കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കും മുഖ്യമന്ത്രിയടക്കമുള്ള ചില നേതാക്കള്‍ക്കുമാണ്. വിധി വന്ന് മണിക്കൂറുകളായിട്ടും രാജ്യത്ത് ഒന്നും സംഭവിക്കുന്നില്ലല്ലോയെന്ന് ഓരോ അരമണിക്കൂറിലും മലയാള ചാനല്‍ അവതാരകരും റിപ്പോര്‍ട്ടര്‍മാരും നെഞ്ചത്തടിക്കുന്നുണ്ടായിരുന്നു. ഒരു ചാനല്‍ ബാബറിക്കെട്ടിടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വാര്‍ത്താവതരണം. മറ്റൊരു ചാനല്‍ വിധി വരുന്നതിന് മുമ്പേ തന്നെ ആര്‍എസ്എസ്, ബിജെപി ആരോപണങ്ങള്‍ ഉന്നയിച്ചു കോള്‍മയിര്‍ കൊള്ളുന്നുണ്ടായിരുന്നു. 

വിധി വന്നതിന് ശേഷം രാജ്യത്താകെയുള്ള നേതാക്കള്‍ പക്വതയോടെ അതിനെ വിലയിരുത്തുന്നതിനിടയിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് ബാബറി മസ്ജിദ് പൊളിച്ചതിന്റെ സങ്കടം കരഞ്ഞുതീര്‍ത്തത്. വിധി സ്വീകരിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് മനസ്സുണ്ട്, വിജയന് മനസ്സില്ല. സുന്നി വഖഫ് ബോര്‍ഡിനോ രാജ്യത്തെ പ്രബലമായ മറ്റ് മുസ്ലിം സംഘടനകള്‍ക്കോ എതിര്‍പ്പില്ല. അവര്‍ പുനഃപരിശോധനാഹര്‍ജിക്കുപോലും മുതിര്‍ന്നില്ല. സമാധാനം വേണം എന്നായിരുന്നു എല്ലാവരുടെയും ആഹ്വാനം. വിജയന് സഹിക്കാത്ത ഒരേയൊരു സാധനമാണ് ഈ സമാധാനം. മൂന്ന് മിനിട്ട് പത്രസമ്മേളനത്തിനിടയില്‍ മൂന്ന് തവണ ബാബറിമസ്ജിദ് പൊളിച്ചതിന്റെ സങ്കടം വിജയന്‍ കടിച്ചമര്‍ത്തുന്നത് കണ്ടവരാണ് മലയാളികള്‍. 

മുഖ്യമന്ത്രി പിണറായി വിജയന്‍ വിധിയെ സ്വാഗതം ചെയ്യാതിരുന്നാല്‍ പിന്നെ അദ്ദേഹത്തിന്റെ പിണിയാളുകളായ കുട്ടിപ്പിണറായിമാര്‍ എന്ത് ചെയ്യണം? തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജിന്, ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ നേതാവ് മുഹമ്മദ് റിയാസിന് ഒക്കെ വിധിയില്‍ രാജ്യത്തെമ്പാടും പുലര്‍ന്ന ഈ സമാധാനം സഹിക്കുന്നില്ല. വിധി എന്തായാലും ഒരു സംഘര്‍ഷം അവര്‍ കൊതിച്ചതാണ്. ഇനി സംഘര്‍ഷമുണ്ടായില്ലെങ്കില്‍ ഉണ്ടാക്കിയേ അടങ്ങൂ എന്ന മട്ടിലാണ് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിയെ പരിഹസിച്ച തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജിന്റെ പ്രതികരണം. ഒരുമാതിരി ആട്ടിന്‍തോലിട്ട നിഷ്‌കളങ്കതയാണ് സഖാവിന്റെ ബ്രാന്‍ഡ്. ബാബറിക്കെട്ടിടം തകര്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിയാണ് ഡിവൈഎഫ്‌ഐ നേതാവ് നിരാശ തീര്‍ത്തത്.

വിധി വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ അതെന്തായാലും സംയമനം പാലിക്കണമെന്ന് പ്രവര്‍ത്തകരോടും പൊതുജനങ്ങളോടും ആഹ്വാനം ചെയ്യുകയാണ് രാജ്യത്തിന്റെ ഭരണാധികാരി നരേന്ദ്രമോദി ചെയ്തത്. അതൊരു ശീലമാണ്. ഗള്‍ഫില്‍ പണപ്പിരിവിന് പോകുമ്പോള്‍ വാങ്ങാന്‍ കിട്ടുന്നതല്ല. രാത്രിയുടെ മറവില്‍ വിശ്വാസികളെ വഞ്ചിച്ചിട്ട് 'എന്താ ഹര്‍ത്താല്‍ നടത്തുന്നില്ലേ' എന്ന് ചിറി കോട്ടി ചോദിച്ച പിണറായിയുടെ അത്ര പഴകിപ്പോയിട്ടില്ലാത്ത മുഖം ഓര്‍മയുള്ളവര്‍ക്കറിയാം അതിന്റെ വ്യത്യാസം. 

വിജയനും പിള്ളേരും പ്രധാനമന്ത്രിയെ കണ്ട് പഠിക്കണം എന്ന് പറയുന്നില്ല. അത് സാധ്യവുമല്ല. കുറഞ്ഞത് ആ കുഞ്ഞാലിക്കുട്ടിയുടെ കുടിപ്പള്ളിക്കൂടത്തിലെങ്കിലും പോയി നല്ലനടപ്പ് പഠിക്കണം. ഒത്തിരിയങ്ങ് ആയില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയോളമെങ്കിലും മാന്യനാകാം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.