ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതെ രാഹുല്‍ ഗാന്ധി നടന്നു നീങ്ങി; അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ പരാജയം മണക്കുന്നു; കോണ്‍ഗ്രസിന്റെ ഭാവിയില്‍ ആശങ്ക അറിയിച്ച് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്

Wednesday 9 October 2019 12:52 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവിയില്‍ ആശങ്ക പങ്കുവച്ച് മുതിര്‍ന്ന നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. ഹരിയാനയിലും മഹാരാഷ്ട്രയിലും അടക്കം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം മണക്കുന്നുണ്ട്. കൃത്യമായ നേതൃത്വമില്ലാത്തതാണ് തിരിച്ചടിയാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതെ രാഹുല്‍ ഗാന്ധി നടന്നു നീങ്ങി. രാഹുലിന്റെ ഈ നടപടി പാര്‍ട്ടിക്കുള്ളില്‍ കനത്ത ശൂന്യതയാണ് വരുത്തിത്തീര്‍ത്തത്. നേതൃപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ആളില്ലാതെ വന്നതോടെ അണികള്‍ കനത്ത നിരാശയിലാണ്. സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി നിയമിച്ചെങ്കിലും അതിനും പരിമിതികളുണ്ട്. നല്ല ഭാവിയിലേക്കുള്ള നീക്കങ്ങളല്ല പാര്‍ട്ടിയില്‍ ഉണ്ടാകുന്നത്. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താനും പരിഹാരം കാണാനും കഴിയാത്തതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തില്‍ രാഹുല്‍ നിരാശനായിരുന്നു. ഇതേത്തുടര്‍ന്നാണ് അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചത്. പിന്നീട് സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. രാഹുല്‍ അവശേഷിപ്പിച്ച ശൂന്യത പരിഹരിക്കാന്‍ സോണിയ ശ്രമിക്കുന്നെങ്കിലും ശൂന്യത അതേപോലെ നിലനില്‍ക്കുകയാണ്. എന്തുകൊണ്ട് പാര്‍ട്ടി പരാജയപ്പെട്ടു എന്ന് ഇനിയും തങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ല. അതിനിടെയിലാണു നേതൃത്വം ഏറ്റെടുക്കാതെ രാഹുല്‍ നടന്നു നീങ്ങിയത്. ഇതാണു തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 542 സീറ്റുകളില്‍ 52 എണ്ണത്തില്‍ വിജയിക്കാനേ കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നുള്ളു.  2019 മേയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. ഹരിയാനയിലും മഹാരാഷ്ട്രയിലും ഈ മാസം 21നാണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.