'കഴിവില്ലായ്മയെ ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം ഒരു സ്മാരകം വേണ്ട’, ധീരരക്തസാക്ഷിത്വം വരിച്ച ജവാന്‍മാരെ അപമാനിച്ച് സിപിഎം നേതാവ് മുഹമ്മദ് സലിം

Friday 14 February 2020 1:54 pm IST

കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ധീരരക്തസാക്ഷിത്വം വരിച്ച ജവാന്‍മാരെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി സിപിഎം നേതാവ് മുഹമ്മദ് സലിം. കഴിവില്ലായ്മയെ ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് സ്മാരകം പണിയേണ്ട ആവശ്യമില്ലെന്നാണ് ഇയാള്‍ ട്വിറ്ററില്‍ കുറിച്ചത്.

'നമ്മുടെ കഴിവില്ലായ്മയെക്കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ നമുക്ക് ഒരു സ്മാരകം ആവശ്യമില്ല. 80 കിലോഗ്രാം ആര്‍ഡിഎക്‌സ് രാജ്യാന്തര അതിര്‍ത്തികള്‍ കടന്ന് ഏറ്റവും സൈനികവല്‍ക്കരിക്കപ്പെട്ട മേഖലയിലേക്ക് എങ്ങനെയാണ് എത്തിച്ചേര്‍ന്നതെന്നും പുല്‍വാമയില്‍ പൊട്ടിത്തെറിച്ചതെന്നും ഞങ്ങള്‍ക്ക് അറിയണമെന്നാണ് മുഹമ്മദ് സലിം ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ ധീരരക്തസാക്ഷിത്വം വരിച്ച ജവാന്‍മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രണാമം അര്‍പ്പിച്ചു. രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അസാധാരണ വ്യക്തികളാണ് വീരമൃത്യുവരിച്ച ഓരോ സൈനികനെന്നും രാജ്യം ഒരിക്കലും അവരുടെ രക്തസാക്ഷിത്വം വിസ്മരിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍വെടിഞ്ഞ സൈനികര്‍ക്ക് കേന്ദ്ര ആഭ്യന്തര അമിത്ഷായും ആദരവറിയിച്ചിരുന്നു. മാതൃരാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന്‍ ത്യാഗം ചെയ്ത നമ്മുടെ ധീരരായ സൈനികരോടും അവരുടെ കുടുംബങ്ങളോടും രാജ്യം എന്നന്നേക്കും നന്ദിയുള്ളവരായിരിക്കുമെന്ന് അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.