പഞ്ചാബിനെതിരെ സല്‍മാന്റെ ഒറ്റയാള്‍ പോരാട്ടം; കേരളം 227ന് പുറത്ത്

Saturday 11 January 2020 7:50 am IST

 

തിരുവനന്തപുരം: സല്‍മാന്‍ നിസാര്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ നേടിയ 91 റണ്‍സിന്റെ കരുത്തില്‍ പഞ്ചാബിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കേരളം 227ന് പുറത്ത്. ആദ്യംബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഒരുഘട്ടത്തില്‍ 6ന് 89 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ ഒരുപരിധിവരെ കരകയറ്റിയത് സല്‍മാന്‍ പുറത്താകാതെ നേടിയ 91 റണ്‍സാണ്. 157 പന്തുകളില്‍ 10 ഫോറും രണ്ട് സിക്‌സറുമടങ്ങിയതാണ് സല്‍മാന്‍ നിസാറിന്റെ ഇന്നിങ്‌സ്.

തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച പഞ്ചാബ് ആദ്യ ദിവസത്തെ കൡനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എന്ന നിലയില്‍. ഗുര്‍കീരത് മാന്‍ (16), മായങ്ക് മാര്‍ക്കണ്ഡെ (12) എന്നിവരാണ് ക്രീസില്‍. എട്ട് വിക്കറ്റ് ബാക്കിയിരിക്കെ 181 റണ്‍സ് പിന്നിലാണ് പഞ്ചാബ്. ഓപ്പണര്‍മാരായ രോഹന്‍ മര്‍വഹ (16), സന്‍വിര്‍ സിങ് (ഒന്ന്) എന്നിവരാണ് പഞ്ചാബ് നിരയില്‍ പുറത്തായത്. രണ്ട് വിക്കറ്റുകളും എം.ഡി. നിധീഷിനാണ്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തിലെ തകര്‍ച്ചനേരിട്ടു. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സായപ്പോഴേക്കും ഓപ്പണര്‍മാരായ ജലജ് സക്‌സേന (0), മുഹമ്മദ് അസ്ഹറുദ്ദീന്‍ (8), രോഹന്‍ പ്രേം(2) എന്നിവര്‍ പവലിയനിലേക്ക് മടങ്ങിയെത്തി. പിന്നീട് റോബിന്‍ ഉത്തപ്പയും (48) ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (9) ചേര്‍ന്ന് സ്‌കോര്‍ 69-ല്‍ എത്തിച്ചു. എന്നാല്‍ 53 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ഉത്തപ്പ മടങ്ങിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. സ്‌കോര്‍ 72-ല്‍ എത്തിയപ്പോള്‍ സച്ചിന്‍ ബേബിയും, 89-ല്‍ വിഷ്ണു വിനോദും (20) വീണതോടെ കേരളം ആറിന് 89 എന്ന നിലയില്‍. എന്നാല്‍ അക്ഷയ് ചന്ദ്രനെ (28) കൂട്ടുപിടിച്ച് സല്‍മാന്‍ നിസാര്‍ നടത്തിയ ചെറുത്തുനില്‍പ്പ് കേരള സ്‌കോര്‍ 150 കടത്തി. 

സ്‌കോര്‍ 168-ല്‍ എത്തിയപ്പോള്‍ അക്ഷയ് ചന്ദ്രന്‍ മടങ്ങിയെങ്കിലും 10 റണ്‍സെടുത്ത സിജോമോന്‍ ജോസഫിനെയും രണ്ട് റണ്ണെടുത്ത ബേസില്‍ തമ്പിയെയും റണ്ണൊന്നുമെടുക്കാതിരുന്ന എം.ഡി. നിധീഷിനെയും കൂട്ടുപിടിച്ച് സല്‍മാന്‍ കേരള സ്‌കോര്‍ 227-ല്‍ എത്തിച്ചു. പഞ്ചാബിനായി സിദ്ധാര്‍ഥ് കൗള്‍, ബല്‍തേജ് സിംഗ്, വിനയ് ചൗധരി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.