സമാധാനത്തിന് ഭാരതത്തിന്റെ കരസ്പര്‍ശം

Friday 10 January 2020 6:49 am IST

ലോകം ആശങ്കയുടെ മുള്‍മുനയിലാണ്. ഇറാനിലെ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെതിരെ ഉരുണ്ടുകൂടിയിരിക്കുന്ന പ്രതിസന്ധിയും പ്രതികരണങ്ങളും ലോകത്താകെ ആശങ്കയുടെ കരിനിഴല്‍ പടര്‍ത്തിയിരിക്കുകയാണ്. പൊതുവെ ഛിദ്രതയാഗ്രഹിക്കുന്ന ശക്തികള്‍ മാത്രമേ ഇക്കാര്യങ്ങളില്‍ സന്തോഷിക്കുന്നുള്ളൂ. അധികം വൈകാതെ സംഘര്‍ഷം ഒഴിഞ്ഞു പോകണമെന്നു പ്രാര്‍ഥിക്കുന്നവര്‍ക്ക് ആശ്വാസമാവുകയാണ് കഴിഞ്ഞ ദിവസം ഇറാന്‍ നടത്തിയ അഭിപ്രായപ്രകടനം.

ഈ സംഘര്‍ഷനിര്‍ഭരമായ അന്തരീക്ഷത്തെ സമാധാനത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യക്ക് കഴിയുമെന്നാണ് അവര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇറാന്റെ ഇന്ത്യന്‍ സ്ഥാനപതി അലി ചെഗനിയാണ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ഇറാനുമായും അമേരിക്കയുമായും തുടരുന്ന ഊഷ്മള ബന്ധത്തിന്റെയും സഹകരണ മനോഭാവത്തിന്റെയും നേര്‍ക്കാഴ്ചയിലേക്കുള്ള വെളിച്ചമാണ് അലി ചെഗനിയിലൂടെ പുറത്തു വന്നിരിക്കുന്നത്. ലോകരാജ്യങ്ങള്‍ക്ക് ദിശാബോധം നല്‍കി സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേയും പാതയിലൂടെ കൈപിടിച്ചു നടത്താന്‍ ഭാരതത്തിനാവുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ ഇറാന് സാധിച്ചിരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇതഃ പര്യന്തമുള്ള പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തതിന്റെ ആത്യന്തിക ഫലമാണത്.

 ഇത് ഒരു സുപ്രഭാതത്തില്‍ ഇറാനുവന്ന തിരിച്ചറിവല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. വൈഭവ സമ്പൂര്‍ണവും പാരമ്പര്യ പ്രോക്തവുമായ സംസ്‌കാരത്തിന്റെ ഉള്ളറിഞ്ഞ ഒരു ഭരണാധികാരി ഭാരതത്തെ നയിച്ചുകൊണ്ടിരിക്കുകയാണെന്ന അനുഭവസമ്പത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് അത്. 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന എക്കാലത്തേയും പ്രാര്‍ഥനാഭരിതമായ സന്ദേശം ഉള്‍ക്കൊണ്ട നരേന്ദ്ര മോദിയെന്ന ഭരണാധികാരിയാണ് ഭാരതത്തിന്റേത്. സംഘര്‍ഷവും ആക്രമണവും സമൂഹത്തെ അധപതനത്തിന്റെ പടുകുഴിയിലേക്കു മാത്രമേ നയിക്കൂ എന്ന് എപ്പോഴും ലോകത്തോട് പറയുന്ന നേതാവാണ് മോദി. ഒട്ടേറെ ഉദാഹരണങ്ങള്‍ അപ്പപ്പോള്‍ അദ്ദേഹം ചൂണ്ടിക്കാട്ടാറുണ്ട്.

ഈയൊരു കാഴ്ചപ്പാടുള്ള ലോകനേതാവിനു മാത്രമേ തീവ്രസംഘര്‍ഷത്തിലേക്കു നീങ്ങുന്ന രാജ്യങ്ങളെ സ്‌നേഹത്തിന്റെ പനിനീര്‍ തളിച്ച് ആശ്വസിപ്പിക്കാനും സമാധാന പാതയിലേക്കു കൊണ്ടുവരാനും കഴിയൂ എന്ന് ഇറാന് ബോധ്യമായിരിക്കുന്നു. സംഘര്‍ഷം ഉരുണ്ടുകൂടിയ ഉടന്‍ തന്നെ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരീഫ്, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുമായി ഭാരത വിദേശകാര്യ മന്ത്രി ജയശങ്കര്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു. ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍, ഫ്രാന്‍സ്, യുഎഇ വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം ചര്‍ച്ച നടത്തുകയുണ്ടായി.

ഭാരതത്തിന്റെ എക്കാലത്തെയും പ്രവര്‍ത്തനവും പാരമ്പര്യവും ലോകത്തെ സുഖത്തിലേക്കും സമാധാനത്തിലേക്കും സമ്പല്‍സമൃദ്ധിയിലേക്കും നയിക്കുക എന്നതാണ്. വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനവേളകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ ഹൃദയത്തിലേക്ക് പകര്‍ന്നു നല്‍കിയിരുന്നതും അത്തരമൊരു സന്ദേശമാണ്. ഭാരതം അവകാശപ്പെടാതെ തന്നെ മോദിയെ ലോകനേതാവായി അവര്‍ അംഗീകരിക്കുന്നതും അതുകൊണ്ടാണ്. ഒരു ഇസ്ലാമിക രാജ്യം ഇത്രമാത്രം വിശ്വാസ്യതയോടെ മുന്നോട്ടു വരുന്നതിന്റെ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ നിര്‍ഭാഗ്യവശാല്‍ ഇവിടുത്തെ അജണ്ടാധിഷ്ഠിത രാഷ്ട്രീയക്കാര്‍ക്ക് കഴിയുന്നില്ല. അവരുടെ ഹ്രസ്വരാഷ്ട്രീയ നീക്കങ്ങള്‍ നടക്കാതെ പോവുന്നതിന്റെ ഇച്ഛാഭംഗമാണത്. അതിനവര്‍ ഏതറ്റംവരെയും പോകുമെന്നതിന്റെ നേര്‍ക്കാഴ്ചയാണല്ലോ രാജ്യത്ത് പലയിടത്തും നടക്കുന്ന സംഭവഗതികള്‍ കാണിക്കുന്നത്.

ലോകക്രമത്തില്‍ സംഘര്‍ഷത്തിനും ആക്രമണങ്ങള്‍ക്കും സ്ഥാനമില്ലെന്ന് ലോകത്തെ പഠിപ്പിച്ച ഋഷിസത്തമന്മാരുടെ നാടിന്റെ ഭരണാധികാരിയാണ് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ തികച്ചും യോഗ്യന്‍ എന്ന് ഇറാന്‍ മനസ്സിലാക്കിയിടത്തു നിന്ന് സമാധാനത്തിന്റെ വെള്ള പ്രാവുകളുടെ ചിറകടി ശബ്ദം ഉയര്‍ന്നു എന്നത് ശുഭോദര്‍ക്കമാണ്. സംഘര്‍ഷമില്ലാത്ത ലോകത്തിനായി  നമുക്ക് പ്രാര്‍ഥിക്കാം. പ്രാര്‍ഥന പ്രവൃത്തിയിലേക്കുള്ള ആദ്യ കാല്‍വെപ്പാണല്ലോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.