സമയമായില്ല! വിശ്രമിക്കാന്‍

Friday 11 October 2019 2:00 am IST

സുഖകരമായ സാഹചര്യങ്ങളില്‍ ആനന്ദിച്ചിരിക്കാനും ജാഗരൂകരാകാതെ മടിപിടിച്ചിരിക്കാനും നിഷ്‌ക്രിയരാകാനും ആഡംബരത്തിലും സ്വാര്‍ത്ഥതയിലും ഏര്‍പ്പെടാനും എല്ലാം സര്‍ക്കാര്‍ നോക്കികൊള്ളുമെന്ന് കരുതി വെറുതെ ഇരിക്കാനുമുള്ള സമയമല്ല ഇത്. നമ്മുടെ പരമമായ ലക്ഷ്യം-ഭാരതത്തെ മഹത്വമുള്ളതും ഐശ്വര്യസമ്പന്നവുമാക്കി മാറ്റുക എന്നതാണ്. അതിനുവേണ്ടിയാണ് നമ്മള്‍ യാത്ര ആരംഭിച്ചത്. ലക്ഷ്യം ഇപ്പോഴും അകലെയാണ്. പാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനും വഴിതടയാനും ശ്രമിക്കുന്ന ശക്തികള്‍ ഇതുവരെ അവരുടെ തന്ത്രങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. നമുക്ക് മുന്നില്‍ ചില പ്രതിസന്ധികളുണ്ട്, അവ മറികടക്കേണ്ടതുണ്ട്. ചില ചോദ്യങ്ങളുണ്ട്, അവയ്ക്ക് നമ്മള്‍ ഉത്തരം നല്‍കേണ്ടതുണ്ട്. കൂടാതെ, ചില പ്രശ്‌നങ്ങളുമുണ്ട്, അവ പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തണം.

പ്രതിസന്ധികളെ സംബന്ധിച്ചിടത്തോളം, ഒരു വ്യക്തിയുടേതാകട്ടെ, ലോകത്തിന്റെതാകട്ടെ, ജീവിതത്തില്‍ എല്ലായ്‌പ്പോഴും പ്രശ്‌നങ്ങളുള്ള സാഹചര്യങ്ങളുണ്ടാകും. ചില പ്രതിസന്ധികള്‍ ദൃശ്യമാണ്. ചിലത് പിന്നീട് മാത്രമായിരിക്കും രംഗത്തെത്തുക. നമ്മുടെ ശരീരവും മനസ്സും ബുദ്ധിയും ജാഗ്രതയോടെയും ആരോഗ്യത്തോടെയും പ്രതികരണശേഷിയോടെയും ഇരിക്കുന്നിടത്തോളം കാലം പ്രതിസന്ധികളെ വിജയകരമായി നേരിടാനുള്ള സാധ്യതയും വര്‍ധിക്കും.

ഭാഗ്യവശാല്‍, നമ്മുടെ രാജ്യത്തിന്റെ സുരക്ഷാശേഷി, നമ്മുടെ സായുധസേനകളുടെ തയ്യാറെടുപ്പ്, നമ്മുടെ സര്‍ക്കാരിന്റെ സുരക്ഷാനയം, അന്തര്‍ദേശീയ രാഷ്ട്രീയത്തിലെ നമ്മുടെ വൈദഗ്ധ്യം എന്നിവയെല്ലാം നമ്മുക്ക് ജാഗ്രതയും ആത്മവിശ്വാസവും നല്‍കുന്ന തലത്തിലേക്ക് വളര്‍ന്നു. നമ്മുടെ കരയിലും സമുദ്രഅതിര്‍ത്തിയിലും സുരക്ഷാജാഗ്രത മികച്ചതാണ്. എന്നിരുന്നാലും കര അതിര്‍ത്തികളിലെ കാവല്‍ക്കാരുടെയും ചെക്ക്‌പോസ്റ്റുകളുടെയും എണ്ണവും സമുദ്രഅതിര്‍ത്തിയിലെ പ്രത്യേകിച്ച് ദ്വീപുകളിലെ നിരീക്ഷണവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. രാജ്യത്ത് തീവ്രവാദ അതിക്രമങ്ങള്‍ കുറഞ്ഞു. കീഴടങ്ങുന്ന തീവ്രവാദികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലും, ഒരോ മനുഷ്യനെ സംബന്ധിച്ചും എല്ലായ്‌പ്പോഴും വരാനിടയുള്ള ഒരു പ്രതിസന്ധിയെക്കുറിച്ച് ഉള്ളില്‍ ഭയമുണ്ട്. പല കുഴപ്പങ്ങള്‍ക്കും കാരണമാകുന്ന ഏജന്റുകള്‍ ശരീരത്തില്‍തന്നെയുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയാണെങ്കില്‍ അവയുടെ ആഘാതം ദൃശ്യമാകും, അല്ലാത്തപക്ഷം, ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാരതത്തിന്റെ ചിന്താപ്രക്രിയയുടെ ദിശയില്‍ ഒരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആ ഒരുമാറ്റം ഇഷ്ടപ്പെടാത്തവര്‍ വിദേശത്തും സ്വദേശത്തും ഉണ്ട്. വികസിതഭാരതം നിക്ഷിപ്തതാല്‍പ്പര്യക്കാരുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുന്നു. അത്തരം ശക്തികള്‍ ഭാരതം ശക്തവും ഊര്‍ജ്ജസ്വലവുമായിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍, ഭാരതത്തില്‍ നിലനില്‍ക്കുന്ന സാമൂഹികഐക്യവും, സമത്വവും ആവശ്യമായ തലത്തിലേക്കുയര്‍ന്നിട്ടില്ല. 

രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ ഈ സാഹചര്യം മുതലെടുക്കുന്നതായി കാണാന്‍ സാധിക്കും. ജാതി, മതം, ഭാഷ, പ്രദേശം എന്നിവയുടെ വൈവിധ്യങ്ങള്‍ പരസ്പരം വേര്‍തിരിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നു. സമൂഹത്തെ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് തിരിക്കുക, സമൂഹത്തില്‍ നിലവിലുള്ള തെറ്റുകളെ വീണ്ടും വിശാലമാക്കുക, നിര്‍മ്മിത വിഭജനങ്ങളില്‍ കെട്ടിച്ചമച്ച ഐഡന്റിറ്റികള്‍ അടിച്ചേല്‍പ്പിക്കുക, അതുവഴി ദേശീയ മുഖ്യധാരയില്‍ വൈരുദ്ധ്യമുള്ള പാതകള്‍ സൃഷ്ടിക്കുക, അത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ പ്രവൃത്തികളെ തിരിച്ചറിയുന്നതില്‍ ജാഗ്രതപാലിക്കുകയും അവ ബൗദ്ധികവും സാമൂഹികവുമായ തലങ്ങളില്‍ പ്രതിരോധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാരിലെയോ ഭരണസംവിധാനത്തിലെയോ വ്യക്തികളില്‍നിന്ന് വരുന്ന നല്ല അര്‍ത്ഥമുള്ള നയങ്ങള്‍, തീരുമാനങ്ങള്‍, എന്തിന് പ്രസ്താവനകള്‍പോലും തെറ്റായി വ്യാഖ്യാനിക്കാന്‍ ഈ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. നിരന്തരജാഗ്രത അത്യാവശ്യമാണ്. ഈ പ്രവര്‍ത്തനങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുമ്പോള്‍, രാജ്യത്തിന്റെ സിവില്‍ അച്ചടക്കത്തോടും നിയമത്തോടും അതൃപ്തി സൃഷ്ടിക്കാന്‍ പരസ്യമായും രഹസ്യമായും ശ്രമങ്ങള്‍ നടക്കുന്നു. ഇത് എല്ലാ തലങ്ങളിലും നേരിടേണ്ടതുണ്ട്. 

ഇക്കാലത്ത്, നമ്മുടെ സമൂഹത്തില്‍ ഒരു സമുദായത്തിലെ അംഗങ്ങളെ മറ്റൊരു സമുദായം അക്രമിക്കുകയും അവരെ സാമൂഹിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത്തരം സംഭവങ്ങള്‍ ഏകപക്ഷീയമല്ല. ഇരുവശത്തുനിന്നും ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ട്. ചില സംഭവങ്ങള്‍ മനപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും മറ്റുചിലത് വികലമായ രീതിയില്‍ പ്രസിദ്ധീകരിച്ചതാണെന്നുമുള്ള വിവരം വെളിച്ചത്തുവന്നിട്ടുണ്ട്. ഇത്തരം അക്രമപ്രവണതകള്‍ ക്രമസമാധാനം തകര്‍ക്കുകയും സമൂഹത്തിലെ പരസ്പരബന്ധത്തെ നശിപ്പിക്കുകയും ചെയ്യുന്നു എന്ന വസ്തുത നാം അംഗീകരിക്കണം. ഈ അക്രമപ്രവണതകള്‍ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമല്ല. ഭരണഘടനയുടെ അന്തസത്തയ്ക്കു നിരക്കുന്നതുമല്ല. അഭിപ്രായവ്യത്യാസം എത്ര ആഴത്തിലുള്ളതാണെങ്കിലും, എത്രതന്നെ പ്രകോപനപരമായ നടപടികള്‍ നടന്നാലും ഭരണഘടനയുടെ പരിധിക്കുള്ളില്‍നിന്നുകൊണ്ട് അത്തരം കേസുകള്‍ പോലീസിന് കൈമാറുകയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യണം. സ്വതന്ത്രരാഷ്ട്രത്തിലെ പൗരന്മാരുടെ കടമ ഇതാണ്. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ട ആളുകളെ സംഘം ഒരിക്കലും പിന്തുണച്ചിട്ടില്ല, മാത്രമല്ല ഇത്തരം പ്രവൃത്തികളെ സംഘം എതിര്‍ക്കുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ സ്വയംസേവകര്‍ പ്രയത്‌നിക്കുന്നുണ്ട്. ഭാരതത്തിന് അന്യമായ  ഇത്തരം സംഭവങ്ങളെ 'ലിഞ്ചിംഗ്' എന്ന് പേരുവിളിച്ച് നമ്മുടെ രാജ്യത്തെയും മുഴുവന്‍ ഹിന്ദുസമൂഹത്തെയും അപകീര്‍ത്തിപ്പെടുത്താനും ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പ്രകോപനപരമായ ഭാഷയില്‍ സംസാരിക്കുന്നതില്‍നിന്നും പ്രകോപനപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍നിന്നും എല്ലാവരും മാറിനില്‍ക്കണം. ഒരു നിര്‍ദ്ദിഷ്ട സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി വാദിക്കുന്നതിന്റെ പേരില്‍ നമ്മുടെ സമൂഹത്തിലെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ സൃഷ്ടിക്കുകയും സ്വന്തം താല്പര്യസംരക്ഷണം നടത്തുകയും ചെയ്യുന്നവരെ നാം പ്രോത്സാഹിപ്പിക്കരുത്. ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിന് മതിയായ നിയമങ്ങള്‍ രാജ്യത്ത് നിലവിലുണ്ട്. അവ സത്യസന്ധമായും കര്‍ശനമായും നടപ്പാക്കണം.

സമൂഹത്തിലെ വിവിധവിഭാഗങ്ങള്‍ പരസ്പരം സൗഹാര്‍ദ്ദവും സംഭാഷണവും സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. ഇന്നത്തെ സാഹചര്യത്തില്‍, സമൂഹത്തിലെ എല്ലാവിഭാഗങ്ങളില്‍ ഉള്ളവരുമായും സൗഹാര്‍ദ്ദത്തിനും ഐക്യത്തിനും സഹകരണത്തിനുംവേണ്ടി പ്രവര്‍ത്തിക്കണം. നമ്മുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും നമ്മുടെ താല്‍പ്പര്യങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുമ്പോഴും ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള സംഭാഷണങ്ങളും സഹകരണങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് സംഘസ്വയംസേവകര്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും ചില കാര്യങ്ങളില്‍ തീരുമാനങ്ങള്‍ കോടതികള്‍ എടുക്കേണ്ടതുണ്ട്. തീരുമാനം എന്തുതന്നെയായാലും, വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ പരസ്പരസൗഹാര്‍ദ്ദത്തെ വ്രണപ്പെടുത്തരുത് എന്നത് ഉത്തരവാദിത്തമുള്ള പൗരന്മാരുടെ കടമയാണ്. ഇത് ഏതെങ്കിലും ഒരു സമുദായത്തിന്റെമാത്രം ഉത്തരവാദിത്തമല്ല. മറിച്ച് മുഴുവന്‍പേരുടെയും ഉത്തരവാദിത്തമാണ്. 

ലോക സമ്പദ്‌വ്യവസ്ഥയിലുണ്ടായ മാന്ദ്യം എല്ലായിടത്തും ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള ആഗോള വ്യാപാരയുദ്ധത്തിന്റെ ഫലമായി ഭാരതം ഉള്‍പ്പെടെയുള്ള പല രാജ്യങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ സ്ഥിതിഗതികള്‍ നേരിടാനുള്ള നിരവധി മുന്‍കരുതലുകള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കാനുള്ള സര്‍ക്കാരിന്റെ സംവേദനക്ഷമതയെയും സത്വരവും സജീവവുമായ മനോഭാവത്തെയുംകുറിച്ച് ഇത് വ്യക്തമായ സൂചന നല്‍കുന്നു. മാന്ദ്യത്തില്‍നിന്ന് നാം തീര്‍ച്ചയായും പുറത്തുവരും. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന വ്യക്തിത്വങ്ങള്‍ മതിയായ കഴിവുള്ളവരാണ്.

(തുടരും)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.