സമ്പൂര്‍ണ സംഘകുടുംബം

Sunday 13 October 2019 1:37 am IST

ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരെ നേരത്തെ വിളിക്കും എന്ന ഒരു ചൊല്ലു കേട്ടിട്ടുണ്ട്. മുപ്പത്തിയൊന്‍പതാം വയസ്സില്‍ സ്വാമി വിവേകാനന്ദന്‍ സമാധിയായതിനെയും ശ്രീശങ്കരാചാര്യര്‍ മുപ്പതാം വയസ്സില്‍ സര്‍വജ്ഞപീഠം കയറിയശേഷം ബ്രഹ്മവിലീനനായതിനെയും അതിനുദാഹരണമായി പലരും ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍, കേന്ദ്രമന്ത്രിസഭയില്‍ പ്രശസ്തമായ സേവനമനുഷ്ഠിച്ചുവന്ന  പ്രഗത്ഭരായ  മനോഹര്‍ പരീക്കര്‍, അനന്തകുമാര്‍, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ അന്തരിച്ചപ്പോഴും അവരെല്ലാം ഇനിയും എത്രയോ വര്‍ഷക്കാലം സജീവമായ രാഷ്ട്രസേവനം അനുഷ്ഠിക്കേണ്ടവരായിരുന്നു എന്ന് എല്ലാവരും പ്രതികരിച്ചിരുന്നു. അവരൊക്കെത്തന്നെ സംഘത്തിന്റെ ആദര്‍ശത്താല്‍ പ്രേരിതരായി പൊതുരംഗത്തു വന്നവരും, അതു നിറവേറ്റുന്നതിന് ഏല്‍പ്പിക്കപ്പെട്ട ചുമതല വഹിച്ചവരുമായിരുന്നു. ആ നിരയില്‍ അഗ്രഗണ്യസ്ഥാനത്ത് സംഘസ്ഥാപകനായ പൂജനീയ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ തന്നെയാണുള്ളത്. വജ്രസമാനമായ ശരീരം സംഘനിര്‍മാണത്തിനായി അനവരതം പ്രയത്‌നിച്ചതിന്റെ ഫലമായിരുന്നു അന്‍പതുവയസ്സായപ്പോഴേക്കും എരിഞ്ഞടങ്ങി അവസാനിച്ചത്.

ഭാരതത്തിന്റെ നവോത്ഥാനത്തിനും പുതിയൊരു ഭാവാത്മക രാഷ്ട്രീയ സംസ്‌കാരത്തിനും വഴിതെളിച്ച മഹാപുരുഷന്മാര്‍ ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജിയും പണ്ഡിത് ദീനദയാല്‍ ഉപാദ്ധ്യായയും അന്‍പതാം വയസ്സില്‍ വ്യത്യസ്ത പരിതസ്ഥിതികളില്‍ ജീവന്മുക്തരായി. അവരുടെ ബലിദാനങ്ങള്‍ വ്യര്‍ത്ഥമായില്ല എന്ന് ശ്യാം ബാബു ജീവന്‍ വെടിയേണ്ടി വന്ന ആ കാരണത്തെ ഉന്മൂലനം ചെയ്തുകൊണ്ട് പിന്മുറക്കാരന്‍ നരേന്ദ്ര മോദി ഭരണഘടനയുടെ 370-ാം വകുപ്പ് നിര്‍മാര്‍ജനം ചെയ്തു. ദീനദയാല്‍ജിയ്ക്കു വെളിപ്പെട്ട ഏകാത്മ മാനവ ദര്‍ശനമാകട്ടെ കാലദേശാനുസൃതമായി ഭാരത ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നു. ദീനദയാല്‍ജിയുടെ ദര്‍ശനത്തെ ഉള്‍ക്കൊണ്ട്, അതുവരെ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന മഹാപ്രതിഭാശാലി ഡോ. രഘുവീര ജനസംഘത്തിലെത്തുകയും അദ്ധ്യക്ഷ സ്ഥാനം വഹിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ലഖ്‌നൗവില്‍ ചെയ്ത അദ്ധ്യക്ഷ ഭാഷണം മഹത്തായ ഉള്‍ക്കാഴ്ചയേകുന്നതായി. ഡോ. രഘുവീര ആചാര്യകൃപലാനിയുടെ വിജയത്തിനായി തെരഞ്ഞെടുപ്പു പ്രചാരണത്തിലേര്‍പ്പെട്ടു പ്രവര്‍ത്തിക്കവേ അന്‍പതാം വയസ്സില്‍ അപ്രതീക്ഷിതമായി അന്തരിച്ചു. ജനസംഘത്തിലും ഭാരതീയ ജനതാ പാര്‍ട്ടിയിലും സമുന്നത പങ്കുവഹിച്ച പ്രമോദ് മഹാജനും ഗോപിനാഥ മുണ്ടേയും എല്ലാവരെയും സങ്കടത്തിലാക്കിക്കൊണ്ട് ദുരന്തത്തില്‍ പെടുകയുണ്ടായി.

ഇവരൊക്കെ ബാല്യം മുതല്‍ അല്ലെങ്കില്‍ മുതിര്‍ന്നശേഷം രാഷ്ട്രീയ സ്വയംസേവക സംഘം മുന്നോട്ടുവച്ച ആദര്‍ശത്തെ ഉള്‍ക്കൊണ്ടവരായിരുന്നു. അവരുടെ ജീവിതം പിന്നാലെ വന്നവര്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം അമൃത ആശുപത്രിയില്‍ അഞ്ചാഴ്ചക്കാലം ചികിത്സയില്‍ കഴിഞ്ഞശേഷം ജീവിതം അവസാനിപ്പിച്ച തൊടുപുഴയിലെ സ്വയംസേവകന്‍ ലാല്‍കൃഷ്ണയുടെ ഓര്‍മകളാണ് ഇതെഴുതാന്‍ പ്രേരണയായത്. സമ്പൂര്‍ണ സംഘ കുടുംബമെന്ന് ഏതു നിലയിലും പറയാവുന്ന കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. ലാലിന്റെ ജീവിതത്തെയും ജീവിതകൃത്യങ്ങളെയും കഴിഞ്ഞ ദിവസങ്ങളിലായി ജന്മഭൂമിയിലും ജനം ടിവിയിലും യഥാതഥമായി വന്നത് എല്ലാവരും ശ്രദ്ധിച്ചിരിക്കും. അച്ഛന്‍ പി.എന്‍. രാമകൃഷ്ണന്‍ തന്റെ ശരീരഭാഗം പോലെയായിത്തീര്‍ന്ന സൈക്കിളില്‍ സഞ്ചരിച്ചെത്താത്ത സ്ഥലമില്ല. സംഘവുമായി ബന്ധപ്പെട്ട ഒരു പരിപാടിയും ഒഴിവാക്കാതെ, ഏല്‍പ്പിക്കപ്പെട്ട ഏതു ചുമതലയും പരിപൂര്‍ണമായ ചുമതലാബോധത്തോടും തികഞ്ഞ അച്ചടക്കത്തോടും നിര്‍വഹിച്ചുവരുന്ന ആളാണ് രാമകൃഷ്ണന്‍.  പെരുമ്പള്ളിച്ചിറയിലെ സാന്ദീപനി വിദ്യാലയ പരിസരത്തു നടക്കുന്ന ശ്രീകൃഷ്ണപുരം പ്രഭാതശാഖയില്‍ ഇന്നും മുടങ്ങാതെ എത്തുന്നു. ഓരോ പരിപാടിയിലും നിര്‍ദ്ദിഷ്ടമായ ഗണവേഷത്തില്‍ത്തന്നെയെത്തി, നാലുനാള്‍ മുമ്പത്തെ വിജയദശമി വരെ. മകന്‍ ലാല്‍ കൃഷ്ണയുടെ ശ്രമഫലമായി ആരംഭിച്ചു പ്രവര്‍ത്തിക്കുന്ന ജനഔഷധി മെഡിക്കല്‍ ഷോപ്പില്‍ എന്നും രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതുവരെ കാണും. സംഘപരിവാറുമായി ബന്ധപ്പെട്ടു താന്‍ പങ്കെടുക്കണമെന്ന് പ്രതീക്ഷിക്കപ്പെട്ട ഒരു പരിപാടിയും അദ്ദേഹം ഒഴിവാക്കില്ല.

അദ്ദേഹത്തിന്റെ ധര്‍മപത്‌നി പദ്മകുമാരിയാകട്ടെ മാതൃശക്തിജാഗരണത്തിന് ആള്‍രൂപംകൊണ്ടതുപോലെ ആയിരുന്നു. എല്ലാറ്റിനും മുന്നില്‍ത്തന്നെ. ഇരുവരും തങ്ങളുടെ മക്കളെയും അതിനനുസരിച്ച് സംസ്‌കാരം നല്‍കി വളര്‍ത്തി. മൂത്തമകന് ലാല്‍ കൃഷ്ണ എന്ന പേര് നല്‍കിയതില്‍ തന്നെ നമുക്കത് കാണാന്‍ കഴിയും. ക്ഷേത്രസംരക്ഷണ സമിതിയുടെയായാലും വിശ്വഹിന്ദു പരിഷത്തിന്റെയായാലും മഹിളാമോര്‍ച്ചയുടെയായാലും ഏതു പരിപാടിയിലും അവരുടെ പങ്കാളിത്തം അതിനര്‍ഹമായ രീതിയില്‍ കണ്ടിരിക്കും. മാതൃശക്തിയുടെ ഗൃഹസമ്പര്‍ക്കത്തിന് നേതൃത്വം വഹിക്കാനും മറ്റുള്ള പ്രചോദനം നല്‍കാനുമുള്ള കഴിവ് അവര്‍ക്കു ധാരാളമായുണ്ട്.

മകള്‍ ഗീതാ കൃഷ്ണ പെരുമ്പാവൂരിനടുത്തു വളയന്‍ചിറങ്ങര സ്‌കൂളില്‍ അധ്യാപികയാണ്. സാധാരണയായി സംഘപരിശീലന ശിബിരങ്ങള്‍ക്ക് ആ സ്‌കൂള്‍ ലഭ്യമാകാറുണ്ട്. പ്രാഥമിക ശിബിരമോ പ്രഥമ, ദ്വിതീയ വര്‍ഷ ശിബിരങ്ങളോ. ആ ശിബിരത്തിന്റെ നടത്തിപ്പില്‍  സജീവമാകുന്ന സംഘാധികാരിമാര്‍ക്ക് അവര്‍ സ്വഭവനത്തില്‍ ആതിഥേയത്വം നല്‍കുന്നു.

പറഞ്ഞുവന്നത് സമ്പൂര്‍ണ സംഘകുടുംബമെന്ന സങ്കല്‍പ്പത്തില്‍പ്പെടുത്താവുന്ന കുടുംബത്തിലെ അംഗമായിരുന്നു ലാല്‍ കൃഷ്ണ എന്നാണ്. 19 വര്‍ഷക്കാലത്തെ സൈനിക സേവനത്തില്‍ ഭാരതം മുഴുവനും തന്നെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. കശ്മീരിലെ അത്യന്തം വിഷമകരമായ അവസ്ഥയില്‍ വെടിയുണ്ടകള്‍ ചീറിപ്പായുന്നതിനിടയില്‍ തന്റെ സൈനിക വ്യൂഹത്തെ നയിച്ച ദിനരാത്രങ്ങളെപ്പറ്റി അദ്ദേഹം പറയുമായിരുന്നു, അന്വേഷിച്ചാല്‍ മാത്രം. ''ജിസ്‌നേ വിപ്ലവ് രാഗ് ആലാപേ രിമഝിമ ഗോലികേ വര്‍ഷണമേ'' എന്ന ഗണഗീതം അങ്ങേയറ്റം വികാരനിര്‍ഭരമായി തലശ്ശേരിയിലെ സംഘചാലക് സി. ചന്ദ്രേട്ടന്‍ പാടിയപ്പോള്‍ യുദ്ധകാലത്തെപ്പറ്റി ലാല്‍കൃഷ്ണ വിവരിച്ചത് ഓര്‍മവരുമായിരുന്നു.

തിരക്കേറിയ തന്റെ സൈനിക സേവനം നേരത്തെ അവസാനിപ്പിക്കാനും ഒരു കാരണമുണ്ടായി. പ്രധാനമന്ത്രിയുടെ സൈനിക ഉപദേശക സമിതിയിലേക്കുള്ള പ്രത്യേക പരീക്ഷയില്‍ ഒന്നാമനായിരുന്നിട്ടും, നിയമനം കൊടുക്കാത്തതിനാല്‍ (അതിന്റെ കാരണം അനുക്തസിദ്ധമായിരുന്നു. കോണ്‍ഗ്രസ്സ് ഭരണത്തില്‍) നേരത്തെ ഡിസ്ചാര്‍ജു വാങ്ങുകയായിരുന്നു.

സേവനകാലത്തും അതിനുശേഷവും അക്കാദമിക രംഗത്തെ പരിശ്രമങ്ങള്‍ തുടര്‍ന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും സമ്പാദിച്ചത്, അവയിലെ നേട്ടങ്ങള്‍ കരസ്ഥമാക്കിയശേഷമാണ് എല്ലാവരും അറിഞ്ഞത്. അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ചുമതല വഹിച്ചപ്പോള്‍ എത്ര ചടുലമായ നീക്കങ്ങളാണവിടെ നടന്നത്! സൈനിക നീക്കങ്ങള്‍പോലെ മുന്നേറിയ അതിനോടും പൊരുത്തപ്പെട്ടു നീങ്ങാന്‍ മറ്റുള്ളവര്‍ക്ക് പ്രയാസമായി. ജനം ടിവിയുടെ മുഖ്യ ചുമതല വഹിച്ചപ്പോല്‍ അതിനെ ന്യൂസ് ചാനലാക്കുന്നതിനും മലയാള ചാനലുകളില്‍ മൂന്നാം സ്ഥാനം വരെയെത്തിക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചു. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനകാലത്ത് കണ്ണൂര്‍ ജില്ലയില്‍ കൈരളി ടിവി അല്ലാതെ മറ്റൊരു ചാനലും കാണാന്‍ അനുമതിയില്ലാത്ത ഒരു പാര്‍ട്ടി ഗ്രാമത്തില്‍ ഡിഷ് വച്ച് ജനം ടിവി പ്രവര്‍ത്തിപ്പിച്ച ഒരു സ്വയംസേവകന്റെ വീട്ടില്‍ നിന്ന്, രാത്രി ഒന്‍പതുമണിയുടെ വാര്‍ത്ത കഴിഞ്ഞ് ജനങ്ങള്‍ ഇറങ്ങിപ്പോയതു കണ്ടാല്‍ തെയ്യം കഴിഞ്ഞ തിരക്ക് ഓര്‍മ വന്നിരുന്നുവെന്ന് ഒരാള്‍ പറയുകയുണ്ടായി.

ഇന്ന് എറണാകുളം സംഭാഗ് സഹകാര്യവാഹ് ആര്‍. രാജേഷ്, ലാല്‍ കൃഷ്ണയുടെ അനുജനാണ്. ആ സഹോദരന്മാര്‍ കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്തു ശബരിമല സന്നിധാനത്ത് ചെയ്ത സേവനങ്ങള്‍ അത്യധികം ആവേശകരമായിരുന്നു. അതിന് മുന്‍പ് ഭയങ്കരമായ പ്രളയജലത്തില്‍ പെരിയാര്‍ മൂവാറ്റുപുഴയാര്‍ താഴ്‌വാരങ്ങള്‍ആമഗ്നമായപ്പോള്‍ ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നടുനായകത്വം വഹിച്ച് ജാതിമതഭേദമെന്യേ സകലരുടെയും പ്രശംസ പിടിച്ചുപറ്റിയ രാജേഷ് തീര്‍ത്ഥാടനക്കാലത്തെ വിശ്വാസ സംരക്ഷണ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍നിന്ന് 300 ലേറെ കേസുകള്‍ ചുമത്തപ്പെട്ട്, സര്‍ക്കാര്‍ ജോലിയിലെ സസ്‌പെന്‍ഷനിലാണിപ്പോഴും. ലാല്‍കൃഷണയാകട്ടെ കോടതികാര്യങ്ങള്‍ക്കു കൂടി മേല്‍നോട്ടം വഹിച്ചു.

ലാല്‍ കൃഷ്ണയുടെ പ്രവര്‍ത്തനത്തിന്റെ മറ്റൊരു വശം പലര്‍ക്കുമറിയാതെയുണ്ട്. മറ്റു മതങ്ങളുടെ ആദ്ധ്യാത്മിക ഭാവങ്ങള്‍ അവയുടെതന്നെ തലപ്പത്തുള്ളവരില്‍നിന്ന് നേരിട്ടു ഗ്രഹിക്കാന്‍ നടത്തിയ ശ്രമങ്ങളാണത്. അതിനായി പാണക്കാട്ടു തങ്ങളെയും, കാന്തപുരം മുസലിയാരെയും കണ്ടു ചര്‍ച്ചകള്‍ നടത്തിയതും അവരുടെ സൗമനസ്യ സമീപനത്തെക്കുറിച്ചും ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. താന്‍ സംഘത്തിന്റെ സജീവ പ്രവര്‍ത്തകനാണെന്നു പറഞ്ഞുകൊണ്ടുതന്നെയായിരുന്നു അവരെ സമീപിച്ചതും.

അവര്‍ ഇസ്ലാം മതതത്ത്വങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും അദ്ദേഹത്തിനു കൊടുത്തിരുന്നു. ഇത്തരം ചര്‍ച്ചകള്‍ തുടരാന്‍ അവര്‍ക്ക് താല്‍പര്യമുണ്ട്. ഹൈന്ദവ തത്വങ്ങളുടെ ഉള്ളറകളില്‍ കൂടുതല്‍ അവഗാഹം നേടാനുള്ള ശ്രമത്തിലാണ് താനെന്നും ലാല്‍ കൃഷ്ണ പറഞ്ഞിരുന്നു.

മെഡിക്കല്‍ സേവന രംഗത്തുതന്നെ മേജര്‍ ആയ  അമ്പിളിയെയാണ് ലാല്‍ സഹധര്‍മിണിയാക്കിയത്. തന്റെ കര്‍മപഥത്തില്‍ അവരെ സഹയാത്രികയുമാക്കി. പൊന്‍കുന്നത്തെ ഹിന്ദു മെഡിക്കല്‍ മിഷന്‍ ആശുപത്രി പ്രവര്‍ത്തനം നവീകരിച്ചപ്പോള്‍ അതിന്റെ നടത്തിപ്പ് മേജര്‍ അമ്പിളി ഏറ്റെടുത്തു. മുഴുവന്‍ ശേഷിയും അതില്‍ പ്രയോഗിച്ചുവരവേ മകന്റെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധ ചെലുത്താനായി തൊടുപുഴയില്‍ തിരിച്ചുവന്നതേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഈ ആഘാതം. അതിനെ ദൃഢമനസ്‌കയായി നേരിടാന്‍ ദൈവാനുഗ്രഹം ഉണ്ടാകുമെന്നുറപ്പ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.