രാജ്യത്തെ നയിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍

Saturday 9 November 2019 2:41 am IST

'നോട്ട് റദ്ദാക്കല്‍ നടപ്പിലാക്കിയില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സമ്പദ്ഘടന പൂര്‍ണ്ണമായും തകരുമായിരുന്നു'. സാമ്പത്തിക രംഗത്ത് ശ്രദ്ധേയനായ എസ്. ഗുരുമൂര്‍ത്തിയുടെ നിരീക്ഷണമാണിത്. നരേന്ദ്രമോദി സര്‍ക്കാര്‍ നോട്ട് റദ്ദാക്കിയതിന്റെ മൂന്നാം വാര്‍ഷികമാണ് കടന്നുപോയത്. സ്വാഭാവികമായും കള്ളപ്പണം നഷ്ടപ്പെട്ടവരും കള്ളപ്പണം കൊണ്ട് ജീവിതം ആസ്വദിച്ചിരുന്നവരുമൊക്കെ ഇതിനെതിരെ അഭിപ്രായ പ്രകടനവുമായി വരുന്ന സമയം. അത്തരക്കാരുടെ അനവധി പ്രസ്താവനകള്‍ നാം കാണുകയുണ്ടായി. അതിനിടയ്ക്കാണ് ഈ സുപ്രധാന നിരീക്ഷണം നടത്താന്‍ ഗുരുമൂര്‍ത്തി തയ്യാറായിരിക്കുന്നത്. 2003ലെ ഫിസ്‌ക്കല്‍ റെസ്‌പോണ്‍സിബിലിറ്റി & ബജറ്റ് മാനേജ്മെന്റ് നിയമം (എഫ്ആര്‍ബിഎം നിയമം)  ഭേദഗതി ചെയ്യണം എന്നും ഗുരുമൂര്‍ത്തി നിര്‍ദ്ദേശിക്കുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത് ഈ നിയമത്തിന്റെ വെളിച്ചത്തിലാണ്. എന്താവാം ഇതിലേയ്‌ക്കൊക്കെ ഗുരുമൂര്‍ത്തിയെ എത്തിച്ചത്? ശ്രദ്ധിക്കേണ്ടത്, നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്ന സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ രാജ്യത്തിന് എന്ത് ഗുണമാണ് ഉണ്ടാക്കിയതെന്നാണ്. അതാണല്ലോ ചര്‍ച്ചാവിഷയം.

ഇന്ത്യയില്‍ വലിയ സാമ്പത്തിക വിദഗ്ദ്ധന്മാരൊക്കെ അണിയറയിലും മുന്‍നിരയിലും പ്രവര്‍ത്തിച്ചിരുന്നെങ്കിലും ആ  മേഖലയില്‍ വലിയ പരിഷ്‌കാരങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അല്ലെങ്കില്‍ തീരുമാനമെടുക്കാന്‍ ഭയപ്പെട്ടിരുന്നു. 'പരിഷ്‌ക്കാരങ്ങള്‍ക്ക് തുനിഞ്ഞാല്‍ നടപ്പിലാക്കാനായേക്കും, പക്ഷെ എന്തെങ്കിലും പാളിച്ച സംഭവിച്ചാല്‍ രാജ്യത്തിന്, എന്നതിലുപരി സ്വന്തം രാഷ്ട്രീയ നിലനില്‍പ്പ് പ്രശ്‌നമാവില്ലേ.' അങ്ങനെയാണ് പല പ്രമുഖ ഭരണകര്‍ത്താക്കളും ചിന്തിച്ചത്. അത് ഇന്ത്യന്‍ സമ്പദ്ഘടനയെ കുറച്ചൊന്നുമല്ല തളര്‍ത്തിയത്. നരേന്ദ്രമോദി അങ്ങനെയായിരുന്നില്ല. മാറ്റങ്ങള്‍ ഉണ്ടായേ തീരൂവെന്ന് അദ്ദേഹം നിശ്ചയിച്ചു. മാറ്റങ്ങള്‍ രാഷ്ട്രത്തിന് വേണ്ടിയാവണമെന്നും തീരുമാനിച്ചു. അതാണ് യഥാര്‍ഥ ഭാവാത്മകമായ ചിന്ത. എനിക്ക് ഒന്നും വേണ്ട, എല്ലാം രാജ്യതാല്‍പര്യം എന്ന് പറയാനും ചെയ്യാ

നും ഒരാളുള്ളപ്പോള്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാവില്ല. ഇക്കാര്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ടേ മോദിസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ പ്രക്രിയയെയും അതിന്റെ ഗുണദോഷങ്ങളെയും വിലയിരുത്താവൂ.

കുറെ വര്‍ഷങ്ങളായി സമ്പദ്ഘടനയെ നിയന്ത്രിച്ചിരുന്നത് സമാന്തര സാമ്പത്തിക സംവിധാനമായിരുന്നു. കണക്കില്‍പ്പെട്ടതിനേക്കാള്‍ ഏറെ പണം കള്ളനോട്ടായും കള്ളപ്പണമായും പ്രചാരത്തിലുണ്ടായിരുന്നു. പി. ചിദംബരം ധനകാര്യ മന്ത്രിയായിരിക്കെ ഇന്ത്യയുടെ കറന്‍സി അച്ചടിക്കാന്‍ വിദേശത്തെ പ്രസ്സിന് കരാര്‍ കൊടുത്തത് ഏറെ വിവാദമായതാണ്. ലണ്ടനിലെ 'ഡി ലാറു' എന്ന സ്ഥാപനമാണ് ആ ജോലി ചെയ്തത്.  എന്നാല്‍ അതിലേറെ ശ്രദ്ധിക്കപ്പെട്ടത്,  ലണ്ടനിലെ അതേ പ്രസ്സില്‍ തന്നെയാണ് പാക്കിസ്ഥാന്റെ കറന്‍സി അച്ചടിച്ചിരുന്നതും എന്നതാണ്. 'ഇന്ത്യന്‍ ടച്ച്' ഉള്ള കറന്‍സികള്‍ അതുകൊണ്ട് തന്നെ പാക്കിസ്ഥാന് വേണ്ടതിലധികം അച്ചടിക്കാനും ഇവിടത്തെ വിധ്വംസക-ഭീകര പ്രസ്ഥാനങ്ങളെ അടക്കം സഹായിക്കാനും സാധിച്ചിരുന്നു. ഭീകരരും മറ്റും കഴിഞ്ഞാല്‍ അതിന്റെ മറ്റൊരു പ്രധാന ഗുണഭോക്താവ് ചിദംബരവും കോണ്‍ഗ്രസുമൊക്കെയാവണം. നോട്ട് റദ്ദാക്കപ്പെട്ടപ്പോള്‍ മുംബൈ, ദല്‍ഹി എന്നിവിടങ്ങളിലെ ചില 

പുതുതലമുറ ബാങ്കുകള്‍ രാത്രികള്‍ പകലാക്കി പലരെയും സഹായിച്ചതും പിന്നീട് പുറത്തുവന്നു. അത് ആര്‍ക്കുവേണ്ടിയാണെന്നത് സര്‍ക്കാരിനറിയാം. ആ അന്വേഷണവും നടപടികളുമൊക്കെ വഴിയേ വരാനിരിക്കുന്നതേയുള്ളൂ. അതുപോലെ കണക്കില്‍ പെടാത്ത പണം വീട്ടിലും ഗോഡൗണുകളിലും 'സുരക്ഷിതമായി' സൂക്ഷിച്ചവര്‍ക്ക് നിരാശയും പ്രയാസവുമൊക്കെ ഉണ്ടായി. എന്നാല്‍, ആ റദ്ദാക്കല്‍ പ്രഖ്യാപിച്ചപ്പോഴും ആരുടെ കൈവശമുള്ള എത്ര കോടിയുടെ നോട്ടുകളും ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. അത് കണക്കില്‍പെടുമെന്ന് മാത്രം. അതിന് തയാറാവാത്തവരുടെ പ്രശ്‌നം, ഇതിന്റെയൊക്കെ കണക്ക് പുറത്തുപറയേണ്ടിവരും എന്നതായിരുന്നല്ലോ. അവര്‍ക്ക് ദുഃഖമുണ്ടായെങ്കില്‍ രാജ്യം ദു:ഖിക്കേണ്ടതില്ല. 

എന്താണ് ഇതുകൊണ്ടുണ്ടായ നേട്ടങ്ങള്‍, കോട്ടങ്ങള്‍? കമ്പോളത്തില്‍ പണത്തിന്റെ ലഭ്യത കുറഞ്ഞു എന്നതാണ് ഒരു ആക്ഷേപം. ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ന്നെന്ന് നിലവിളിച്ച് കൂവുന്നവരെ നാം കാണുന്നുണ്ടല്ലോ. അതിലേറെയും രാഷ്ട്രീയക്കാരാണ്. അവര്‍ക്കാണ് പ്രശ്‌നങ്ങളേറെയും. രൊക്കം പണമായി ആളുകള്‍ കയ്യില്‍ സൂക്ഷിക്കുന്നതും കയ്യില്‍ വെച്ച് ചെലവഴിക്കുന്നതും ഗണ്യമായി കുറയുന്നതാണ് രാജ്യം കണ്ടത്. അത് സ്വാഭാവികമായും താഴെത്തട്ടിലെ പണമൊഴുക്കിനെ ബാധിച്ചിട്ടുണ്ട്. ആവശ്യമുള്ളതേ വാങ്ങേണ്ടതുള്ളൂ എന്ന വിചാരവും സ്വഭാവവും ജനങ്ങളില്‍ അത് കുറെയൊക്കെ സൃഷ്ടിച്ചു. ഓണ്‍ലൈന്‍ വ്യാപാരം പക്ഷെ പ്രതീക്ഷിക്കാത്ത വിധത്തില്‍ വളരുന്നതാണ് കണ്ടത്. ഇക്കഴിഞ്ഞ നവരാത്രി-ദീപാവലി ഉത്സവ സീസണില്‍ ആദ്യ ആറുദിവസം കൊണ്ട് ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും നടത്തിയത് 19,000 കോടിയുടെ ബിസിനസാണ്. മുഴുവന്‍ കണക്കും വെളിച്ചത്ത് വന്നിട്ടില്ല. ഒരു അന്താരാഷ്ട്ര ഏജന്‍സി പറഞ്ഞത് 3.7-4.00 ബില്യണ്‍ ഡോളര്‍ വരെ ആവുമെന്നാണ്. ഇവിടെ നാം ശ്രദ്ധിക്കേണ്ടത്, ആമസോണ്‍ അധികൃതരുടെ കണ്ടെത്തലില്‍ ഇന്ത്യയിലെ ചെറുകിട- ഇടത്തരം പട്ടണങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നുമാണ് ഇത്തവണ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചത് എന്നാണ്. രാജ്യത്തെ 94-95 ശതമാനം പോസ്റ്റല്‍ കോഡ് മേഖലകളില്‍നിന്നും തങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചെന്ന് അവര്‍ പറയുന്നു. ഫ്‌ളിപ്പ്കാര്‍ട്ട് പറഞ്ഞത്, അവരെ ആശ്രയിക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ അന്‍പത് ശതമാനത്തിലേറെ വര്‍ധിച്ചെന്നാണ്. ഇത് ഇന്ത്യയിലുണ്ടായ സാമ്പത്തിക പരിഷ്‌കാരത്തിന്റെ ഫലമല്ലെങ്കില്‍ പിന്നെ എന്താണ്? സാധാരണക്കാര്‍ക്ക് ഗ്രാമങ്ങളില്‍ പോലും ഇന്റര്‍നെറ്റ് ലഭ്യമാണ്. അവരൊക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. ആവശ്യമുള്ളത് ഓണ്‍ലൈന്‍ ആയി വാങ്ങുന്നു. വാണിജ്യ മേഖലയിലുണ്ടായ പരിഷ്‌കാരങ്ങളോട് ജനങ്ങള്‍ ഇത്രവേഗം ഇഴുകിച്ചേരുന്നു എന്നതും കാണേണ്ടതുണ്ട്. നാട്ടില്‍ സര്‍വത്ര വ്യാപാര മാന്ദ്യമാണെന്ന് ആക്ഷേപിക്കുന്ന വേളയിലാണ് ഈ വലിയ വ്യാപാര കുതിപ്പ് രാജ്യം അനുഭവിക്കുന്നത്. ഓരോ പൈസയും കണക്കില്‍ പെടുന്നു. അതിന് നികുതി കിട്ടുന്നു. 

ഇത് സാധാരണക്കാരുടെ കാര്യം. വാഹന വിപണിയുടെ കാര്യമോ? പട്ടിണിപ്പാവങ്ങള്‍ അല്ലല്ലോ കാറും ലോറിയും ബസുമൊക്കെ വാങ്ങുന്നത്. ഈ ദേശീയ ഉത്സവ സീസണില്‍ കാര്‍ വിപണി സര്‍വകാല റെക്കോഡിട്ടു. കാര്‍ കമ്പനികള്‍ 

പൂട്ടിപ്പോകുന്നു, ഇവിടെ തൊഴില്‍ നഷ്ടപ്പെടുന്നു എന്നും ചിലരൊക്കെ ആക്ഷേപിച്ചത് മറക്കരുത്. അന്ന് അതിനെയും നോട്ട് റദ്ദാക്കലിലേക്കാണ് പ്രതിപക്ഷക്കാരും ചില ആഗോള സാമ്പത്തിക വിദഗ്ദ്ധന്മാരും ചേര്‍ത്തുവെച്ചത്. അതുകൊണ്ട് തന്നെയാണ് ഓട്ടോമൊബൈല്‍ മേഖലയിലെ മാറ്റങ്ങള്‍ കണക്കിലെടുക്കേണ്ടത്. 

ഒരു മാസം ഇത്ര കണ്ട് പാസഞ്ചര്‍ കാറുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടെങ്കില്‍ നമ്മുടെ സമ്പദ്ഘടന തകര്‍ന്നു എന്ന് പറയാനാവുമോ? ടൂ വീലറുകള്‍, കൊമേര്‍ഷ്യല്‍ വാഹനങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലും വലിയ വര്‍ധനവുണ്ടായി. പണത്തിന്റെ ലഭ്യത കുറവുണ്ടെന്ന് പറയുമ്പോള്‍ത്തന്നെ ആളുകള്‍ ഉള്ളതൊക്കെ ചെലവഴിക്കാന്‍ മടികാണിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.