മഹാരാഷ്ട്രയില്‍ ചെങ്കൊടിപിടിച്ച കര്‍ഷകര്‍ താമരയ്ക്കാണ് വോട്ട് ചെയ്തത്; ശിവസേനയുമായി സഖ്യമുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ പ്രത്യാഘാതമുണ്ടാകും; ചാനല്‍ ചര്‍ച്ചയില്‍ മുന്നണികളുടെ വായടപ്പിച്ച് സന്ദീപ് വാര്യര്‍

Tuesday 12 November 2019 3:55 pm IST
ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനേയും സന്ദീപ് വിമര്‍ശിച്ചു. ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് കേരള ജനതയെ കോണ്‍ഗ്രസ് എങ്ങനെ ബോധ്യപ്പെടുത്തും.

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഇടത്-വലത് മുന്നണികളുടെ വായടപ്പിച്ച് യുവമോര്‍ച്ച സെക്രട്ടറി സന്ദീപ് ജി. വാര്യര്‍.

മഹാരാഷ്ട്രിയിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനെതിരെയും കര്‍ഷകപ്രക്ഷോഭവും സൂചിപ്പിച്ച സിപിഎമ്മിന്റെ എം.ബി. രാജേഷിന് കൊട്ടുകൊടുത്താണ് സന്ദീപ് വാര്യര്‍ തുടങ്ങിയത്. കഴിഞ്ഞ തവണ 260 സീറ്റില്‍ മത്സരിച്ചപ്പോഴാണ് ബിജെപി 122 സീറ്റ് നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ സീറ്റിലാണ് ഇത്തവണ മത്സരിച്ചത്. കേവലം 160-165 സീറ്റില്‍ മത്സരിച്ചപ്പോള്‍ 105 സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞു. വിജയ ശതമാനം നോക്കിയാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണ്. മഹാരാഷ്ട്രയിലേത് തുടര്‍ ഭരണമാണ്. ഇത്രയധികം സീറ്റ് നേടാന്‍ കഴിഞ്ഞതിലൂടെ തെളിയുന്നത് ജനങ്ങള്‍ ബിജെപിയെ അംഗീകരിക്കുന്നുണ്ടെന്നതാണ്, സന്ദീപ് പറഞ്ഞു. 

സിപിഎമ്മിന്റെ നേതൃത്വത്തില്‍ വലിയ കര്‍ഷകപ്രക്ഷോഭമുണ്ടായ സ്ഥലമാണെന്ന രാജേഷിന്റെ വാദത്തിനെയും സന്ദീപ് കീറിമുറിച്ചു. അങ്ങനെയെങ്കില്‍ കര്‍ഷകരുടെ ജനസംഖ്യ വലിയതോതിലുള്ള, കര്‍ഷകര്‍ക്ക് വലിയ സ്വാധീനമുള്ള മഹാരാഷ്ട്രയില്‍ ബിജെപി തോല്‍ക്കുമായിരുന്നു. എന്നാല്‍ ചെങ്കോടിയെടുത്ത് അറിയാതെ സമരത്തിനിറങ്ങിയ കര്‍ഷകര്‍ പോളിങ് ബൂത്തില്‍ വോട്ട് ചെയ്തത് താമരയ്ക്കാണ്, ബിജെപിയെയാണ് അവര്‍ വിജയിപ്പിച്ചത്, സന്ദീപ് തുറന്നടിച്ചു. 

ഒരു കര്‍ഷകന്‍ ഗവര്‍ണര്‍ക്കെതിരെ കത്തെഴുതിയെന്ന് അവതാരകന്‍ എടുത്തു പറഞ്ഞപ്പോള്‍, പിണറായിക്കെതിരെ കത്തെഴുതിയ കര്‍ഷകരെ ചൂണ്ടികാണിക്കാന്‍ തങ്ങള്‍ക്കും കഴിയുമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. രാജേഷിന്റെ നോട്ട് നിരോധനത്തിനെതിരായ വാദത്തിനും സന്ദീപ് ചുട്ട മറുപടി നല്‍കി.

നോട്ട് നിരോധനം കോടികണക്കിന് ജനങ്ങള്‍ക്ക് നഷ്ടങ്ങളുണ്ടാക്കിയെന്നായിരുന്നു രാജേഷിന്റെ വാദം. നോട്ട് നിരോധനത്തിലൂടെ ഇത്രയധികം ജനങ്ങളെ ബിജെപി ബുദ്ധിമുട്ടിച്ചെങ്കില്‍, എന്തിനാണ് കൂടുതല്‍ ഭൂരിപക്ഷത്തില്‍ വീണ്ടും ജനങ്ങള്‍ തങ്ങളെ അധികാരത്തില്‍ കൊണ്ടു വന്നതെന്നായിരുന്നു സന്ദീപിന്റെ മറുചോദ്യം. നോട്ട് നിരോധനം അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചെന്നും കര്‍ഷകരെ രക്ഷിക്കുന്നതും കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്നതും ബിജെപിയാണെന്നും തെളിയിക്കുന്നതാണ് മഹാരാഷ്ട്രയിലെ ജനങ്ങളുടെ വിധിയെഴുത്തെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. 

ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനേയും സന്ദീപ് വിമര്‍ശിച്ചു. ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് കേരള ജനതയെ കോണ്‍ഗ്രസ് എങ്ങനെ ബോധ്യപ്പെടുത്തും. വരും ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ ശിവസേനയുമായി എന്‍സിപിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കാനാണ് പരിപാടിയെങ്കില്‍ അതിന്റെ രാഷ്ട്രീയമായ പ്രത്യാഘാതം കേരളത്തിലുണ്ടാകുമെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.