സഞ്ജു ടീമില്‍ ഇടം പിടിക്കുമെന്ന് സൂചന; വാഷിങ്ടണ്‍ സുന്ദറിനേയോ ശിവം ദുബെയേയോ മാറ്റിയേക്കും; കാര്യവട്ടത്ത് ക്രിക്കറ്റ് പൂരത്തിന് മണിക്കൂറുകള്‍; ആവേശം വാനോളം

Sunday 8 December 2019 1:12 pm IST

തിരുവനന്തപുരം: മലയാളികള്‍ കാത്തിരിക്കുന്ന ആ നിമിഷത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിന് വൈകിട്ട് ഏഴിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ ഒഴുക്കാണ് തലസ്ഥാനത്തേക്ക്. മലയാളികളെ സംബന്ധിച്ച ആഹ്ലാദകരായ ചില റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്തുവരുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കുമെന്ന സൂചനയാണ് ലഭ്യമാകുന്നത്. ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനു പകരം സഞ്ജുവിനെ ടീം പരീക്ഷിക്കുമെന്നാണു റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവരില്‍ ഒരാളെ ഒഴിവാക്കി സ്വന്തം നാട്ടില്‍ സഞ്ജുവിനെ ഇറക്കാനാണ് ടീം മാനെജ്‌മെന്റ് ആലോചിക്കുന്നത്. റണ്ണൊഴുകുന്ന പിച്ചാണ് ഗ്രീന്‍ഫീല്‍ഡിലേതെന്നാണു ക്യൂറേറ്റര്‍മാര്‍ നല്‍കുന്ന സൂചന. ഉച്ച തിരിഞ്ഞു ടീം പ്രതിനിധികള്‍ പിച്ച് പരിശോധിക്കാന്‍ എത്തുന്നുണ്ട്. അതിനു ശേഷമാകും സുന്ദര്‍, ദുബെ എന്നിവരില്‍ ആരെ ഒഴിവാക്കി സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ ആകും എന്നതു തീരുമാനിക്കുക. എന്നാല്‍, വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിനു പകരം സഞ്ജുവിനെ ഉള്‍പ്പെടുത്താനുള്ള സാധ്യത വളരെ വിരളവുമാണ്. അതേസമയം, കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാതിരുന്ന ഫാസ്റ്റ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍ എന്നിവരില്‍ ഒരാളെ ഒഴിവാക്കി മുഹമ്മദ് ഷമിക്ക് അവസരം നല്‍കുമെന്നും സൂചനയുണ്ട്. 

ആദ്യ മത്സരത്തില്‍ നാലോവറില്‍ 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ മാത്രമാണ് എട്ടു റണ്‍സിനു താഴെ എക്കോണമിയില്‍ പന്തെറിഞ്ഞത്. പ്രമുഖ ബൗളര്‍മാര്‍ നല്ലരീതിയില്‍ റണ്‍സ് വഴങ്ങിയിരുന്നു. വിരാട് കോഹ് ലിയുടെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ആദ്യമത്സരം വിജയിക്കാനായത്. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് കനത്ത മഴയുണ്ടായിരുന്നെങ്കിലും ഇന്നു വളരെ നല്ല കാലാവസ്ഥയാണ്. ഇതോടെ, സ്‌റ്റേഡിയത്തിലേക്ക് ആരാധകരുടെ വന്‍ ഒഴുക്കാണ്. ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ മാത്രമേ കാണികള്‍ക്ക് സ്‌റ്റേഡിയത്തിനുള്ളില്‍ പ്രവേശനുള്ളൂ. വൈകിട്ട് അഞ്ചു മണിയോടെ ടീമുകള്‍ കോവളം ഹോട്ടലില്‍ നിന്നു ഗ്രൗണ്ടിലേക്ക് എത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.