സഞ്ജുവിനെ ഓപ്പണ്‍ ചെയ്യിക്കണം: കോച്ച്

Tuesday 3 December 2019 5:13 am IST

ന്യൂദല്‍ഹി: ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടമുണ്ട്. തോല്‍വികളില്‍ നിരാശപ്പെട്ടിരിക്കുന്ന ശീലം അവനില്ല. പൊരുതാനുള്ള മനസ്സുറപ്പാണ് മലയാളി താരത്തെ ഇന്ത്യന്‍ ടീമിലേക്ക് മടക്കിയെത്തിച്ചതെന്ന് തുറന്നുപറയുന്നു സഞ്ജുവിന്റെ മുന്‍ പരിശീലകന്‍ ബിജു ജോര്‍ജ്. സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള മടക്കം പ്രതീക്ഷിച്ചിരുന്നു.  വൈകിപ്പോയതില്‍ സങ്കടമുണ്ട്. 

പലപ്പോഴും വിധി സഞ്ജുവിനെ പിന്നോട്ടടിച്ചിരുന്നു. മടങ്ങിവരാനുള്ള ഉറച്ച മനസ് സഞ്ജുവില്‍ താന്‍ കണ്ടിരുന്നെന്നും ബിജു പറഞ്ഞു. ഓപ്പണര്‍ ധവാന് പകരം ടീമിലെത്തിയ സഞ്ജുവിനെ വിന്‍ഡീസിനെതിരെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യിപ്പിക്കണമെന്ന് ബിജു ആവശ്യപ്പെട്ടു.

2015ല്‍ സിംബാവെക്കെതിരെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു പിന്നീട് നാലു വര്‍ഷത്തിന് ശേഷം ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് ഇന്ത്യന്‍ ടീമില്‍  മടങ്ങിയെത്തിയത്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് പിന്നില്‍ രണ്ടാമനായതോടെ പ്ലേയിങ് ഇലവനില്‍ ഇടം കിട്ടിയില്ല. പരമ്പരയില്‍ പന്ത് മോശം പ്രകടനം നടത്തുകയും സഞ്ജുവിന് തുടര്‍ച്ചയായി അവസരം ലഭിക്കാതിരിക്കുകയും ചെയ്തതോടെ വിമര്‍ശനവുമായി പല മുന്‍ ഇന്ത്യന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിങ്, ഗൗതം ഗംഭീര്‍ എന്നിവരെല്ലാം സഞ്ജുവിനെ പിന്തുണച്ചു. 

ട്രോളന്മാരും അവസരം വിട്ടുകളഞ്ഞില്ല. വെള്ളവുമായി കളത്തില്‍ ഓടിയെത്തിക്കൊണ്ടിരുന്ന സഞ്ജുവിനെ കളത്തില്‍ തീര്‍ത്തും നിറംമങ്ങിയ പന്തുമായി പല രീതിയില്‍ കോര്‍ത്തിണക്കി ട്രോളന്മാര്‍. ഒടുവില്‍ വിന്‍ഡീസിനെതിരായ പരമ്പരയിലും സഞ്ജുവിനെ സെലക്ടര്‍മാര്‍ തഴഞ്ഞു. എന്നാല്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കിനെ തുടര്‍ന്ന്  വീണ്ടും വിളിയെത്തി. ഇത്തവണ നീലക്കുപ്പായത്തില്‍ അവസരം ലഭിച്ചില്ലെങ്കില്‍ മുന്‍താരങ്ങള്‍ക്ക് പുറമെ ട്രോളന്മാരും കയറിനിരങ്ങുമെന്ന കാര്യം ഉറപ്പ്. 

ഇന്ത്യന്‍ ടീമില്‍ സഞ്ജു കളിക്കുന്നത് കാണാനുള്ള തയാറെടുപ്പിലാണ് പരിശീലകന്‍ ബിജു ജോര്‍ജ്. കേരളത്തില്‍ മത്സരം ഉള്ളതിനാല്‍ അവസരം എന്തായാലും ലഭിക്കും. ധവാന് പകരം ഓപ്പണറായി ഇറങ്ങുന്നതാകും ഉചിതം. ഋഷഭ് പന്തിനെ വിലയിരുത്താന്‍ താന്‍ ആളല്ല. ആ ജോലി സെലക്ടര്‍മാര്‍ ചെയ്യട്ടെ. ലോകോത്തര ബൗളര്‍മാരെ നേരിടാനുള്ള കെല്‍പ്പ്  സഞ്ജുവിനുണ്ടെന്ന് മാത്രം എനിക്കറിയാം. അവസരം എല്ലാവരും അര്‍ഹിക്കുന്നു, ബിജു പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.