സംഘദൗത്യം രാജ്യസുരക്ഷ

Monday 7 October 2019 2:06 am IST

രാഷ്ട്രീയ സ്വയംസേവക സംഘം തുടങ്ങിയിട്ട് 94 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഭാരതമെന്ന ഈ വിശാല രാഷ്ട്രത്തിന്റെ നിലനില്‍പ്പ് ദേശീയതയിലാണെന്നും ആ ദേശീയത രൂപപ്പെടുന്നത് സംസ്‌ക്കാരത്തില്‍നിന്നാണ് എന്നതുമാണ് സംഘ ആശയത്തിന്റെ അടിസ്ഥാനം. സാംസ്‌കാരികമായും ഭാഷാപരമായും അനേകം വൈവിധ്യങ്ങളുണ്ടെങ്കിലും അതൊന്നും വൈരുദ്ധ്യമല്ല എന്ന് സംഘം കരുതുന്നു. ആ വൈവിധ്യങ്ങളെല്ലാം രാഷ്ട്രജീവിതത്തിന്റെ സൗന്ദര്യമാണ്. ഏകമായ ഭരണഘടനയും ഭരണാധികാരിയും ഇല്ലാതിരുന്ന കാലത്തും ഭാരതം ഒന്നായിരുന്നു. രാമായണവും മഹാഭാരതവും ഉപനിഷത്തുക്കളുമായിരുന്നു ഭരണഘടനക്കു പകരം നമ്മെ ചേര്‍ത്തു നിര്‍ത്തിയത്. ആചാര്യന്മാരും ഗുരുക്കന്മാരും നമ്മെ ഐക്യപ്പെടുത്തി. രാജ്യങ്ങള്‍ പലതായിരുന്നപ്പോഴും ഹൃദയങ്ങള്‍ ഒന്നായി. പ്രകൃതി വൈവിധ്യം നിറഞ്ഞതായിരിക്കുമ്പോഴും സംസ്‌കൃതി ഒന്നായി നിലനിന്നു. 

ഈ മഹാ സംസ്‌ക്കാരമാണ് ദേശീയതയുടെ അടിസ്ഥാനം. സംസ്‌കാരവും മതവും രണ്ടാണ്. മതങ്ങളുണ്ടാകുന്നതിനു മുമ്പും സംസ്‌കാരമുണ്ടായിരുന്നു. മതങ്ങളും അവയുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നു മാത്രം. ഈ ഐക്യത്തെയും അടിത്തറയെയും തകര്‍ക്കാനാണ് സ്വാതന്ത്ര്യാനന്തരം പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭാഷാഭ്രാന്ത് വളര്‍ത്തിയതും ഭാഷാ സംസ്ഥാന രൂപീകരണവുമെല്ലാം മഹാത്മാഗാന്ധിയുടെ പിന്‍ഗാമികളെന്ന് അഭിനയിക്കുന്നവരുടെ വിഢിത്തം തന്നെയായിരുന്നു. ഭാരതത്തെ ഐക്യപ്പെടുത്താന്‍ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഘടിപ്പിക്കാനാണ് ഇതുവരെ ഭരിച്ച നെഹ്‌റുവിയന്‍ - ഇന്ദിര കോണ്‍ഗ്രസും ആഗോള ഭീകരവാദ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളായ കമ്മ്യൂണിസ്റ്റുകളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്താണോ അധികാരം നിലനിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ചെയ്തത് അത് കൂടുതല്‍ ശക്തിയില്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചെയ്യുന്നു. അതിനവര്‍ മഹാത്മാഗാന്ധിയെപ്പോലും ആയുധമാക്കുന്നു. 

ഗാന്ധിജിയുടെ ആദര്‍ശങ്ങളെയും ആശയങ്ങളെയും ചവറ്റുകുട്ടയില്‍ എറിയുകയും അദ്ദേഹത്തിന്റെ പേരുമാത്രം മാര്‍ക്കറ്റ് ചെയ്യുകയും ചെയ്തവര്‍ ഇന്ന് വിലപിക്കുന്നത് മഹാത്മാവിന്റെ പേര് ദുരുപയോഗം ചെയ്യുന്നു എന്നാണ്. ഗാന്ധിജിയുടെ ഏത് ജീവിതാദര്‍ശമാണ് കഴിഞ്ഞ 65 കൊല്ലം കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും നടപ്പാക്കിയതെന്ന് പറയാമോ? ഏത് ആശയത്തോടാണ് അവര്‍ക്ക് യോജിപ്പുള്ളത്? ഒന്നിനോടും യോജിപ്പില്ല എന്ന്  ജവഹര്‍ലാല്‍ നെഹ്‌റു അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ഗാന്ധിജി പറയുന്ന ഗ്രാമ സ്വരാജും സാംസ്‌കാരിക വിദ്യാഭ്യാസവുമൊക്കെ പമ്പരവിഢിത്തമാണെന്നാണ് നെഹ്‌റു വിവരിച്ചത്. ഗാന്ധിയന്‍ ആശയങ്ങള്‍ ഒരിക്കലും ഗൗരവമുള്ളതായി എനിക്കു തോന്നിയിട്ടില്ലെന്നും അത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസ് കമ്മിറ്റി ചര്‍ച്ച ചെയ്യുന്നതുപോലും അനാശാസ്യമാണെന്നും (ആശാസ്യമല്ലെന്ന്) സമയം പാഴാക്കലാണെന്നും നെഹ്‌റു ഗാന്ധിജിയോട് തുറന്നടിച്ചിട്ടുണ്ട്. ഇത് വല്ലതും കഴിഞ്ഞ ദിവസം വിലാപകാവ്യങ്ങളെഴുതിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയുമോ? അതെങ്ങനെയാണ് അവര്‍ ഖദറും ഗാന്ധി എന്ന ഗോത്രനാമവും ഉപയോഗിക്കുന്നു എന്നല്ലാതെ ഗാന്ധിസം വായിച്ചിട്ടില്ലല്ലോ. അവരുടെ കൈയില്‍ ആകെയുള്ള ആയുധം ഗാന്ധിവധം ബാലെയാണ്. അതുതന്നെ സത്യത്തെ ഈശ്വരനായി കണ്ട ഗാന്ധിജിക്ക് ഒട്ടും യോജിക്കാത്തതും.

ഗാന്ധിജിയുടെ പേരിലുള്ള കമ്മ്യൂണിസ്റ്റ് വിലാപമാണ് ഏറെ വിസ്മയകരം. 'ഗാന്ധി എന്താക്കി, ഇന്ത്യ മാന്തി പുണ്ണാക്കി' എന്നും, വാര്‍ദ്ധയിലെ കള്ള ദൈവം, കുരുടന്‍ മിശിഹ, ജെപിയെ ഉദരത്തില്‍ സംരക്ഷിക്കുന്ന കങ്കാരു, വ്യാജന്‍ തുടങ്ങിയ സവിശേഷ വാക്കുകള്‍കൊണ്ടു സംബോധന ചെയ്യുകയും ആട്ടുകയും ചെയ്ത മൗദൂദിയന്‍ കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ പേടമാനിന്റെ നിഷ്‌ക്കളങ്കതയോടെ ഗാന്ധിയന്‍ അപദാനങ്ങള്‍ കീര്‍ത്തിക്കുമ്പോള്‍, 'ആഹാ എന്തൊരു ഭക്തി' എന്ന് അതിശയിച്ചു പോകും. രാജ്യത്തെ എങ്ങനെയൊക്കെ വിഭജിച്ച് തമ്മില്‍ത്തല്ലിക്കാമോ അങ്ങനെയൊക്കെ ചെയ്ത് നാടിനെ ശിഥിലവും സംസ്‌കാര ശൂന്യവുമാക്കാന്‍ നിരന്തര പ്രയത്‌നം നടത്തുന്ന ജിഹാദി മാര്‍ക്‌സിസ്റ്റുകളും അവരുടെ അടിച്ചുതളിക്കാരായ സിപിഐ നേതാക്കളും സമീപകാലത്ത് കടുത്ത ദേശസ്‌നേഹികളായി അഭിനയിക്കാന്‍ ശ്രമിക്കുന്നുണ്ട്, അത് തീരെ വിജയിക്കുന്നില്ലെങ്കിലും. മനുഷ്യത്വരഹിതമായ തത്വശാസ്ത്രങ്ങളെ തിരസ്‌ക്കരിക്കണമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട് എന്ന് കാനം രാജേന്ദ്രന്‍ പറയുമ്പോള്‍ അത് ഇത്രയും അറം പറ്റുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവില്ല. മാനവികതയുടെ മുഖാവരണമിട്ടു വന്ന് കോടിക്കണക്കിന് പാവങ്ങളെയും കുഞ്ഞുങ്ങളെയും വൃദ്ധരെയും സ്ത്രീകളെയുമടക്കം അരിഞ്ഞും ചുട്ടും അടിച്ചും കൊന്ന കമ്മ്യൂണിസ്റ്റ് ചരിത്രം മുഴുവനും അറിയാതെതന്നെ ഗാന്ധിജി ദീര്‍ഘദര്‍ശനം ചെയ്തത് അവര്‍ക്ക് മറക്കാന്‍ കഴിയില്ലല്ലോ. 

കോണ്‍ഗ്രസില്‍ പ്രവര്‍ത്തനമാരംഭിച്ച് ഹിന്ദു മഹാസഭയില്‍ അവസാനിപ്പിച്ച്, വീണ്ടും പുതിയ വഴിതേടിയ ഗോഡ്‌സെയെ ആര്‍എസ്എസ്സുകാരനാക്കാന്‍ പെടാപ്പാടു പെടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചരിത്രവും ചാരിത്ര്യവും ജനങ്ങളില്‍നിന്ന് ഇനി മറയ്ക്കാന്‍ പറ്റില്ലെന്ന് അവര്‍ക്കുതന്നെ അറിയാം. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ അവസാനം പ്രവര്‍ത്തിച്ച ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെ നെഹ്‌റു എന്തിനായിരുന്നു ഗാന്ധി വധം നടന്ന ഉടനെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയാക്കിയത്? എന്തെങ്കിലും ഉപകാരസ്മരണയായിരുന്നോ? ഏ.കെ. ആന്റണിക്ക് ആ രഹസ്യം അറിയുമായിരിക്കുമല്ലോ. അത് മറച്ചുവയ്ക്കാനായിരുന്നോ നാളുകളായി പൊതുജീവിതത്തില്‍നിന്ന് വിട്ടുനിന്നിരുന്ന സവര്‍ക്കറെ നെഹ്‌റുവിന്റെ താല്‍പ്പര്യാര്‍ത്ഥം അറസ്റ്റുചെയ്ത് പീഡിപ്പിച്ചത്? ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും കുടുംബാംഗങ്ങളുടെയും രാഷ്ട്രീയ ഭാവിക്ക് വെല്ലുവിളിയാകുമെന്ന് അദ്ദേഹം കരുതിയവരെ മുഴുവന്‍ ഉന്മൂലനം ചെയ്യാനുള്ള ഉപകരണമാക്കുകയായിരുന്നു ഗാന്ധി വധത്തെ. അതിപ്പോഴും തുടരാനാഗ്രഹിക്കുന്നു എന്നുമാത്രം. ആര്‍എസ്എസിനെ നിരോധിച്ച പട്ടേലിനെയും നെഹ്‌റുവിനെയും ഗതികേടുകൊണ്ട് പ്രകീര്‍ത്തിക്കാന്‍ മെനക്കെടുന്ന ജിഹാദി കമ്മ്യൂണിസ്റ്റുകള്‍, എന്തുകൊണ്ടാണ് നിരോധനം നിരുപാധികം പിന്‍വലിച്ചതെന്നു കൂടി പറയാമോ? ഈ ചോദ്യം സത്യത്തെ തീരെ ഇഷ്ടപ്പെടാത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കും കൂടി ബാധകമാണ്.

സച്ചിദാനന്ദനെപ്പോലുള്ളവരും ജിഹാദികളും കമ്മ്യൂണിസ്റ്റുകളും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് മറ്റുള്ളവരും ചെയ്യാന്‍ സാധ്യതയെന്ന വെപ്രാളമാണ് ഈ അലമുറയിടലിനു കാരണം. ഏതായാലും ഒരു കാര്യത്തില്‍ അവര്‍ക്ക് സന്തോഷിക്കാം. അവരുടെ പാളയത്തില്‍ ഇതുവരെ കയറി നില്‍ക്കാന്‍ കൂട്ടാക്കാത്ത എം.എന്‍. കാരശ്ശേരിയെപ്പോലുള്ളവരിലും അവരുടെ ദുഷ്പ്രചാരണം ഫലിക്കുന്നുണ്ട് എന്ന കാര്യത്തില്‍. അല്ലെങ്കില്‍ ഇത്തരം ഗുരുതരമായ വിഷയത്തില്‍ വസ്തുതാപരമായ കാര്യങ്ങള്‍ സത്യസന്ധമായി അന്വേഷിക്കാതെ ഇത്ര തരംതാണ വ്യാജ പ്രചാരണത്തിന് കാരശ്ശേരി മാഷെപ്പോലുള്ളവര്‍ കൂട്ടുനില്‍ക്കില്ല. ഒരു കാര്യത്തില്‍ നമുക്കും സന്തോഷിക്കാം. നീചമായ രാഷ്ട്രീയ നേട്ടത്തിനാണെങ്കിലും ഗാന്ധിഭക്തിയും ദേശഭക്തിയും ആവര്‍ത്തിച്ച് ഉരുവിട്ട് യഥാര്‍ത്ഥ ഗാന്ധിയന്മാരും രാജ്യസ്‌നേഹികളുമായി ഇവര്‍ എന്നെങ്കിലും മാറിയാല്‍ അതൊരു വലിയ നേട്ടമല്ലെ!

ഗോഡ്‌സെ എന്ന ആര്‍എസ്എസുകാരന്‍ ഗാന്ധിജിയെ കൊന്നു എന്നുപറയുന്നതിലും ഗോഡ്‌സെയെന്ന മുന്‍ കോണ്‍ഗ്രസുകാരന്‍ ഗാന്ധിജിയെ വെടിവച്ചു കൊന്നു എന്നതാവും കൂടുതല്‍ ശരിയാവുക. ഉത്തരം കോണ്‍ഗ്രസുകാര്‍ പറയട്ടെ. 

രാഷ്ട്രീയ സ്വയംസേവക സംഘം ഭാരതത്തിനുള്ളിലെ ഒരു ഒറ്റപ്പെട്ട സംഘടനയാകാനല്ല ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഭാരതീയതയില്‍ ഊന്നിയ ആശയങ്ങള്‍ ആരൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും അതെല്ലാം സ്വാംശീകരിച്ച് സമന്വയിപ്പിച്ച് കൊണ്ടുപോകാനാണ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ലോകത്തിന്റെ ഏതു മൂലയിലുള്ള സത്‌വിചാരങ്ങളും ഉള്‍ക്കൊള്ളാനാണ് പഠിപ്പിക്കുന്നത്. അതാണ് ഭാരതപാരമ്പര്യവും. അപ്പോഴേ അത് ഭാരതീയമാകൂ. അല്ലാതെ രാഷ്ട്രീയമായ വിയോജിപ്പുള്ളവരെ മുഴുവന്‍ രാജ്യത്തിന്റെ ശത്രുവായി കാണണമെന്ന നെഹ്‌റുവിന്റെ കാഴ്ചപ്പാടല്ല ആര്‍എസ്എസിന്റേത്.

ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പ്രദേശത്തിന്റെയും പേരിലുള്ള ഏത് വിഭജന പ്രവര്‍ത്തനങ്ങളെയും സംഘം ചോദ്യം ചെയ്യും. മറുവശത്ത് നില്‍ക്കുന്നവരുടെ ആഗോള സ്വാധീനവും അഹങ്കാരവും പാരമ്പര്യവും അതിനെ തടസ്സപ്പെടുത്തുന്നില്ല. ജീവിക്കുന്നത്  ഈ ആര്‍ഷഭൂമിയുടെ നിലനില്‍പ്പിനും സംരക്ഷണത്തിനും പോഷണത്തിനും വേണ്ടി. മരിക്കുന്നതും അതേ ആദര്‍ശത്തിന്റെ ബലിപീഡത്തില്‍ത്തന്നെ. 'വാളിനെ വാളുകൊണ്ടു നേരിടേണ്ടി വന്നാലും മുഴുവന്‍ ഭാരതവും കത്തിയെരിഞ്ഞാലും ഭാരത വിഭജനം അംഗീകരിക്കുകയില്ല' എന്നു വീമ്പു പറയുകയും പിന്നീട് അധികാരക്കസേരക്കു വേണ്ടി ഗാന്ധിജിയെക്കൊണ്ട് വിഭജനത്തിന് സമ്മതിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെ കപട രാജ്യസ്‌നേഹമല്ല സംഘത്തിന്റേത്. ദേശ സ്‌നേഹം സംഘത്തിന്റെ പ്രാണനാണ്. അത് പോയാല്‍ സംഘമില്ല. സംഘമുള്ള കാലത്തോളം ഈ രാഷ്ട്രത്തിനും ജനതക്കും കാവലുണ്ടാവും. ഭാരത മാതാവാണ് ആരാധ്യദേവത.

ഭാരത മാതാവ് ജയിക്കട്ടെ

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.