ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം, ശംഖുംമുഖം തീരം കടലെടുത്തു

Tuesday 23 July 2019 2:26 pm IST

തിരുവനന്തപുരം: ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ അവശേഷിക്കെ ശംഖുംമുഖം തീരം കടലെടുത്തത് ഒരുക്കങ്ങളെ ബാധിക്കുമോയെന്ന ആശങ്കയില്‍ അധികൃതര്‍. പതിനായിരക്കണക്കിന് ഭക്തരാണ് പ്രതിവര്‍ഷം ഇവിടെ പിതൃതര്‍പ്പണത്തിനെത്തുന്നത്. തീരത്തൊരുക്കുന്ന ബലിത്തറകളില്‍ തര്‍പ്പണം കഴിഞ്ഞാല്‍ സ്‌നാനം നടത്താന്‍ വിശാലമായ തീരത്ത് സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കടലാക്രമണം ശക്തമായതിനാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട അവസ്ഥയാണ്.

കഴിഞ്ഞവര്‍ഷം പ്രത്യേക ബാരിക്കേഡുകള്‍ സജ്ജീകരിച്ചായിരുന്നു ഭക്തരെ കടലില്‍ സ്‌നാനത്തിനായി അനുവദിച്ചിരുന്നത്. ഇത്തവണ കൂടുതല്‍ തീരം കടലെടുത്തതോടെ തീരം ഇല്ലാത്ത അവസ്ഥയാണ്. തിരമാലകള്‍ പകുതിയോളം റോഡും കവര്‍ന്നിട്ടുണ്ട്.  അതിനാല്‍ കര്‍ശനസുരക്ഷ ആവശ്യമായി വരും. റോഡ് തകര്‍ന്നത് കാരണം ഈ ഭാഗത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വാഹനഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. 

കടല്‍ക്ഷോഭത്തിന്റെ ശക്തി തുടര്‍ന്നാല്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. മാത്രമല്ല കടലില്‍ സ്‌നാനത്തിനും തിരക്കേറും. ഈ സാഹചര്യത്തില്‍ ബദല്‍ നടപടികളെക്കുറിച്ച് ആലോചിക്കുകയാണ് അധികൃതര്‍. ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്, ദേവസ്വം ബോര്‍ഡ് എന്നിവയാണ് പ്രധാനമായും ഇവിടെ ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കുന്നത്. 

കൂടുതല്‍ പോലീസിനെയും ലൈഫ്ഗാര്‍ഡുകളെയും സുരക്ഷയ്ക്കായി വിനിയോഗിക്കാനാണ് അധികൃതരുടെ നീക്കം. കൂടാതെ ഈ ഭാഗത്ത് ചടങ്ങുകള്‍ക്ക് തടസം നേരിട്ടാല്‍ പ്രതിഷേധത്തിനും കാരണമാകും. തീരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തതിനെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.