നിനക്ക് നിന്റെ മക്കളേക്കാള്‍ വലുത് നിന്റെ തലയില്‍ കയറിയ മാവോയിസമായിരുന്നു; നൊന്തുപെറ്റ അമ്മയുടെ തോരാക്കണ്ണീരിനു മുന്നില്‍ നിന്റെ പൂങ്കണ്ണീരിന് എന്തുവില; കനകദുര്‍ഗയ്ക്കു മറുപടിയുമായി ശശികല ടീച്ചര്‍

Thursday 21 November 2019 11:57 am IST

തിരുവനന്തപുരം: ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നുകയറിയ കനകദുര്‍ഗ തനിക്ക് നേരിടുന്ന അവഗണന ബിബിസി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. കുടുംബവും മക്കളും നഷ്ടമായെന്നു വ്യക്തമാക്കി കനകദുര്‍ഗ പൊട്ടിക്കരഞ്ഞ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു മറുപടിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ രംഗത്തെ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു ടീച്ചറുടെ പ്രതികരണം. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- പതിനായിരക്കണക്കിന് അമ്മമാരുടെ കണ്ണില്‍ നിന്ന് ധാര ധാരയായി ഒഴുകിയ കണ്ണീരിന്റെ ഒരു തുള്ളിക്ക് പകരമാകുമോ നിന്റെ ഈ പൂങ്കണ്ണീര്‍ എന്നു ഞാന്‍ ചോദിക്കുന്നില്ല. പകരം നിന്നെ പത്തു മാസം ചുമന്ന് നൊന്തു പെറ്റ നിന്റെ പാവം അമ്മയുടെ ഇന്നും തോരാത്തകണ്ണീരിനു മുന്നില്‍ നിന്റെ ഈ കണ്ണീരിനെന്തു വില എന്നു ചോദിച്ചേ മതിയാകു. രണ്ടു ദിവസം മുന്‍പ് ഞാന്‍ ആ പാവത്തേയും നീ നൊന്തുപെറ്റ നിന്റെ മക്കളേയും കണ്ടു . അപ്പോള്‍ എന്റെ സംശയം നിനക്കെങ്ങനെ തോന്നീ ഈ ചതിക്ക് എന്നാണ് ?ആ അമ്മയോട് മക്കളെത്രയാളാണ് എന്ന് ചോദിച്ചപ്പോള്‍ ആറു പേരുണ്ടായിരുന്നു ഇപ്പോഴഞ്ചേ ഉള്ളു എന്നായിരുന്നു വേദനയോടെ ഉത്തരം. നഷ്ടപ്പെട്ട ആ ഒന്ന് നീയാണ്! ആ വേദന ആ കണ്ണീര് മനസ്സിലാകുമോ നിനക്ക് ! നിനക്ക് നിന്റെ മക്കളേക്കാള്‍ വലുത് നിന്റെ തലയില്‍ കയറിയ മാവോയിസമായിരുന്നു. എന്നാല്‍ ചെറുപ്പത്തിലേ വിധവയായി തന്റെ ആറു മക്കള്‍ക്കു വേണ്ടി ജീവിച്ചു തീര്‍ത്ത ജന്മമായിരുന്നു നിന്റെ അമ്മയുടേത്. ആ അമ്മ എന്റെ കൈ ചേര്‍ത്തുപിടിച്ച് നിറ കണ്ണുകളോടെ വിറക്കുന്ന ശബ്ദത്തില്‍ ആവശ്യപ്പെട്ടത് രണ്ടു കാര്യങ്ങളായിരുന്നു. നീ ഇനിയും ശബരിമലക്ക് എന്നു പറഞ്ഞ് ഇറങ്ങിയാല്‍ അവര്‍ മരിച്ചാല്‍ അരുടെ മൃതദേഹം പോലും നിന്നെ കാണിക്കരുത് എന്നായിരുന്നു ഒന്നാമത്തെ അപേക്ഷ. രണ്ടാമത്തേത് കേട്ടപ്പോള്‍ അക്ഷരാര്‍ത്തില്‍ ഞങ്ങളേവരുടേയും കണ്ണുനനഞ്ഞു. ' ടീച്ചറെ ഇനി ആ നടയില്‍ ആരും കേറാതെ കാക്കണേ'

അഷ്ടദിക്കില്‍ നിന്നും ആ അമ്മയുടെ ആ ശബ്ദം ഇപ്പോഴും പ്രതിധ്വനിക്കുന്നു. ഞാന്‍ ആ അമ്മയെ ആദ്യമായാണ് കാണുന്നത് നീ ആദ്യം കണ്ട മുഖം അതല്ലേ ? നിന്റെ മക്കളുടെ മുഖം ആദ്യമായി കണ്ടത് നിനക്കോര്‍മ്മയുണ്ടോ ? ഉണ്ടായിരുന്നെങ്കില്‍.. മലയാളി കരയേണ്ടി വരുമായിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.