ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഗുജറാത്തിലെ ഹരിദ്വാര്‍ ട്രസ്റ്റ്; സേവാഭാരതി വഴി പണം ഉടന്‍ കൈമാറാമെന്ന് ശശികല ടീച്ചറെ അറിയിച്ചു

Tuesday 13 August 2019 2:02 pm IST

തിരുവന്തപുരം: കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന്  ഹരിദ്വാര്‍ കര്‍ണ്ണാവതി മിത്രമണ്ഡല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. ഈ തുക സേവാഭാരതി വഴി ഉടനെ കൈമാറുമെന്ന് അവര്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറെ അറിയിച്ചു. പ്രളയം വീടിനെ വെള്ളത്തിലാഴ്ത്തിയപ്പോള്‍ വീട് വിട്ട് ക്യാംപില്‍ താമസിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതായിരുന്നു ലിനു.

അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെ എല്ലാവരും ഒരുവീട്ടിലാണ് കഴിഞ്ഞത്. വീട് മഴയെടുത്തപ്പോള്‍ സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവര്‍ മാറി. ഇവിടെ നിന്നാണ് ലിനും കൂട്ടരും സേവാഭാരതിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.

കൂട്ടുകാരുമൊത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കൂട്ടം തെറ്റി. മണിക്കൂറുകള്‍ക്ക് ശേഷം ജീവനറ്റ ശരീരമാണ് കാണുന്നത്. മരണം താങ്ങാനുള്ള കരുത്ത് മാതാപിതാക്കള്‍ക്ക് ഇല്ലായിരുന്നു. ദുരിതാശ്വാസ ക്യാംപില്‍ പൊതുദര്‍ശനത്തിന് വച്ച മകന്റെ ചേതനയറ്റ ശരീരം കണ്ട് അമ്മ ബോധരഹിതയായി. ഇപ്പോഴും ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അമ്മയ്‌ക്കോ, ബന്ധുക്കള്‍ക്കോ സാധിച്ചിട്ടില്ല. മഴ കുതിര്‍ത്ത സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. സേവാഭാരതിക്കും സംഘങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മയാവുകയാണ്  ലിനു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഇന്ന് രാവിലെ ലിനുവിന്റെ വീട്ടിലെത്തി മാതാവിനെ ആശ്വസിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.