ജയറാം രമേഷിനും സിംഗ്‌വിക്കും പിന്നാലെ ശശി തരൂരും; മോദി നല്ലതു ചെയ്യുമ്പോള്‍ അതു നല്ലതെന്നു തന്നെ പറയണം

Friday 23 August 2019 3:46 pm IST

ന്യൂദല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍. തിരുവനന്തപുരം എംപി ശശി തരൂരാണ് ഏറ്റവും ഒടുവില്‍ മോദി അനുകൂല പരാമര്‍ശവുമായി രംഗത്തെത്തിയത്. മോദിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ലെന്ന മുതിര്‍ന്ന നേതാവ് ജയറാം രമേഷിന്റെ പ്രസ്താവനയെ  അനുകൂലിച്ചാണു ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. 'മോദി നല്ലത് ചെയ്യുമ്പോള്‍ അത് നല്ലതെന്നു തന്നെ പറയണം. അപ്പോഴേ വിമര്‍ശിക്കുമ്പോള്‍ അതിന് വില കിട്ടൂ' എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജയറാം രമേഷിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് സമാന അഭിപ്രായവുമായി മനു അഭിഷേഖ് സിംഗ് വിയും തരൂരും രംഗത്തുവന്നിരിക്കുന്നത്. പി.ചിദംബരത്തിനെതിരായ സിബിഐ നീക്കത്തിനിടെ കോണ്‍ഗ്രസിന്റെ മൂന്നു പ്രമുഖനേതാക്കള്‍ നടത്തിയ മോദി അനുകൂല പ്രസ്താവനയുടെ അമ്പരപ്പിലാണ് ദേശീയ കോണ്‍ഗ്രസ് രാഷ്ട്രീയം.മോദിയുടെ ഭരണമാതൃക പൂര്‍ണമായും തെറ്റല്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും എപ്പോഴും കുറ്റപ്പെടുത്തുന്നതും ഗുണം ചെയ്യില്ല. ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. 2014 മുതല്‍ 2019വരെയുള്ള കാലയളവിലെ മോദിയുടെ പ്രവര്‍ത്തനങ്ങളാണ് വലിയ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ സഹായിച്ചത്. മോദിയുടെ നേട്ടങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞില്ലെങ്കില്‍ ഫലപ്രദമായി നേരിടാന്‍ കഴിയില്ലെന്നും ജയറാം രമേഷ് ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ പറഞ്ഞു.വിമര്‍ശനങ്ങള്‍ വ്യക്ത്യധിഷ്ഠതമല്ല പ്രശ്നാധിഷ്ടിതമായിരിക്കണമെന്ന് ജയറാം രമേശിനെ പിന്തുണച്ച് അഭിഷേക് സിങ്വി ട്വീറ്റ് ചെയ്തു. പി ചിദംബരത്തിന് വേണ്ടി കേന്ദ്രസര്‍ക്കാരിനെ അടിമുടി വിമര്‍ശിച്ച് കോടതിയില്‍ വാദിച്ച വ്യക്തി കൂടിയാണ് അഭിഭാഷകനായ സിങ്വി. നല്ലതും ചീത്തയുമായ തീരുമാനങ്ങള്‍ മോദി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. സൗജന്യഗ്യാസ് കണക്ഷന്‍ നല്‍കുന്ന ഉജ്ജ്വല്‍ പദ്ധതി ക്ഷേമപ്രവര്‍ത്തനങ്ങളിലൊന്നാണെന്നും സിങ്വി ചൂണ്ടിക്കാട്ടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.