വളരെ സ്‌നേഹവും കരുതലും നിറഞ്ഞ മനുഷ്യന്‍; സത്താറുമായുള്ള ഓര്‍മ്മ പങ്കിട്ട് തമിഴ്, തെലുങ്ക് നടന്‍ സ്വരൂപ്

Tuesday 17 September 2019 5:04 pm IST

ബെംഗളൂരു : സത്താര്‍ തനിക്ക് പിതൃതുല്യന്‍, സുഹൃത്ത്, അധ്യാപകന്‍ അങ്ങിനെ ഏറ്റവും അടുത്ത ഒരു വ്യക്തിത്വം ആയിരുന്നെന്ന് നടന്‍ തമിഴ്, തെലുങ്ക് സ്വരൂപ്. കോഴിക്കോട് നഗരത്തിലെ ബീച്ചിനടുത്ത അപ്പാര്‍ട്ട്ന്റിലെ എന്റെ ഫ്‌ളാറ്റില്‍ വന്നു അദ്ദേഹം താമസിച്ചിരുന്നു. മദിരാശിയിലെ കെ. കെ. നഗറിലെ വീട്ടിലും വന്നിരുന്നു. ഒന്നിച്ചു അച്ഛനും മകനുമായി ഉലഹം സുട്ടും വാലിബന്‍ എന്ന ഫെസ്റ്റിവല്‍ ഫിലിമില്‍ അഭിനയിച്ചു.

വര്‍ഷങ്ങളായി അദ്ദേഹവുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നെന്നും സ്വരൂപ് പറഞ്ഞു. സത്താര്‍ അങ്കിള്‍ മരിച്ചുവെന്നത് ഞെട്ടലോടെയാണ് കേട്ടത്. കന്നഡ പ്രോജക്ടിന്റെ ഭാഗമായി ബെംഗളുരുവിലാണ്. രണ്ടുമൂന്നു ദിവസമായി തിരക്കിലായതിനാല്‍ വാട്‌സ് ആപ്പും ഓണ്‍ലൈന്‍ പത്രങ്ങളോ ശ്രദ്ധിക്കാറില്ലായിരുന്നു. രാവിലെ കെ.പി. ഉമ്മറിന്റെ പേരമകന്‍ ആഷിഖ് മദിരാശിയില്‍ നിന്നും വിളിച്ചുപറഞ്ഞപ്പോഴാണ്  വിവരം അറിയുന്നത്. അരമണിക്കൂറോളം സ്തംഭിച്ച് ഇരുന്നുപോയി. സിനമയില്‍ അടുപ്പം ഉള്ള കുറച്ചുവ്യക്തികളില്‍ മുന്‍പന്തിയില്‍ ഉള്ളയാളായിരുന്നു സത്താര്‍ അങ്കിള്‍. 

കൊച്ചിയില്‍ വരുമ്പോഴെല്ലാം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്തുള്ള അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ ഞാന്‍ സന്ദര്‍ശകനായിരുന്നു. അമൃത ഹോസ്പിറ്റലില്‍ ചെക്കപ്പിനായി പോകുമ്പോള്‍ ചിലപ്പോഴെല്ലാം താനും അദ്ദേഹവും കൂടിയായിരുന്നു പോയിരുന്നത്. എത്രയോ നല്ല നിമിഷങ്ങള്‍ എന്നെന്നും ഓര്‍ക്കാന്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ മകന്‍ ഉണ്ണി (നടന്‍ കൃഷ് ജെ. സത്താര്‍) എന്നാല്‍

ജീവനായിരുന്നു അദ്ദേഹത്തിന്. ഉണ്ണിയ്ക്കും വാപ്പയെ വലിയ കാര്യമായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു നൂറാ വിത്ത് ലൗ എന്ന

സിനിമയുടെ ഡബ്ബിങ്ങിനായി ഉണ്ണി കൊച്ചിയില്‍ താമസിക്കുമ്പോള്‍ ഉണ്ണിയുടെ കൂടെ  അദ്ദേഹവും ഉണ്ടായിരുന്നു. അന്ന് അദ്ദേഹവും ഒന്നിച്ചു ഭക്ഷണം കഴിച്ചു. എന്നെയും ഉണ്ണിയേയും ചേര്‍ത്ത് നിര്‍ത്തി അദ്ദേഹം തന്നെ ഫോട്ടോയും എടുത്തു. ഉണ്ണിയുടെയും സത്താര്‍ അങ്കിളിന്റെയും കൂടെ എന്നെ കാണുമ്പോള്‍ ആരാണ് പുതിയ ഒരാള്‍ ചോദിക്കുന്നവരോട് കൂടെയുള്ളത് എന്റെ മോനും വളര്‍ത്തുമകനും എന്ന് മറ്റുള്ളവരോട് പറയുന്നത് ഞാന്‍ അത്ഭുതത്തോടെയാണ് കേട്ടത്. പലപ്പോഴും രാത്രി ഏറെ വൈകിയാണ് എന്നെ വിളിക്കുക. അസമയത്ത് ഫോണ്‍ വന്നാല്‍

വാത്സല്യപൂര്‍ണ്ണമായ മോനെ എന്നുള്ള വിളി വളരെ ബഹുമാനത്തോടെ മാത്രമേ ഞാന്‍ അറ്റന്‍ഡ് ചെയ്തിട്ടുള്ളൂ. വളരെ സ്‌നേഹവും കരുതലും ഉള്ള മനുഷ്യനായിരുന്നു സത്താര്‍ അങ്കിള്‍ എന്നത് കുറച്ചുപേര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ.

ഭാരതിയമ്മയുടെ നുങ്കമ്പാക്കത്തുള്ള ബംഗ്ലാവില്‍ സത്താര്‍ അങ്കിള്‍ വരുമ്പോഴെല്ലാം എന്നെ അങ്ങോട്ട് വിളിക്കുമായിരുന്നു. ഭാരതിയമ്മയുടെ വീട്ടില്‍ എല്ലാവര്‍ക്കും അദ്ദേഹത്തെ വലിയ കാര്യമായിരുന്നു. പല വാര്‍ത്തകളിലും സത്താറും ജയഭാരതിയും വിവാഹമോചനം നേടി എന്ന് വരാറുണ്ടെങ്കിലും. അവര്‍ വിവാഹമോചനം നേടിയിട്ടില്ലായിരുന്നു എന്ന സത്യം എന്നെപോലെ കുറച്ചുപേര്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. സത്താര്‍ അങ്കിളിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ഈ വിയോഗം താങ്ങാനുള്ള ധൈര്യം ഉണ്ണിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ടാകട്ടെയെന്നും സ്വരൂപ് കൂട്ടിച്ചേര്‍ത്തു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.