സത്യത്തെ എന്തിനാണ് ലീഗ് പേടിക്കുന്നത് ?

Friday 18 October 2019 2:18 am IST

 

പുരാവസ്തു ഗവേഷകനായ ഡോ. കെ.കെ. മുഹമ്മദിനെതിരെ മുസ്ലീംലീഗും പോഷകസംഘടനകളും ബഹിഷ്‌കരണഭീഷണി മുഴക്കുന്നതില്‍നിന്ന് ഒരുകാര്യം വ്യക്തമാകുന്നുണ്ട്. സത്യത്തെ ചിലരൊക്കെ ഇവിടെ പേടിക്കുന്നുണ്ട്. തങ്ങളുടെ നിലപാടുകള്‍ മാത്രമാണ് സത്യമെന്നും അതിനെ ഖണ്ഡിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമുള്ള ചിലരുടെ ധാര്‍ഷ്ട്യവും, ഇതുവരെ അനുഭവിച്ചുപോന്ന അത്തരം ആനുകൂല്യങ്ങള്‍ കൈവിട്ടുപോകുമോയെന്ന ചിന്തയില്‍നിന്നുള്ള അസ്വസ്ഥതയുമാണ് അത്തരക്കാരെ നയിക്കുന്നത്. യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനോ നേരിടാനൊ ഉള്ള മാനസികനിലവാരവും ഉള്‍ക്കരുത്തും ഇല്ലാത്തവരുടെ നിലവാരംകുറഞ്ഞ പിടിവാശിയാണ് ഇവരുടെ നിലപാടില്‍ തെളിയുന്നത്. അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ചു നടത്തിയ പഠനത്തിലൂടെ ഡോ. മുഹമ്മദ് വ്യക്തമായി മുന്നോട്ടുവച്ച തെളിവുകള്‍ ക്ഷേത്രത്തിന് അനുകൂലമാണെന്നതു നേരത്തേതന്നെ പലര്‍ക്കും ദഹിക്കാത്ത സത്യമായിരുന്നു. പക്ഷേ, തന്റെ നിലപാടില്‍ ഉറച്ചുനിന്ന മുഹമ്മദ് ആത്മകഥയില്‍ അക്കാര്യം വിശദമാക്കുകയും ചെയ്തിട്ടുണ്ട്. ദീര്‍ഘകാലത്തെ പ്രവര്‍ത്തന മികവിനു രാഷ്ട്രം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച വ്യക്തിയാണദ്ദേഹം.

കോഴിക്കോട് ഫാറൂഖ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. മുഹമ്മദ് പങ്കെടുക്കുന്നപക്ഷം തങ്ങള്‍ ചടങ്ങു ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ് മുസ്ലീംലീഗും പോഷകസംഘടനയായ എംഎസ്എഫും. സര്‍ സയ്യിദ് ദിവത്തിന്റെ ഭാഗമായി അലിഗഢ് മുസ്ലീം സര്‍വകലാശാലാ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തിലാണു ചടങ്ങ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന മുന്‍ വിദ്യാഭ്യാസമന്ത്രി അബ്ദുല്‍ റബ്ബ് അടക്കമുള്ള ലീഗ് നേതാക്കള്‍ വിട്ടുനില്‍ക്കുമെന്നാണ് അറിവ്.

അയോധ്യാവിഷയത്തില്‍ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു ഡോ. മുഹമ്മദിന്റെ കണ്ടെത്തലുകളും വിശകലനങ്ങളും നിലപാടും. അവിടുത്തെ ഉദ്ഘനനത്തില്‍ കണ്ടെത്തിയ തെളിവുകള്‍ നിരത്തിയാണ്, അവിടെ മുന്‍പു ക്ഷേത്രം നിലനിന്നിരുന്നുവെന്ന് അദ്ദേഹം സമര്‍ഥിച്ചത്. മുസ്ലീം സമുദായത്തിനുവേണ്ടി സംസാരിക്കുന്നു എന്നമട്ടില്‍ സ്വയം മുന്നോട്ടുവന്ന സംഘടനകളുടെ വാദങ്ങള്‍ക്കു കടകവിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍. മുസ്ലീം ലീഗിനു പുറമെ ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ കടുത്ത എതിര്‍പ്പിന് അതോടെ മുഹമ്മദ് പാത്രമായി. ബദല്‍തെളിവുകള്‍ നിരത്തുന്നതിനുപകരം തരംതാണ ആരോപണങ്ങളിലൂടെ ആശയക്കുഴപ്പമുണ്ടാക്കാനായിരുന്നു ഇത്തരം സംഘടനകളുടെ ശ്രമം. യുപിയിലും പ്രത്യേകിച്ച് അയോധ്യയിലുമുള്ള മുസ്ലീങ്ങള്‍പോലും ക്ഷേത്രത്തിന് അനുകൂലമായ നിലപാടെടുത്ത അവസരത്തില്‍പ്പോലും ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നത് ലീഗ് അടക്കമുള്ള വര്‍ഗീയ സംഘടനകളായിരുന്നു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്ന സിപിഎം അടങ്ങുന്ന ഇടതുപക്ഷങ്ങള്‍ അതിനു പിന്തുണനല്‍കുകയും ചെയ്തു.

സുപ്രീം കോടതിയില്‍ അയോധ്യാകേസില്‍ വാദം പൂര്‍ത്തിയായിക്കഴിഞ്ഞ സാഹചര്യത്തിലെ ലീഗിന്റെ ഈ നിലപാട് ഏറെ നിരാശാജനകം തന്നെയാണ്. കേസില്‍ നിന്നു വ്യവസ്ഥകളോടെ പിന്‍മാറാനുള്ള സുന്നിവഖഫ് ബോര്‍ഡിന്റെ തീരുമാനം രാമജന്മഭൂമി കേസില്‍ നിര്‍ണായകമായേക്കാവുന്ന സാഹചര്യമാണിത്. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥസമിതിക്കു മുന്നില്‍ അവര്‍ ഈ തീരുമാനം വ്യക്തമാക്കിക്കഴിഞ്ഞു. അതു സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഡോ. മുഹമ്മദിന്റെ നിലപാടുകളെ സ്വസമുദായംതന്നെ അംഗീകരിക്കുന്ന ഈ നിര്‍ണായകഘട്ടത്തില്‍ ആരുടെ താത്പര്യം സംരക്ഷിക്കാനാണു ലീഗിന്റെ ഈ നിഷേധാത്മക നിലപാടെന്ന് വിശദീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. മതസൗഹാര്‍ദ്ദത്തേക്കുറിച്ചു നാഴികയ്ക്കു നാല്‍പതുവട്ടം പ്രസംഗിക്കുന്ന ലീഗ്‌നേതാക്കള്‍ ആ വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ബഹിഷ്‌കരിക്കുന്നതിനു പകരം ഈ ഇസ്ലാം സഹോദരനെ ക്ഷണിച്ച് ആദരിക്കുകയാണു വേണ്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.