നിരീശ്വരവാദവും ഫെമിനിസവും തീവ്രവാദ ആശയങ്ങളെന്ന് സൗദി അറേബ്യ; പുതിയ പട്ടിക പുറത്തിറക്കി സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി

Tuesday 12 November 2019 8:38 pm IST

ദുബായ്: നിരീശ്വരവാദത്തേയും ഫെമിനിസത്തേയും തീവ്രവാദ ആശയങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സൗദി അറേബ്യ. സ്വവര്‍ഗ ലൈംഗികതയേയും ഈ പട്ടികയില്‍ സൗദി സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  രാജ്യത്തുള്ള എല്ലാ തരത്തിലുമുള്ള തീവ്രവാദവും അസ്വീകാര്യമാണ്. രാജ്യസുരക്ഷക്കാണ് മുഖ്യ പരിഗണനയെന്നും സൗദി അറേബ്യ പറയുന്നു. ഇസ്ലാമിലെ ഭിന്ന ധാരകളെ അവിശ്വാസികളായി ചിത്രീകരിക്കുന്ന തക്ഫീറിനെക്കുറിച്ചും അനിമേറ്റഡ് ക്ലിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.  

അതേ സമയം, സൗദി സ്ഥിര താമസ പദ്ധതിയുടെ ഭാഗമായുള്ള പ്രീമിയം ഇഖാമ, മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷ നല്‍കിയ 73 പേര്‍ക്ക് അനുവദിച്ചിട്ടുണ്ട്. സൗദിയില്‍ താമസിക്കുന്നവരും പുറത്തുള്ളവരുമായി 19 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ സ്ഥിരം ഇഖാമ അനുവദിച്ച് തുടങ്ങിയത്. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും. കുടുംബത്തോടൊപ്പം സൗദിയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, മറ്റു സാമ്പത്തിക ബിസിനസ് രംഗത്തുള്ളവര്‍ എന്നിവര്‍  ഇഖാമ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആയിരക്കണക്കിന് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി  ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് തങ്ങുന്നവരായാലും പുറത്ത് നിന്നുള്ളവരായാലും പ്രീമിയം ഇഖാമ സെന്റര്‍ അനുശാസിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്ന ആര്‍ക്കും രാജ്യത്ത് സ്ഥിര താമസമാക്കുകയാണ് ഈ സംവിധാനമെന്ന് പ്രീമിയം സെന്റര്‍ സിഇഒ ബന്ദര്‍ അല്‍ അയ്ദ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മുന്‍തൂക്കം നല്‍കി നിക്ഷേപിക്കാനോ സ്ഥിരതാമസമാക്കാനോ ലോകത്തെ മികച്ച കേന്ദ്രമായി സൗദി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ  സമ്പന്നമായ ചരിത്രവും വൈവിധ്യവും നൂതനമായ അടിസ്ഥാന സൗകര്യങ്ങളും ഇതിനുതകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.