കേരളം എന്താ ഇന്ത്യയില്‍ അല്ലേ? ഞങ്ങളുടെ ഉത്തരവിനെ മറികടക്കാന്‍ ഹൈക്കോടതിക്ക് ആര് അധികാരം തന്നു; കേരളത്തില്‍ നിരന്തരം ഉത്തരവുകള്‍ ലംഘിക്കുന്നു; പിണറായി സര്‍ക്കാരിനേയും ജഡ്ജിയേയും നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

Friday 6 September 2019 11:43 am IST

ന്യൂദല്‍ഹി: കണ്ടനാട് പള്ളി തര്‍ക്ക കേസില്‍ ഹൈക്കോടതി ജഡ്ജിയേയും ചീഫ് സെക്രട്ടറിയേയും അതിരൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. കണ്ടനാട് പള്ളിയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചുള്ള ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച ഹര്‍ജിയില്‍ മേലാണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അതിരൂക്ഷ പരാമമര്‍ശം. കേരളം എന്താ ഇന്ത്യയില്‍ അല്ലേയെന്നും സുപ്രീം കോടതി ഉത്തരവ് മറികടന്ന് പുതിയ ഉത്തരവ് ഇറക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ആര് അധികാരം തന്നെന്നും സുപ്രീം കോടതി. സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവിറക്കാന്‍ ഹൈകോടതി ജഡ്ജി ഹരിപ്രസാദ് ആരാണ് എന്ന് സുപ്രീംകോടതി ചോദിച്ചു. ജുഡിഷ്യല്‍ അച്ചടക്കം എന്നത് ജഡ്ജിക്ക് അറിയില്ലേ. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കി. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണം എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു. കണ്ടനാട് പള്ളിയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സുപ്രീം കോടതി ഉത്തരവുകള്‍ കേരളത്തില്‍ നിരന്തരം ലംഘിക്കപ്പെടുന്നതായും ജസ്റ്റിസ് അരുണ്‍ മിശ്ര കുറ്റപ്പെടുത്തി. സുപ്രീം കോടതി ഉത്തരവ് എല്ലാം നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലേ എന്നും കോടതി. 

നേരത്തേ, സഭ തര്‍ക്കക്കേസില്‍ കോടതി വിധി നടപ്പാക്കത്തതിനെതിരേ ഓര്‍ത്തഡോക്സ് സഭ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. 2017ലെ സുപ്രീം കോടതി വിധി ഇതുവരെ നടപ്പായില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. വിധി നടപ്പാക്കുന്നതിനു പകരം മന്ത്രിസഭാ സമിതിയെ നിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പോലീസിന്റെ സഹായത്തോടെ പള്ളികളില്‍ സമാന്തരഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തില്‍ എത്തിയ പാത്രിയാര്‍ക്കീസ് ബാവയെ സര്‍ക്കാര്‍ അതിഥിയാക്കി. ഇതടക്കം നിരവധി ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. 

മലങ്കര സഭാ തര്‍ക്ക കേസില്‍ ഭരണഘടനയുടെ അസല്‍ ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമാണ് ഇപ്പോള്‍ ഓര്‍ത്തഡോക്സ് സഭയെ സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്. സര്‍ക്കാരിന്റെ ആവശ്യം കടുത്ത കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സഭ സുപ്രീംകോടതിയെ സമീപിച്ചത്. അതേ സമയം സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സഭ സര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു. 

 

ഓര്‍ത്തഡോക്സ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് 2017 ലെ സുപ്രീംകോടതി വിധി നടപ്പാക്കണമെങ്കില്‍ 1934 ലെ സഭാഭരണഘടനയുമായി കാതോലിക്കാ ബാവ നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ ആവശ്യം കടുത്ത കോടതിയലക്ഷ്യമാണെന്നാണ് സഭയ്ക്ക് ലഭിച്ചിരുന്ന നിയമോപദേശം. ഈ സാഹചര്യത്തിലാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്കെതിരേ ഓര്‍ത്തഡോക്സ് സഭ സുപ്രീംകോടതിയെ സമീപിച്ചത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.