ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നത് മാറ്റി; അത് നിലനില്‍ക്കില്ലെന്നും, എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാമെന്നും സുപ്രീംകോടതി

Friday 16 August 2019 12:49 pm IST

ന്യൂദല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുള്ളതില്‍ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിഗണിക്കുന്നത് മാറ്റിയത്. ഇപ്പോള്‍ അത് നിലനില്‍ക്കില്ലെന്നും, എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, എസ്.എ. നസീര്‍ അടങ്ങുന്ന പ്രത്യേക ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. അതേസമയം വിഷയത്തില്‍ അഭിഭാഷകനായ എംഎല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ തെറ്റുണ്ടെന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഒന്നര മണിക്കൂര്‍ വായിച്ചിട്ടും തനിക്കൊന്നും മനസ്സിലായില്ല. ഹര്‍ജി കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ഗുരുതര പിഴവുകള്‍ ഉണ്ട്. ഇത് തള്ളാത്തത് ഇതേവിഷയത്തിലെ മറ്റ് ഹര്‍ജികളെ ബാധിക്കുന്നതിനാലും, മോശം സന്ദേശം പുറത്തു പോകും എന്നതിനാലാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.  

ഹര്‍ജി തയ്യാറാക്കുന്ന സമയത്ത് താന്‍ അപകടത്തില്‍പ്പെട്ട് വിശ്രമിക്കുകയായിരുന്നു. അതിനാല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനോ സുപ്രീംകോടതി രജിസ്റ്ററിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് പരിശോധിക്കാനോ സാധിച്ചില്ല. തെറ്റ് തിരുത്തി ഹര്‍ജി വീണ്ടും സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും എം.എല്‍ ശര്‍മ്മ അഭ്യര്‍ത്ഥിച്ചു. അതേസമയം കശ്മീര്‍ വിഷയത്തിലെ നാല് ഹരജികളിലും പ്രശ്‌നങ്ങളുണ്ടെന്ന് സുപ്രീംകോടതി രജിസ്റ്ററി ഓഫിസ് അറിയിച്ചു. ആറു ഹരജികളാണ് ആകെ സമര്‍പ്പിച്ചത്. ഇതില്‍ പിശകുള്ള രണ്ട് ഹര്‍ജികള്‍ തിരുത്തി സമര്‍പ്പിച്ചെന്നും ഓഫീസര്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ ജമ്മു കശ്മീരിലെ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ബാസിനും ഇതുമായി ബന്ധപ്പെട്ട് ഹര്‍ ജി നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.