ഇനിമുതല്‍ സുപ്രീം കോടതിയില്‍ സ്ഥിരം ഭരണഘടനാ ബെഞ്ച്; മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ അംഗങ്ങളാകുന്ന സ്ഥിരം ബെഞ്ച് അടുത്തമാസം ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

Saturday 21 September 2019 9:36 am IST

ന്യൂദല്‍ഹി : സുപ്രീംകോടതിയില്‍ സ്ഥിരം ഭരണഘടനാ ബഞ്ച് രൂപീകരിക്കാന്‍ തീരുമാനമായി. മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ അംഗങ്ങളാകുന്ന സ്ഥിരം ബെഞ്ചിനാണ് രൂപം നല്‍കുന്നത്. ഭരണഘടനയും അതുമായി ബന്ധപ്പെട്ട നിര്‍ണായകമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് ഇത്തരത്തില്‍ ഒരു ബെഞ്ചിന് രൂപം നല്‍കുന്നത്. 

ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയ ബഞ്ച് നിലവില്‍ വരിക. എഴുപത് വര്‍ഷത്തെ കോടതി വ്യവഹാര നടപടികളില്‍ ആദ്യമായാണ് ഭരണഘടനാബഞ്ച് രൂപീകരിക്കുന്നത്. കൂടുതല്‍ ജഡ്ജിമാരെത്തുന്ന സാഹചര്യത്തിലാണ് ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ ബഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിച്ചത്. ഭരണഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വന്നാല്‍, ആദ്യം സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്ന രണ്ടംഗബഞ്ച്, മൂന്നംഗബഞ്ചിലേക്കും അവിടെ നിന്ന് തീര്‍ത്തും പ്രധാനപ്പെട്ടവ ഭരണഘടനാ ബഞ്ചിലേക്കും കൈമാറുകയായിരുന്നു പതിവ്. ഓരോ കേസിനും ഓരോ ഭരണഘടനാ ബഞ്ച് രൂപീകരിക്കുകയാണ് ചെയ്യാറ്. 

എന്നാല്‍ ജഡ്ജിമാരുടെ സമയം പാഴാക്കിക്കൊണ്ട് പല തലങ്ങളില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പകരം എന്ന നിലയിലാണ് പുതിയ ബെഞ്ചിന് രൂപം നല്‍കുന്നത്. ഭരണഘടനയുമായി ബന്ധപ്പെട്ട് വ്യാഖ്യാനവും തര്‍ക്കവുമുള്ള കേസുകള്‍ ഇനി നേരിട്ട് ഭരണഘടനാ ബഞ്ചിലേക്ക് പോകും. 

1950 ല്‍ ചീഫ് ജസ്റ്റിസുള്‍പ്പടെ വെറും എട്ട് പേര്‍ മാത്രമായിരുന്നു സുപ്രീംകോടതിയിലുണ്ടായിരുന്നത്. ന്യായാധിപരുടെ എണ്ണം ഇപ്പോള്‍ 34 ആണ്. കേസുകളുടെ എണ്ണം അനുസരിച്ച് ന്യായാധിപരുടെ എണ്ണം കൂട്ടാമെന്ന പാര്‍ലമെന്റിന്റെ പുതിയ നിയമഭേദഗതി അനുസരിച്ച് സുപ്രീംകോടതിയിലേക്ക് കൂടുതല്‍ ന്യായാധിപരെത്തുകയാണ്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കിയിരുന്നു. നിലവില്‍ 37 കേസുകളാണ് സുപ്രീംകോടതിയിലെ വിവിധ ഭരണഘടനാബഞ്ചുകള്‍ പരിഗണിക്കുന്നത്. ഇത് പരിഗണിക്കാനാണ് സ്ഥിരം സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.