ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി; ഒറ്റ രാത്രി കൊണ്ട് ഒന്നും ചെയ്യാനാകില്ല; സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കൂ; ഒരു ജീവന്‍ പോലും നഷ്ടമാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Tuesday 13 August 2019 3:15 pm IST

ജമ്മുകശ്മീരില്‍ 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഇടപെടാതെ സുപീം കോടതി. ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കണം. ഇക്കാര്യത്തില്‍ കോടതിക്ക് ഉടന്‍ ഇടപെടാനാവില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, എം.ആര്‍.ഷാ, അജയ് റസ്‌തോഗി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. വാര്‍ത്താവിനിമയ നിയന്ത്രണങ്ങളിലും  ഇടപെടാന്‍ കോടതി വിസമ്മതിച്ചു. എത്രകാലം കശ്മീരില്‍ നിലവിലെ സാഹചര്യം തുടരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് ചോദിച്ചു. 

 കേന്ദ്ര സര്‍ക്കാര്‍ എല്ലാ വശങ്ങളും നിരീക്ഷിച്ചു വരിക ആണ്. 2016 ല്‍ സമാനം ആയ സാഹചര്യം ഉണ്ടായപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രവിധേയം ആക്കാന്‍ മൂന്ന് മാസം വേണ്ടി വന്നു. ഇത്തവണ അത്ര സമയം വേണ്ടി വരില്ല എന്നാണ് പ്രതീക്ഷ. ഒരു പക്ഷെ ദിവസങ്ങള്‍ക്ക് ഉള്ളില്‍ ശാന്തമാകും. എല്ലാ ദിവസവും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുകയാണ്. സ്ഥിതി മെച്ചമാകുന്നതോടെ നിയന്ത്രണങ്ങള്‍ നീക്കുമെന്നും എജി. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ഒരു ജീവന്‍ പോലും നിയന്ത്രണങ്ങള്‍ മൂലമോ സുരക്ഷ സംവിധാനങ്ങള്‍ മൂലമോ നഷ്ടപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ അതാത് ജില്ലകളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും പ്രാദേശിക സ്ഥിതിയനുസരിച്ച് നിരോധനങ്ങള്‍ നീക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ജമ്മുകശ്മീരില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേയ്ക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഒരു രാത്രികൊണ്ട് ഒന്നും ചെയ്യാനാവില്ല. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഇപ്പോള്‍ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കുകയാണ് വേണ്ടത്. കശ്മീരിലേത് ഒരു വൈകാരികമായ വിഷയമാണ്- കോടതി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങളും മറ്റു കര്‍ശന നടപടികളും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നീക്കത്തെ ചോദ്യംചെയ്തുകൊണ്ട് തഹ്‌സീന്‍ പൂനവാല എന്നയാളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കര്‍ഫ്യൂ, ഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ എന്നിവ അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങിയ സര്‍ക്കാര്‍ നടപടികള്‍ പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.