മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ടും, പിഴയും ചുമത്തി

Tuesday 12 November 2019 4:37 pm IST

ന്യൂദല്‍ഹി : പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ദല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപാണ് തരൂരിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 

കേസില്‍ തരൂരും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. നവംബര്‍ 27നകം കോടതിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചക്കുള്ളില്‍ വാറണ്ട് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. കൂടാതെ 5000 രൂപ പിഴയടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിചാരണ വേളയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പരാതിക്കാരനായ ബിജെപി നേതാവ് രാജീവ് ബാബ്ബാറിനോടും 500 രൂപ പിഴ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

2018 ഒക്ടേബര്‍ 28ന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ശശി തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ  ശിവലിംഗത്തിലെ തേള്‍ എന്ന് ഉപമിച്ചായിരുന്നു പ്രസ്താവന. ഇത് വിവാദമായതോടെ ബിജെപി ശശി തരൂരിനെതിരെ പരാതി നല്‍കുകയായിരുന്നു. ശശി തരൂര്‍ മതവികാരം വ്രണപ്പെടുത്തുന്ന വിധത്തില്‍ പരാമര്‍ശിച്ചെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.