എസ്ഡിഎഫിലെ 10 എംഎല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നു; സിക്കിമിലും ബിജെപിക്ക് സ്വന്തമായി സര്‍ക്കാര്‍ രൂപികരിക്കാനായേക്കും

Tuesday 13 August 2019 8:43 pm IST

ന്യുദല്‍ഹി: സിക്കിമിലെ പ്രതിപക്ഷ കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ 10 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.  സിക്കിമിലെ പ്രതിപക്ഷ പാര്‍ട്ടിയായ എസ്ഡിഎഫിലെ അംഗസംഖ്യ അഞ്ചായി കുറഞ്ഞു. ഇതോടെ സിക്കിമില്‍ ബിജെപിക്ക് സ്വന്തമായി സര്‍ക്കാര്‍ രൂപികരിക്കാനായേക്കും.

32 അംഗ സിക്കിം നിയമസഭയിലേക്ക് ഈ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ഏറെക്കാലം അധികാരത്തിലിരുന്ന എസ്.ഡി.എഫിനെ പരാജയപ്പെടുത്തി സിക്കിം ക്രാന്തികാരി മോര് ( എസ്.കെ.എം) അധികാരത്തിലെത്തി. എസ്.ഡി.എഫ് 15 സീറ്റും എസ്.കെ.എം 17 സീറ്റുമാണ് നേടിയിരുന്നത്. സിക്കിമില്‍ അധികാരത്തിലുള്ള എസ്.കെ.എം ബിജെപിയുടെ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമാണ്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിക്കാതിരുന്ന ഏക സംസ്ഥാനമായിരുന്നു സിക്കിം.സിക്കിമില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പാര്‍ട്ടിയാണ് എസ്.ഡി.എഫ്. പവന്‍കുമാര്‍ ചാംലിങ് ആണ് പാര്‍ട്ടിയുടെ നേതാവ്. ഇദ്ദേഹമാണ് രാജ്യത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി.

മറ്റ് ആറുസംസ്ഥാനങ്ങളിലും ബിജെപി രൂപീകരിച്ച നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് ആണ് അധികാരത്തിലുള്ളത്. ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയില്‍ നിന്ന് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ജനറല്‍സെക്രട്ടറി രാം മാധവ് ചടങ്ങില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.